കുഞ്ഞോമനകൾക്ക് മുലപ്പാൽ നൽകുമ്പോൾ അമ്മമാർ അനുഭവിക്കുന്ന വേദനയും ബുദ്ധിമുട്ടുകളും പലപ്പോഴും വലിയ ആശങ്കകൾക്ക് കാരണമാകാറുണ്ട്. ഇതിന് പ്രധാന കാരണം കുഞ്ഞുങ്ങളിലെ ‘ടങ് ടൈ’ ആണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ പൂർണമായും ശരിയല്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. മുലയൂട്ടൽ സമയത്തെ എല്ലാ പ്രശ്നങ്ങളും ടങ് ടൈ കാരണമല്ലെന്നും ഇതിന് കൃത്യമായ പരിശോധനകൾ അനിവാര്യമാണെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
നവജാത ശിശുക്കൾക്ക് മുലപ്പാൽ നൽകുന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണെങ്കിലും പലപ്പോഴും ഇത് എളുപ്പമാകണമെന്നില്ല. വേദനയോടുകൂടിയ മുലയൂട്ടൽ, കുഞ്ഞിന് പാൽ വലിച്ചുകുടിക്കാൻ കഴിയാത്ത അവസ്ഥ, കൂടുതൽ സമയം പാലൂട്ടേണ്ടി വരിക, ആദ്യ ആഴ്ചകളിൽ കുഞ്ഞിന് ഭാരം വർധിക്കാതിരിക്കുക തുടങ്ങിയ നിരവധി ബുദ്ധിമുട്ടുകൾ അമ്മമാർ നേരിടാറുണ്ട്. സമീപകാലത്തായി ടങ് ടൈ അഥവാ അങ്കൈലോഗ്ലോസിയ എന്ന അവസ്ഥയെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. മുലയൂട്ടൽ പ്രശ്നങ്ങൾക്ക് കാരണം ഇതാണോ എന്ന് മാതാപിതാക്കൾ സംശയിക്കുന്നത് സ്വാഭാവികമാണെന്ന് ഗ്രേറ്റർ നോയിഡയിലെ മദർഹുഡ് ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടൻ്റ് നിയോനാറ്റോളജിസ്റ്റും പീഡിയാട്രിക്സ് ഇൻ്റൻസിവിസ്റ്റുമായ ഡോ. ഭാവന മാലിക് വ്യക്തമാക്കി. എന്നാൽ നാവിനടിയിലെ ഫ്രെനുലം എന്ന നേർത്ത ചർമം കാണുന്ന എല്ലാ കുഞ്ഞുങ്ങൾക്കും മുലയൂട്ടൽ പ്രശ്നങ്ങൾ ഉണ്ടാകണമെന്നില്ല. അതുപോലെ മുലയൂട്ടാൻ ബുദ്ധിമുട്ടുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ടങ് ടൈ ആയിരിക്കണമെന്നും ഇല്ലെന്ന് അവർ കൂട്ടിച്ചേർത്തു.
എന്താണ് ടങ് ടൈ?
നാവിനടിയിലുള്ള ഫ്രെനുലം എന്ന ചർമം നാവിൻ്റെ ചലനത്തെ നിയന്ത്രിക്കുന്ന അവസ്ഥയാണ് ടങ് ടൈ. ഇത് ചില കുഞ്ഞുങ്ങളിൽ മുലയൂട്ടലിന് ആവശ്യമായ നാവിൻ്റെ ചലനങ്ങളെ തടസ്സപ്പെടുത്തിയേക്കാം. കൃത്യമായ മുലയൂട്ടൽ പിന്തുണ നൽകിയിട്ടും പരിഹരിക്കാൻ കഴിയാത്ത ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന അവസ്ഥയെയാണ് സിംപ്റ്റമാറ്റിക് അങ്കൈലോഗ്ലോസിയ എന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർവചിക്കുന്നത്. എന്നാൽ ഈ അവസ്ഥയുള്ള പല കുഞ്ഞുങ്ങളും യാതൊരു ചികിത്സയും കൂടാതെ തന്നെ നന്നായി മുലപ്പാൽ കുടിക്കാറുണ്ടെന്നതാണ് യാഥാർഥ്യം.
