കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും മര്യാദകളിലും ആശയവിനിമയത്തിലും IIM പരിശീലനം;

0
3

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് മാനേജുമെന്റ് പരിശീലനം നൽകാൻ കോഴിക്കോട് ഐ ഐ എം. ഇതിനായി കെഎസ്ആർടിസിയും ഐഐഎമ്മും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. കെ എസ് ആർ ടി സിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും ഉയർത്തുന്നതിനായാണ് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി സർക്കാർ സഹകരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനും മാനേജ്മെന്റ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുമുള്ള ധാരണാപത്രത്തിന്റെ നടപടികൾ ആരംഭിച്ചു.

ഗതാഗത മന്ത്രി സിപി ജോണിന്റെയും ഐ ഐ എം ഡയറക്ടറുടെയും കെഎസ്ആർടിസി സിഎംഡിയുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. കെഎസ്ആർടിസി തയ്യാറാക്കിയ ധാരണാപത്രത്തിന്റെ കരട് ഐ ഐ എം ഡയറക്ടർക്ക് ഇതിനകം കൈമാറി.

 

മര്യാദയോടെയുള്ള ഇടപെടൽ, മികച്ച ആശയവിനിമയം

കെഎസ്ആര്‍ടിസിയുടെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് മാനേജ്മെന്റ് പരിശീലനവും നേതൃത്വ വികസനവും നൽ‌കുക എന്നതാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഐ.ടി, സാങ്കേതികം, അക്കൗണ്ട്സ് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് പുറമെ യാത്രക്കാരുമായി നേരിട്ട് ഇടപെടുന്ന ഡ്രൈവർമാർ , കണ്ടക്ടർമാർ , സ്റ്റേഷൻ മാസ്റ്റർമാർ തുടങ്ങിയവർക്കും പ്രത്യേക പരിശീലനം നൽകും. ആശയവിനിമയം, മര്യാദ, സുരക്ഷാബോധം എന്നിവയ്ക്ക് പുറമെ സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവരോടുള്ള മെച്ചപ്പെട്ട സേവനവും പരിശീലനത്തിൽ ഉൾപ്പെടുത്തും. പരിശീലന ഫീസ്, പഠനസാമഗ്രികൾ, താമസ സൗകര്യം എന്നിവയുൾപ്പെടെയുള്ള വിശദമായ രൂപരേഖ ഐ ഐ എം സമർപ്പിച്ചിട്ടുണ്ട്.

പരിശീലനത്തിൽ ഒതുങ്ങുന്നില്ല പദ്ധതികൾ

യാത്രക്കാരുടെ അഭിപ്രായ സർവേകൾ, ഓൺലൈൻ സേവനങ്ങളുടെ വിപുലീകരണം, നിർമിത ബുദ്ധി, ഡാറ്റാ അനലിറ്റിക്സ് എന്നിവയുടെ സഹായത്തോടെയുള്ള സംവിധാനങ്ങളും ഇതിന്റെ ഭാഗമായി വികസിപ്പിക്കും. വിഴിഞ്ഞം തുറമുഖം, ദേശീയപാത വികസനം എന്നിവയിലൂടെയുണ്ടാകുന്ന പുതിയ ലോജിസ്റ്റിക്സ് സാധ്യതകൾ കെ എസ് ആർ ടി സിക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള പഠനങ്ങളും നടത്തും. ഐ ഐ എം വിദ്യാർഥികൾക്ക് കെ എസ് ആർ ടി സിയിൽ ഇന്റേൺഷിപ്പിനും അവസരമുണ്ടാകും.

​കെ എസ് ആർ ടി സിയെ കാര്യക്ഷമമായ പൊതുഗതാഗത സംവിധാനമാക്കി മാറ്റുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ബസുകളുടെ ആധുനികവൽക്കരണം, കെ എസ് ആർ ടി സി സ്വിഫ്റ്റ് പ്രവർത്തനങ്ങൾ, ഡിപ്പോ നവീകരണം തുടങ്ങിയ പദ്ധതികൾക്ക് ഈ സഹകരണം കരുത്തേകുമെന്ന് സിഎംഡി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here