മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി.

0
4

നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന് പരാതിയിൽ ബേപ്പൂര്‍ എംഎല്‍എ പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജു നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിച്ച മുഹമ്മദ് റിയാസ് നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാണ് പരാതി. ഭാര്യയ്ക്ക് ഏതെങ്കിലും കമ്പനികളുമായി കരാറോ, മറ്റ് ബസിനസ് ബന്ധങ്ങളോ ഉണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം. വീണ നികുതി ഒടുക്കിയതിന്റെ കണക്കും കാണിച്ചിട്ടില്ല.

വീണയ്ക്ക് ലഭിച്ച വരുമാനത്തില്‍ സിഎംആര്‍എല്ലില്‍ നിന്ന് വാങ്ങിയതും, വീണ നികുതി ഒടുക്കിയതുമായ തുകയുടെ കണക്കുമില്ല. നാമനിര്‍ദേശപത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചതിന് റിയാസിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ നേരത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് നാഗരാജു തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി മുഹമ്മദ് റിയാസിനോടും വീണയോടും നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here