കുഞ്ഞിനെ കിടത്തുന്ന രീതിയിലെ പിഴവുകൾ, മാസം തികയാതെയുള്ള ജനനം, പാൽ വലിച്ചുകുടിക്കാനുള്ള ബുദ്ധിമുട്ട്, വായുടെ ഘടനയിലുള്ള വ്യത്യാസങ്ങൾ, അമ്മയുടെ സ്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പാൽ ഉത്പാദനത്തിലെ കുറവ് എന്നിവ കാരണവും മുലയൂട്ടൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്ന് ഡോ. മാലിക് വിശദീകരിച്ചു. അതിനാൽ ഫ്രെനുലത്തിൻ്റെ രൂപം മാത്രം നോക്കി രോഗനിർണയം നടത്തരുത്. കുഞ്ഞിൻ്റെ നാവിൻ്റെ ചലനം, പാൽ കുടിക്കാനുള്ള കഴിവ്, അമ്മയുടെ ബുദ്ധിമുട്ടുകൾ, പാലൂട്ടുന്ന സമയം, കുഞ്ഞിൻ്റെ ഭാരവർധന എന്നിവ വിലയിരുത്തണം. ആരോഗ്യവിദഗ്ധർ നേരിട്ട് മുലയൂട്ടൽ പ്രക്രിയ നിരീക്ഷിച്ച് പ്രശ്നങ്ങൾ മനസ്സിലാക്കുന്നതാണ് ഏറ്റവും അനുയോജ്യം.
മുലയൂട്ടൽ വിദഗ്ധരുടെ സഹായം തേടാം
വിദഗ്ധരുടെ സഹായത്തോടെ മുലയൂട്ടൽ രീതികളിൽ മാറ്റം വരുത്തിയാൽ മിക്ക പ്രശ്നങ്ങളും പരിഹരിക്കാനാകും. കുഞ്ഞിനെ ശരിയായ രീതിയിൽ കിടത്തുക, പാലൂട്ടുന്ന രീതി മെച്ചപ്പെടുത്തുക, കൃത്യമായ ഇടവേളകളിൽ പാൽ നൽകുക എന്നിവയിലൂടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. എന്നാൽ ഇത്തരം പിന്തുണകൾ നൽകിയിട്ടും ഫ്രെനുലം മുലയൂട്ടലിനെ സാരമായി ബാധിക്കുന്നുണ്ടെങ്കിൽ മാത്രം ഫ്രെനോട്ടമി എന്ന ലഘു ശസ്ത്രക്രിയ പരിഗണിക്കാവുന്നതാണ്. ഫ്രെനുലത്തിൻ്റെ രൂപം നോക്കിയല്ല, മറിച്ച് പാൽ കുടിക്കാനുള്ള കുഞ്ഞിൻ്റെ ബുദ്ധിമുട്ടുകൾ വിലയിരുത്തി വേണം ഇതിന് തീരുമാനമെടുക്കാൻ.
സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളോ ചിത്രങ്ങളോ വീഡിയോകളോ കണ്ട് മാതാപിതാക്കൾ സ്വന്തമായി തീരുമാനങ്ങൾ എടുക്കരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. സാധാരണ ഫ്രെനുലത്തിൻ്റെ രൂപത്തിൽ പല വ്യത്യാസങ്ങളും ഉണ്ടാകാം. കാഴ്ചയിലുള്ള വ്യത്യാസം കൊണ്ട് മാത്രം കുഞ്ഞിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് പറയാനാകില്ല. പോസ്റ്റീരിയർ ടങ് ടൈ എന്ന വാക്ക് കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ലെന്നും അത് മാത്രം ശസ്ത്രക്രിയയ്ക്കുള്ള കാരണമായി കാണരുതെന്നും അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് വ്യക്തമാക്കുന്നുണ്ട്.
അമ്മയും കുഞ്ഞും തമ്മിലുള്ള സങ്കീർണമായ ആശയവിനിമയമാണ് മുലയൂട്ടൽ. തുടർച്ചയായ വേദന, പാൽ കുടിക്കാനുള്ള ബുദ്ധിമുട്ട്, ഭാരക്കുറവ് എന്നിവ കണ്ടാൽ ടങ് ടൈ ആണെന്ന് സംശയിക്കുന്നതിന് മുൻപ് തന്നെ കൃത്യമായ പരിശോധനകൾ നടത്തണം. മാതാപിതാക്കൾ പരിഭ്രാന്തരാകാതെ പീഡിയാട്രിഷ്യൻ, നിയോനാറ്റോളജിസ്റ്റ് അല്ലെങ്കിൽ മുലയൂട്ടൽ വിദഗ്ധരുടെ സഹായം തേടണം. കുഞ്ഞിന് ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്നും ഭാരം വർധിക്കുന്നുണ്ടെന്നും അമ്മയ്ക്ക് ബുദ്ധിമുട്ടുകളില്ലാതെ മുലയൂട്ടാൻ കഴിയുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.









