സവാള വിലക്കയറ്റം: ആശ്വാസമായി സർക്കാരിൻ്റെ വിപണി ഇടപെടൽ,

0
3

തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായി സർക്കാരിൻ്റെ അടിയന്തര വിപണി ഇടപെടൽ. വിലക്കയറ്റം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി കൃഷി വകുപ്പ് സംഭരിക്കുന്ന 100 ടൺ സവാളയുടെ ആദ്യഘട്ടം സംസ്ഥാനത്തെത്തി. കിലോയ്ക്ക് 35 രൂപ നിരക്കിലാണ് പൊതുജനങ്ങൾക്ക് സവാള ലഭ്യമാക്കുന്നത്.

ആദ്യഘട്ടമായി 20 ടൺ സവാളയാണ് എത്തിയിട്ടുള്ളത്. ഇതിൽ പത്ത് ടൺ വീതം തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും വിതരണം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കുള്ള ആദ്യ ലോഡിൻ്റെ ഫ്ലാഗ് ഓഫ് ഇന്ന് ഉച്ചയ്ക്ക് 1.30ന് പാളയം ഹോർട്ടികോർപ്പിൽ കൃഷിമന്ത്രി ടി സിദ്ദിഖ് നിർവഹിക്കും. വരും ദിവസങ്ങളിൽ 30 ടൺ സവാള കൂടി എത്തും. അടുത്തയാഴ്ചയോടെ 50 ടൺ കൂടി എത്തുന്നതോടെ സർക്കാർ തീരുമാനിച്ച 100 ടൺ സവാള പൂർണമായും വിപണിയിൽ ലഭ്യമാകുമെന്ന് സപ്ലൈകോ അധികൃതർ ഇടിവി ഭാരതിനോട് വ്യക്തമാക്കി.

സംയുക്ത വിതരണം

നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്) വഴിയാണ് സവാള സംഭരിച്ച് വിപണിയിൽ എത്തിക്കുന്നത്. നാസിക്, മാണ്ഡ്യ എന്നിവിടങ്ങളിൽ നിന്നാണ് ഇവ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഹോർട്ടികോർപ്പിൻ്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴിയാണ് വിതരണം.

ഇരു വകുപ്പുകളും സംയുക്തമായാണ് വിതരണ നടപടികൾ ഏകോപിപ്പിക്കുന്നത്. ഇതിന് പുറമെ ഹോർട്ടികോർപ്പിൻ്റെ മൊബൈൽ ഔട്ട്‌ലെറ്റുകളും വിൽപ്പനയ്ക്കായി പ്രയോജനപ്പെടുത്തും. സംഭരിക്കുന്ന സവാള നശിച്ചുപോകാതിരിക്കാൻ വാഴക്കുളത്ത് കൃഷിവകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള സംഭരണ സൗകര്യങ്ങൾ സജ്ജമാക്കും.

സംസ്ഥാനത്തെ വിവിധ വിപണികളിൽ സവാള വില ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ. കൃഷിമന്ത്രി ടി സിദ്ദിഖ്, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് വിപണി ഇടപെടലിന് തീരുമാനമെടുത്തത്. സാധാരണയായി ഓണത്തിന് ശേഷം പച്ചക്കറി വില കുറയുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. എന്നാൽ ഇത്തവണ പ്രധാന ഉത്പാദന കേന്ദ്രങ്ങളിൽ പോലും വില വൻതോതിൽ ഉയർന്നുനിൽക്കുന്നതിനാലാണ് സർക്കാർ അടിയന്തര ഇടപെടലിലേക്ക് കടന്നതെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ് ഇടിവി ഭാരതിനോട് പറഞ്ഞു. ഇനിയും വില നിയന്ത്രണ നടപടികൾ സംസ്ഥാനത്താകെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണക്കാലത്തെ ഇടപെടൽ

കഴിഞ്ഞ ഓണക്കാലത്തും പച്ചക്കറി വില നിയന്ത്രിക്കുന്നതിനായി സർക്കാർ സജീവമായി ഇടപെട്ടിരുന്നു. കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വിഎഫ്പിസികെ എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ 2,000 പച്ചക്കറി ചന്തകളാണ് അന്ന് തുറന്നത്. ഈ വിപണി ഇടപെടലിലൂടെ പച്ചക്കറി വിലയിൽ 38 ശതമാനം വരെ കുറവ് വരുത്താൻ കഴിഞ്ഞതായാണ് കൃഷി വകുപ്പിൻ്റെ വിലയിരുത്തൽ. വിലക്കയറ്റം തടയുന്നതിനായി ഹോർട്ടികോർപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഇരുപത് ലക്ഷത്തിലധികം കിലോഗ്രാം കാർഷികോത്പന്നങ്ങൾ സംഭരിച്ച് വിപണിയിൽ എത്തിച്ചിരുന്നു. വരും ദിവസങ്ങളിലും സവാളയ്ക്ക് പുറമെ മറ്റ് അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാനും കർശന നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here