ആഗോളതലത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ മാസമായി ഓഗസ്റ്റ് മാറിയെന്ന് യൂറോപ്യൻ യൂണിയൻ്റെ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ്. സമുദ്രോപരിതല താപനിലയും അഭൂതപൂർവമായ വർധനയാണ് രേഖപ്പെടുത്തിയത്. പശ്ചിമ യൂറോപ്പിലെ ഏറ്റവും ചൂടേറിയ വേനൽക്കാലത്തിനാണ് ഇതോടെ അവസാനമായത്.
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം മനുഷ്യരാശി അവസാനിപ്പിക്കുന്നത് വരെ ഭൂമി കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. കോപ്പർനിക്കസിൻ്റെ നിരീക്ഷണങ്ങൾ 1940 മുതലുള്ളതാണെങ്കിലും, മഞ്ഞുകട്ടകൾ, മരങ്ങളിലെ വളയങ്ങൾ, പവിഴപ്പുറ്റുകൾ എന്നിവയിൽ നിന്നുള്ള തെളിവുകൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ ഒരു ലക്ഷം വർഷങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഇപ്പോഴുള്ളതെന്ന് കോപ്പർനിക്കസിൻ്റെ മേൽനോട്ടം വഹിക്കുന്ന യൂറോപ്യൻ സെൻ്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ്സിലെ സാമന്ത ബർഗസ് വാർത്ത ഏജൻസിയായ എഎഫ്പിയോട് വ്യക്തമാക്കി.
ഓഗസ്റ്റിലെ ആഗോള ശരാശരി താപനില 16.96 ഡിഗ്രി സെൽഷ്യസായിരുന്നു. 2023 ജൂലൈയിൽ രേഖപ്പെടുത്തിയ മുൻ റെക്കോർഡിനേക്കാൾ 0.01 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്. വ്യത്യാസം വളരെ നേരിയതായതിനാൽ രണ്ട് മാസങ്ങളും തുല്യമായ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയതെന്ന് കോപ്പർനിക്കസ് വിലയിരുത്തുന്നു. കൽക്കരി, എണ്ണ, വാതകം എന്നിവയുടെ ഉപയോഗം ഉൾപ്പെടെയുള്ള മനുഷ്യൻ്റെ ഇടപെടലുകൾ വ്യവസായവത്കരണത്തിന് മുൻപുള്ള കാലത്തേക്കാൾ ഭൂമിയെ 1.4 ഡിഗ്രി സെൽഷ്യസ് ചൂടാക്കിയെന്നും ഇത് തീവ്രമായ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് കാരണമായെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. 2025ൽ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ പുതിയ റെക്കോർഡിലെത്തിയിരുന്നു. മനുഷ്യരാശിയുടെ ഫോസിൽ ഇന്ധനങ്ങളോടുള്ള ആസക്തിയുടെയും അത് സൃഷ്ടിക്കുന്ന ആഗോള കാലാവസ്ഥ പ്രതിസന്ധിയുടെയും വിലയാണ് നാം നൽകുന്നതെന്ന് യുഎൻ കാലാവസ്ഥ വിഭാഗം മേധാവി സൈമൺ സ്റ്റീൽ പറഞ്ഞു.
സമുദ്രങ്ങളെയും ബാധിച്ചു
ആഗോള സമുദ്രോപരിതല താപനിലയും ഓഗസ്റ്റിൽ പുതിയ റെക്കോർഡിലെത്തി. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന അധിക താപത്തിൻ്റെ 90 ശതമാനത്തിലധികവും സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്. ഇത് കരയെ അമിതമായ ചൂടിൽ നിന്ന് രക്ഷിക്കുന്നുണ്ടെങ്കിലും സമുദ്രജീവികൾക്കും തീരദേശ സമൂഹങ്ങൾക്കും കനത്ത തിരിച്ചടിയാണ് നൽകുന്നത്. അറ്റ്ലാൻ്റിക്, മെഡിറ്ററേനിയൻ, ഉഷ്ണമേഖലാ പസഫിക് സമുദ്രങ്ങളിൽ താപനില റെക്കോർഡുകൾ ഭേദിച്ചു. ആധുനിക കാലത്തെ ഏറ്റവും ശക്തമായ എൽനിനോ പ്രതിഭാസം പസഫിക് സമുദ്രത്തിൽ രൂപപ്പെട്ടുവരികയാണ്. ഇത് പെറുവിലെ വെള്ളപ്പൊക്കം മുതൽ ആഫ്രിക്കയിലെ വരൾച്ചയ്ക്കും ഓസ്ട്രേലിയയിലെ കാട്ടുതീയ്ക്കും വരെ കാരണമാകുന്നുണ്ട്.
