തിരുവനന്തപുരം: അവസരങ്ങളുടെ കലവറയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി സൃഷ്ടിക്കുന്നതെന്ന് വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി . നിരവധി തൊഴിലവസരങ്ങൾക്കൊപ്പം വിദേശനാണ്യവും സാമ്പത്തിക നേട്ടവും വിഴിഞ്ഞം സമ്മാനിക്കുന്നു. വ്യവസായ രാജ്യങ്ങളുടെ പുരോഗതിയിൽ പ്രധാന പങ്കുവഹിച്ചത് അവിടെയുള്ള അന്താരാഷ്ട തുറമുഖങ്ങളാണ്. ആ നേട്ടമാണ് വിഴിഞ്ഞത്തിലൂടെ സംസ്ഥാനം കൈവരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ആഭ്യന്തര ഉത്പന്നങ്ങൾ മറ്റു രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുമ്പോൾ വിദേശനാണ്യ ശേഖരം വർധിക്കുന്നതിനൊപ്പം വാണിജ്യ പ്രാധാന്യം ഉയരും. വികസിത രാജ്യങ്ങൾ സാമ്പത്തികശേഷി കൈവരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കയറ്റുമതിയുടെ കരുത്താണ്. ചെറുകിട വ്യവസായിക ഉൽപന്നങ്ങൾ വിദേശ മാർക്കറ്റുകളിലെത്തിച്ച് പണം സമ്പാദിക്കുന്നു. കൈത്തറി മേഖലയ്ക്ക് പ്രാധാന്യമുള്ള ബാലരാമപുരത്തെ ഉൽപന്നങ്ങൾ ലോകവിപണിയിൽ എത്തുന്ന കാലം വിദൂരമല്ല. നാട്ടിലെ ഉത്പന്നങ്ങൾ വിദേശവിപണിയിൽ എത്താനുള്ള സൗകര്യമാണ് വിഴിഞ്ഞം ഒരുക്കുന്നതെന്ന് വിഴിഞ്ഞം കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ ശിലാസ്ഥാപനം ബാലരാമപുരം ട്രിവാൻഡ്രം സ്പിന്നിങ് മിൽസിൽ നിർവഹിച്ച് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു.
സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ആണ് വിഴിഞ്ഞം കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ നിർമിക്കുന്നത്. തുറമുഖം വഴിയുള്ള ചരക്കുനീക്കം സുഗമമാക്കാനും കസ്റ്റംസ് ക്ലിയറൻസ് ഉൾപ്പെടെയുള്ള സേവനം വേഗത്തിലാക്കാനും പുതിയ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ സഹായിക്കും. കാർഗോ കൈകാര്യം ചെയ്യൽ, കസ്റ്റംസ് ക്ലിയറൻസ്, വെയർഹൗസിംഗ്, ഗതാഗതം, ഡോക്യുമെന്റേഷൻ, കൊറിയർ സർവീസുകൾ, ഫ്രൈറ്റ് ഫോർവേഡിംഗ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് തുടങ്ങിയ വിവിധ മേഖലകളിൽ പുതിയ തൊഴിൽ അവസരങ്ങൾ തുറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ട്രിവാൻഡ്രം സ്പിന്നിങ് മിൽസിന്റെ പ്രാധാന്യം നിലനിർത്തിയാണ് വിഴിഞ്ഞം ഫ്രൈറ്റ് സ്റ്റേഷൻ സ്ഥാപിക്കുന്നതെന്ന് അധ്യക്ഷൻ എം വിൻസെന്റ് എംഎൽഎ പറഞ്ഞു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കെഎം അനിൽ മുഹമ്മദ്, കസ്റ്റംസ് കമ്മീഷണർ ടി ടിജു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.







