ക്യാൻസറിന് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് പുകയിലയുടെ ഉപയോഗം. ഇത് 15 മുതൽ 20 വരെ വ്യത്യസ്‌ത തരം ക്യാൻസറുകൾക്ക് കാരണമാകുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് വായ, തൊണ്ട, അന്നനാളം എന്നിവിടങ്ങളിൽ. രാജ്യത്ത് ഓരോ വർഷവും ഏകദേശം 70,000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ദേശീയ കുടുംബാരോഗ്യ സർവേയിലാണ് ഇക്കാര്യം പറയുന്നത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അഞ്ചിൽ ഒരാൾ പുകയില ഉപഭോഗം കാരണം രോഗിയാവുകയാണ്. ശ്വാസം മുട്ടൽ മുതൽ അർബുദം വരെ ഇതിൽ ഉൾപ്പെടുന്നു. ഹരിയാനയിലെ റോഹ്തക്, ഝജ്ജാർ തുടങ്ങിയ സ്ഥലങ്ങളാണ് നിലവിൽ ഹോട്ട്‌സ്‌പ്പോട്ടായി പട്ടികപ്പെടുത്തിയരിക്കുന്നത്. അതേസമയം പുകയില ഉപയോഗം കൂടുതലുള്ള സംസ്ഥാനം മിസോറാമാണ്. രാജ്യത്ത് ഏകദേശം 267 ദശലക്ഷം പേർ ലഹരി അടിമകളാണ്.
ഇതില്‍ 26 ശതമാനം പേര്‍ സിഗരറ്റും ബീഡിയും വലിക്കുന്നവരാണ്. അതേസമയം 74 ശതമാനം പേര്‍ ഖൈനി, ഗുട്‌ക, സര്‍ദ എന്നിവ ചവയ്‌ക്കുന്നവരാണ്. ഇത്തരം വസ്‌തുക്കളുടെ ഉപയോഗം 2034 ആകുമ്പോഴേക്കും 988000 ടണ്ണിലെത്തുമെന്നും പഠനങ്ങള്‍ പറയുന്നു. ഇതിൻ്റെ അനന്തര ഫലമായി കാൻസർ രോഗികളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുകയില വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കിയിട്ടും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക ഉളവാക്കുകയാണ്. ഡൽഹി ഉൾപ്പെടെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാൻ മസാലയിൽ പുകയിലയോ നിക്കോട്ടിനോ ചേർക്കുന്നത് പൂർണമായും നിരോധിച്ചിരിക്കുന്നു. എന്നാൽ അവ മുഴുവനായി പരിഹരിക്കപ്പെട്ടില്ല എന്നതാണ് വാസ്‌തവം.
പല പേരുകളിൽ ചെറിയ പാക്കറ്റുകളിൽ ഇവ വിൽപ്പന നടത്തുന്നതാണ് ഇതിൻ്റെ പ്രധാന കാരണം. അതുപോലെയാണ് ഗുട്‌ക വിതരണവും. അതേസമയം പുകയില രഹിത പാൻ മസാല സുരക്ഷിതമാണെന്ന് ഒരു തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. എന്നാൽ വാസ്‌തവം അതല്ല. പാൻ മസാലയിൽ ഉപയോഗിക്കുന്ന പ്രധാന ചേരുവയായ വെറ്റില, ഗ്രൂപ്പ് 1 കാർസിനോജൻ തുടങ്ങിയവ കാൻസറിന് കാരണമാകുന്ന പദാർഥങ്ങളാണ്. ഇത് ഓറൽ, ശ്വാസകോശ, ആമാശയ അർബുദ സാധ്യതയാണെന്ന് വിദഗ്‌ധർ എടുത്തുകാണിക്കുന്നു. മറ്റൊരു പ്രതിസന്ധി സറോഗേറ്റ പരസ്യങ്ങളാണ്. നേരിട്ട് പരസ്യം ചെയ്യാൻ നിയമപരമായ തടസങ്ങളുള്ള ഉത്‌പന്നങ്ങൾ, അവയോട് സാമ്യമുള്ള മറ്റൊരു ഉത്‌പന്നത്തിൻ്റെ പേരിൽ പരോക്ഷമായി പ്രചരിപ്പിക്കുന്ന രീതിയാണിത്.
ഇത്തരം മാർഗങ്ങളിലൂടെ കമ്പനികൾ അവരുടെ ബ്രാന്‍ഡുകളുടെ പേര് ജനങ്ങൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നു. നിരോധനം ഉണ്ടായിരുന്നിട്ടും ഗുട്‌കയും അടക്കമുള്ള ഉത്‌പന്നങ്ങളും കരിഞ്ചന്തയിൽ എളുപ്പത്തിൽ ലഭ്യമാണ്. എന്തിനേറെ പറയണം പലചരക്ക് കടകൾ വരെ ഇത്തരം ഉത്‌പന്നങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ടെന്നാണ് വാസ്‌തവം. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിൽ പുകയില ഉത്‌ന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഇത് നിർത്താൻ സാധിച്ചിട്ടില്ല. എന്നാല്‍ ലഹരിമരുന്നുകളുടെ കാര്യത്തില്‍ നിയമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കേണ്ടതുണ്ട്. മാത്രമല്ല പൊതുജനങ്ങള്‍ ഇതുസംബന്ധിച്ച് ബോധവത്‌ക്കരണം നല്‍കുന്നതും ഗുണകരമാകും.
