കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) വികസനത്തിൻ്റെ വേഗം കുറയ്ക്കണമെന്ന ചർച്ചകൾ സജീവമാകുന്നതിനിടെ, എഐ സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ വ്യക്തമാക്കി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ എഐ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ശാസ്ത്രീയ ഗവേഷണങ്ങളെ വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ മനുഷ്യരാശിക്ക് ഭീഷണിയാകുമെന്ന ആശങ്കകൾക്കിടെയാണ് ഗൂഗിൾ സിഇഒയുടെ ഈ വിശദീകരണം പുറത്തുവന്നിരിക്കുന്നത്. നിർമിത ബുദ്ധിയുടെ വികസനം സുരക്ഷിതവും ഉത്തരവാദിത്തപൂർണ്ണവുമായ രീതിയിലായിരിക്കണമെന്ന് ഗൂഗിൾ എക്കാലവും വാദിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് പുതിയ കണ്ടെത്തലുകൾ സുതാര്യമായി ഗവേഷകർക്ക് ലഭ്യമാക്കുന്നത്.
തൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച ബ്ലോഗ് പോസ്റ്റിലാണ് ഗൂഗിളിൻ്റെ പുതിയ എഐ പദ്ധതികളെക്കുറിച്ചും അവയുടെ പ്രായോഗിക ഉപയോഗങ്ങളെക്കുറിച്ചും സുന്ദർ പിച്ചൈ വിശദീകരിച്ചത്. ആരോഗ്യം, പ്രകൃതിദുരന്തങ്ങളെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും നേരിടാനുള്ള ശേഷി, പഠനം, സാമ്പത്തിക അവസരങ്ങൾ എന്നീ നാല് പ്രധാന മേഖലകളിലാണ് ഗൂഗിൾ നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകജനസംഖ്യയുടെ 86 ശതമാനം വരുന്ന ഏതാണ്ട് 700 കോടി ആളുകൾ സംസാരിക്കുന്ന മുന്നൂറിലധികം ഭാഷകളെ ഗൂഗിളിൻ്റെ എഐ സാങ്കേതികവിദ്യകൾ ഇപ്പോൾ പിന്തുണയ്ക്കുന്നുണ്ട്.
ഗവേഷണരംഗത്തെ കുതിച്ചുചാട്ടം
ശാസ്ത്രീയ ഗവേഷണങ്ങളിലും ആരോഗ്യമേഖലയിലും എഐയുടെ ഉപയോഗം എടുത്തുകാണിച്ച പിച്ചൈ, മനുഷ്യൻ്റെ ജീനോമിലെ സാധ്യമായ 900 കോടി ഒറ്റ അക്ഷര ജനിതക മാറ്റങ്ങൾ ആൽഫാജീനോം അറ്റ്ലസ് ഉപയോഗിച്ച് മാപ്പ് ചെയ്തതായി അറിയിച്ചു. ഈ വിവരങ്ങൾ ഗവേഷകർക്കായി തുറന്നുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ആളുകൾ എഐ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്ന എഐ ആൻഡ് ഇക്കോണമി അറ്റ്ലസ് പ്രസിദ്ധീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥാ പ്രവചനവും പ്രതിസന്ധി നേരിടലും
കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ നൽകുന്ന ആഗോള കാലാവസ്ഥാ എഐ മോഡലായ വെതർനെക്സ്റ്റ് 3 ഗൂഗിൾ അവതരിപ്പിച്ച കാര്യവും സിഇഒ എടുത്തുപറഞ്ഞു. ഏറ്റവും നൂതനവും കൃത്യതയുമുള്ള ഈ മോഡൽ വഴി ഒരു ദിവസം മുൻപ് തന്നെ മഴയുടെ സാധ്യതകൾ 50 ശതമാനം കൂടുതൽ കൃത്യതയോടെ പ്രവചിക്കാൻ സാധിക്കും. ഗൂഗിളിൻ്റെ ഉത്പന്നങ്ങളിൽ ഇത് ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ട്. ആഗോള ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമൂഹിക സാമ്പത്തിക വിവരങ്ങൾ എന്നിവ സംയോജിപ്പിച്ച് പ്രതിസന്ധികൾ മുൻകൂട്ടി കാണുന്നതിനായി പ്ലാനറ്ററി പ്രെഡിക്ഷൻ എൻജിൻ എന്ന സംവിധാനവും ഗൂഗിൾ വികസിപ്പിച്ചിട്ടുണ്ട്. കോംഗോയിൽ പടർന്നുപിടിച്ച എബോള രോഗബാധയുടെ സമയത്തും, അമേരിക്കയിലെ ദുർബലരായ സമൂഹങ്ങളെ കണ്ടെത്തുന്നതിനായി സിഡിസിയുടെ 21 ആരോഗ്യ സൂചികകളിലും ഈ സംവിധാനം വിജയകരമായി ഉപയോഗിച്ചതായി ഗൂഗിൾ ബ്ലോഗിൽ വ്യക്തമാക്കുന്നു.
എഐ നൽകുന്ന സാധ്യതകൾ അംഗീകരിക്കുമ്പോഴും, അതിൻ്റെ ഗുണങ്ങൾ പൂർണ്ണമായും ഉറപ്പുനൽകാനാവില്ലെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. വെല്ലുവിളികളും അപകടസാധ്യതകളും പരിഹരിച്ചുകൊണ്ട് എഐയുടെ നേട്ടങ്ങൾ യാഥാർഥ്യമാക്കാൻ സമൂഹം ഒന്നിച്ചുനിൽക്കേണ്ടതുണ്ട്. എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുന്ന ഇടങ്ങളിലും സമൂഹങ്ങളിലും അത് ഉപയോഗിക്കാതിരിക്കുന്ന അവസ്ഥ ഒഴിവാക്കേണ്ടത് പ്രധാനമാണെന്നും, അല്ലാത്തപക്ഷം അത് നിലവിലുള്ള സാമൂഹിക പ്രശ്നങ്ങളും വിടവുകളും കൂടുതൽ വഷളാക്കാൻ കാരണമാകുമെന്നും ബ്ലോഗിൽ പറയുന്നു. സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗം ഉറപ്പാക്കാൻ സർക്കാരുകളും ടെക് കമ്പനികളും സംയുക്തമായി പ്രവർത്തിക്കണമെന്ന സന്ദേശവും ഈ കുറിപ്പിലൂടെ ഗൂഗിൾ നൽകുന്നുണ്ട്.






