മോദിക്ക് ഇന്ന് 76-ാം പിറന്നാള്‍; ‘സേവാ ദിവസ്’ ആയി ആചരിക്കാൻ ബിജെപി,

0
2

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനവും അദ്ദേഹത്തിന്റെ 25 വർഷത്തെ പൊതുജീവന സേവനവും പ്രമാണിച്ച് രാജ്യം മുഴുവൻ വിപുലമായ ആഘോഷ പരിപാടികളുമായി ബിജെപി. സെപ്റ്റംബർ 17 വ്യാഴാഴ്ചയായ ഇന്ന് രാജ്യത്തുടനീളം ‘സേവാ ദിവസ്’ ആയാണ് പാർട്ടി ഈ ദിനം ആഘോഷിക്കുന്നത്. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച്, വ്യാഴാഴ്ച ആരംഭിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ് അഭിയാൻ്റെ’ ഭാഗമായി ബിജെപി രാജ്യത്തുടനീളം ‘സേവാ ദിവസ്’ ആചരിക്കാൻ ഒരുങ്ങുകയാണ്,” ബിജെപി അധ്യക്ഷൻ നിതിൻ നബിൻ പറഞ്ഞു.

ഈ കാമ്പയിൻ്റെ കീഴിൽ, പ്രധാനമന്ത്രി മോദിയുടെ ജന്മദിനവും അദ്ദേഹത്തിൻ്റെ രാജ്യത്തോടുള്ള പ്രതിബദ്ധതയുടെയും പൊതുസേവനത്തിൻ്റെയും 25 മഹത്തായ വർഷങ്ങളും അടയാളപ്പെടുത്തുന്നതിനായി രാജ്യത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈക്ക് റാലി

പ്രധാനമന്ത്രിയുടെ ജന്മനാടായ ഗുജറാത്തിലെ വടനഗറിൽ നിന്ന് ആരംഭിച്ച് അദ്ദേഹത്തിൻ്റെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരണാസിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ ഇന്ന് ബൈക്ക് റാലി നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റാലി ഫ്ലാഗ് ഓഫ് ചെയ്യും.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്‌ വാരണാസിയിൽ നിന്ന് വടനഗറിലേക്കുള്ള മറ്റൊരു ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്യും. ഈ ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ എന്നിവർ പങ്കെടുക്കും.

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ മധ്യപ്രദേശിലെ ഉജ്ജൈനിൽ പ്രധാനമന്ത്രിക്കായി പ്രത്യേക പൂജകൾ നടത്തും. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് അദ്ദേഹം മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രശസ്തമായ മഹാകലേശ്വർ ക്ഷേത്രത്തിലെ ‘ഭസ്മ ആരതി’യിലും പങ്കെടുക്കും. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം വിപുലമായ ശുചീകരണ ക്യാമ്പയിനുകൾ ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കും.

700-ലധികം കേന്ദ്രങ്ങളിൽ ‘ആശീർവാദ വിളക്കുകൾ’ തെളിയിക്കാൻ ബിജെപി പദ്ധതിയിടുന്നുണ്ട്. വൈകുന്നേരത്തോടെ രാജ്യത്തെ 700-ലധികം കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകര്‍ പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനും ദീർഘായുസ്സിനുമായി ദീപം തെളിയിക്കും.

ജീവകാരുണ്യ പ്രവർത്തനങ്ങളും മെഗാ രക്തദാന ക്യാമ്പും

ബിജെപി ദേശീയ അധ്യക്ഷൻ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് രാജ്യവ്യാപകമായ മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഇതിനൊപ്പം നിർധനരായ രോഗികൾക്ക് മെഡിക്കൽ സഹായം എത്തിക്കാനും ബിജെപി പ്രവർത്തകർ രംഗത്തുണ്ട്.

രാജ്യവ്യാപക ശുചീകരണ യജ്ഞം

പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് മുൻനിർത്തി, രാജ്യത്തെ പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലും ബിജെപി നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

ജന്മദിനത്തിലും ഔദ്യോഗിക തിരക്കുകളിൽ പ്രധാനമന്ത്രി
ആഘോഷങ്ങൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വ്യാപൃതനായിരിക്കും. ഡൽഹി ദ്വാരകയിലെ യശോഭൂമിയിൽ (IICC) നടക്കുന്ന സെമികോൺ ഇന്ത്യ 2026′ അഞ്ചാം പതിപ്പിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here