പുകയില ഉപഭോഗം കൂടുതൽ പുരുഷന്മാരിൽ
ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേ (NFHS-6, 2023–24) പ്രകാരം, ഡൽഹിയിൽ 15 വയസിന് മുകളിലുള്ള പുരുഷന്മാരിൽ 21.3 ശതമാനം പേർ പുകയില ഉപയോഗിക്കുന്നു. അതേസമയം 1.7 ശതമാനം സ്‌ത്രീകൾ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ഓറൽ കാൻസർ കേസുകളിൽ 60 ശതമാനവും പുകയിലയുമായി ബന്ധപ്പെട്ടതാണെന്ന് ഇന്ത്യൻ ക്യാൻസർ സൊസൈറ്റി പ്രസിഡൻ്റ് ജ്യോത്സ്ന ഗോവിൽ പറയുന്നു. സിഗരറ്റുകൾ മാത്രമല്ല ബീഡി, ഖൈനി ഉപയോഗവും വർധിച്ച് വരികയാണ്.
കണക്കുകൾ പ്രകാരം ആകെ 17.8 ശതമാനം പേർ പുകയില ഉപയോഗിക്കുന്നു. അതിൽ 11.3 ശതമാനം പുകവലിക്കുന്നവരാണ്. ബാക്കി 8.8 ശതമാനം പാൻമസാല പോലുള്ളവ ഉപയോഗിക്കുന്നവരാണ്. ഡൽഹിയിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പുകയില ഉത്‌പന്നം ബീഡി (8.2%), ഖൈനി (4.9%), സിഗരറ്റ് (4.9%), ഗുട്‌ക (3.0%) എന്നിവയാണ്.
“പുകയില ഉപയോഗം വ്യക്തിഗത ആരോഗ്യത്തെ തകർക്കുക മാത്രമല്ല കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നുണ്ട്. ക്യാൻസർ, ഹൃദ്രോഗം, ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് പുകയില ഒരു പ്രധാന കാരണമാണ്. ഒരു കുടുംബത്തിലെ ആശ്രിതന് ഗുരുതരമായ രോഗം ബാധിക്കുമ്പോൾ, ദീർഘകാല ചികിത്സ, വരുമാന നഷ്‌ടം, ഉത്‌പാദനക്ഷമതയിലെ ഗണ്യമായ കുറവ് എന്നിവ മുഴുവൻ കുടുംബത്തെയും സാമ്പത്തികവും മാനസികവുമായ സമ്മർദ്ദത്തിലാക്കുന്നുവെന്ന്” ജ്യോത്സ്ന ഗോവിൽ പറഞ്ഞു.
ഞെട്ടിപ്പിക്കുന്ന കണക്കുകൾ
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം, 2017–18 വർഷത്തിൽ ഇന്ത്യയിൽ പുകയിലയുമായി ബന്ധപ്പെട്ട രോഗങ്ങളുടെയും മരണങ്ങളുടെയും ആകെ സാമ്പത്തിക ഭാരം ഏകദേശം ₹1.77 ലക്ഷം കോടി ആയിരുന്നു. അതിൽ 35നും 54നും ഇടയിൽ പ്രായമുള്ളവരായിരുന്നു കൂടുതൽ. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. പലരും ഓറൽ കാൻസർ ബാധിച്ചാണ് മരിക്കുന്നത്. അതാകട്ടെ പുകയിലയുടെ ഉപയോഗം മൂലം. ഡൽഹിയിൽ വർധിച്ചുവരുന്ന കാൻസർ രോഗബാധയെക്കുറിച്ച് ആരോഗ്യ മന്ത്രാലയവും നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാമും (എൻസിആർപി) അടുത്തിടെ പുറത്തുവിട്ട കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്.
2023ൽ ഡൽഹിയിൽ ആകെ 2,901 ഓറൽ കാൻസർ കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ഇതിൽ 2,429 പുരുഷന്മാരും 472 സ്ത്രീകളുമാണ്. എന്നാൽ 2024ൽ ഈ കണക്ക് 3,051 ആയി വർധിച്ചു. പുരുഷന്മാരിൽ 2,569, സ്ത്രീകളിൽ 482 കേസുകളും റിപ്പോർട്ട് ചെയ്‌തു. 25നും 40നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് പ്രധാന ഇരകൾ. ഇതിന് ആകെയുള്ള പരിഹാരം പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗം ഉപേക്ഷിക്കുകയെന്ന് മാത്രമാണ്.