ഡിസംബറോടെ എൽനിനോ അതിൻ്റെ പാരമ്യത്തിലെത്തുമ്പോൾ വരും മാസങ്ങളിലും താപനില റെക്കോർഡുകൾ ഭേദിക്കപ്പെടുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. 2026ലും 2027ലും ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ട്. കാലാവസ്ഥ വ്യതിയാനം ഓരോ എൽനിനോയെയും കൂടുതൽ ചൂടുള്ളതാക്കുന്നുണ്ടെന്നും കൽക്കരി, എണ്ണ, വാതകം എന്നിവയുടെ ഉപയോഗം നിർത്തുന്നത് വരെ ഈ അവസ്ഥ തുടരുമെന്നും ലണ്ടനിലെ ഇംപീരിയൽ കോളജിലെ കാലാവസ്ഥ ശാസ്ത്രജ്ഞയായ ഫ്രെഡറിക് ഓട്ടോ വ്യക്തമാക്കി.
ചുട്ടുപൊള്ളി യൂറോപ്പും അമേരിക്കയും
2003ലെ റെക്കോർഡ് മറികടന്ന് പശ്ചിമ യൂറോപ്പിലെ ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് ഓഗസ്റ്റിൽ അവസാനിച്ചതെന്ന് കോപ്പർനിക്കസ് റിപ്പോർട്ടിൽ പറയുന്നു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ തുടർച്ചയായ ഉഷ്ണതരംഗങ്ങളെ തുടർന്ന് സ്കൂളുകൾ അടച്ചുപൂട്ടുകയും നദികൾ വറ്റിവരളുകയും കാട്ടുതീ പടരുകയും ചെയ്തു. ജൂലൈ പകുതി മുതൽ ഓഗസ്റ്റ് പകുതി വരെ യൂറോപ്പിൽ 32,000ത്തിലധികം മരണങ്ങൾ അധികമായി സംഭവിച്ചതായി യൂറോമോമോ മോണിറ്ററിങ് പ്ലാറ്റ്ഫോം കണക്കാക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിൻ്റെ സ്വാധീനമില്ലാതെ ജൂണിൽ ഇത്രയും ശക്തമായ ഉഷ്ണതരംഗം ഉണ്ടാകില്ലായിരുന്നുവെന്ന് വേൾഡ് വെതർ ആട്രിബ്യൂഷൻ നെറ്റ്‌വർക്കിലെ ശാസ്ത്രജ്ഞർ നിഗമനത്തിലെത്തി.
അമേരിക്കയിലും ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് കടന്നുപോയതെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കോപ്പർനിക്കസ് ഡാറ്റയുടെ അടിസ്ഥാനത്തിൽ ഏകദേശം 90 കോടി ജനങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ ജൂലൈ മാസത്തിലൂടെ കടന്നുപോയത്. യൂറോപ്പിൽ മാത്രമല്ല, ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലും ഒരു നൂറ്റാണ്ടോളമായി നിലനിന്നിരുന്ന റെക്കോർഡുകൾ തകർന്ന അസാധാരണമായ വേനൽക്കാലമാണിതെന്ന് സാമന്ത ബർഗസ് പറഞ്ഞു. ആഗോളതലത്തിൽ വാതകങ്ങൾ പുറന്തള്ളുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ കാലാവസ്ഥ കൂടുതൽ തീവ്രമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.








