രാസവളം വില കുത്തനെ മേലേക്ക്; ആശങ്കയില്‍ കാര്‍ഷിക മേഖല,

0
4

വയനാട്: സംസ്ഥാനത്ത് രാസവളങ്ങൾക്ക് വൻ വിലവർധനവ്. ഇതോടെ കടുത്ത പ്രതിസന്ധിയിലായി കർഷകർ. കൂടുതലായി ഉപയോഗിക്കുന്ന ഫാക്‌ടംഫോസ്, പൊട്ടാഷ്, എന്നിവയ്ക്കും തുരിശിനും വില ഇരട്ടിയോളമാണ് വർധിച്ചത്. കാർഷിക ഉത്‌പന്നങ്ങൾക്ക് ന്യായവില ലഭിക്കാത്ത സാഹചര്യത്തില്‍ വളത്തിന്‍റെ വിലയിലുണ്ടായ വര്‍ധനവ് കര്‍ഷകര്‍ക്ക് അമിത ഭാരമുണ്ടാക്കുന്നുണ്ട്. വില കുതിച്ചുയർന്നതോടെ നാളെ സംസ്ഥാന വ്യാപകമായി ഹെഡ് പോസ്റ്റ് ഓഫിസുകളിലേക്ക് മാർച്ചും ധർണയും നടത്താൻ ഒരുങ്ങുകയാണ് കർഷക സംഘടനകൾ.

ദിനംപ്രതി നഷ്‌ടങ്ങളുടെ കണക്ക് മാത്രം പറയാനുള്ള കർഷകന്‍റെ നടുവൊടിക്കുന്ന രീതിയിലാണ് രാസവളങ്ങളുടെ വില കുതിച്ചുയരുന്നത്. കർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫാക്‌ടംഫോസ്, പൊട്ടാഷ്, തുരിശ് എന്നിവയ്ക്കാണ് പ്രധാനമായും വില വർധിച്ചത്. ഇറാൻ യുദ്ധവും കേന്ദ്ര സർക്കാർ രാസവള കമ്പനികൾക്ക് നൽകിയിരുന്ന സബ്‌സിഡി കുറച്ചതുമാണ് ഈ അപ്രതീക്ഷിത വിലക്കയറ്റത്തിന് കാരണം. കടത്തുകൂലി കമ്പനികൾ നൽകാത്തതും പ്രതിസന്ധി ഇരട്ടിയാക്കുന്നുണ്ട്.

വിലവിവര കണക്കുകള്‍ ഇങ്ങനെ

കഴിഞ്ഞ ഫെബ്രുവരിയിൽ 1,425 രൂപയായിരുന്നു ഒരു ചാക്ക് ഫാക്‌ടംഫോസിന്. എന്നാല്‍ ഇപ്പോൾ 2,350 രൂപയാണ് വില. 1,500 രൂപയുണ്ടായിരുന്ന പൊട്ടാഷിന് 2,300 രൂപയായി. കുമിൾനാശിനിയായ തുരിശിന്‍റെ വില ഇരട്ടിയിലധികമാണ് വർധിച്ചത്. 210 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ 540 രൂപ നൽകണം. എന്നാൽ നിലവിൽ സബ്‌സിഡി ഉള്ളതിനാൽ യൂറിയയ്ക്ക് മാത്രമാണ് വില വർധിക്കാത്തത്. താങ്ങാനാകാത്ത ഈ വിലക്കയറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കർഷക സംഘടനകൾ.

സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം

കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാളെ ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തുക. രാവിലെ 11ന് മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് നിന്നും മാര്‍ച്ച് ആരംഭിക്കും. 500 ഓളം പ്രവര്‍ത്തകര്‍ മാര്‍ച്ചി പങ്കെടുക്കും. ധര്‍ണ ഡിസിസി പ്രസിഡന്‍റ് ടിജെ ഐസക് ഉദ്ഘാടനം ചെയ്യും.

കോണ്‍ഗ്രസ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കള്‍ എന്നിവര്‍ സംസാരിക്കും. ഉത്‌പന്നങ്ങൾക്ക് ന്യായവില ലഭിക്കാത്തതിനൊപ്പം ഉത്‌പാദന ചെലവ് ഇരട്ടിയാകുന്നത് കാർഷിക മേഖലയെ പൂർണമായും തകർക്കുന്ന അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്. വില നിയന്ത്രണം കേന്ദ്ര സർക്കാരിന്‍റെ പരിധിയിൽ ആണെങ്കിലും സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തണമെന്നാണ് കർഷകരുടെ ആവശ്യം. അടിയന്തരമായി സബ്‌സിഡി പുനഃസ്ഥാപിച്ച് വില നിയന്ത്രിച്ചില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലാണിപ്പോള്‍ കർഷകർ.

LEAVE A REPLY

Please enter your comment!
Please enter your name here