മണ്‍സൂണ്‍ മഴയിൽ ‘പൊള്ളി’ ഇന്ത്യ;

0
3

ഈ വർഷത്തെ മൺസൂൺ മഴ നേപ്പാൾ, ഒഡീഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ വെല്ലുവിളികളാണ് ഉയർത്തിയത്. പെട്ടെന്നുള്ള കനത്ത മഴ മൂലം വെള്ളപ്പൊക്കം രൂക്ഷമായി, നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു, അടിസ്ഥാന സൗകര്യങ്ങൾക്ക് പോലും കേടുപാടുകൾ സംഭവിച്ചു.

കർഷകർ, പച്ചക്കറി വിൽപ്പനക്കാർ ഉൾപ്പെടെ നിരവധി സാധാരണക്കാരെ കാലാവസ്ഥാ പ്രതിസന്ധി ബാധിച്ചു. അധിക മഴ മൂലം പഴങ്ങൾ എളുപ്പത്തിൽ ചീഞ്ഞുപോകുകയും വിളകൾക്ക് നാശനഷ്‌ടമുണ്ടാവുകയും ചെയ്‌തു. കൃഷിയിടങ്ങളിലും വിപണികളിലും ഗാർഹിക ബജറ്റുകളിലും കാലാവസ്ഥാ പ്രതിസന്ധിയുടെ ആഘാതം അനുഭവപ്പെടുന്നുണ്ട്.

ബിഹാറിലെ 20 ജില്ലകൾക്ക് കനത്ത മഴ മുന്നറിയിപ്പ്

വെള്ളപ്പൊക്കം മൂലം നേപ്പാളിൽ നാശനഷ്‌ടങ്ങൾ ഉണ്ടായതിന് പിന്നാലെ ബീഹാറിലെ ഖഗരിയ, ചമ്പാരൻ എന്നിവയുൾപ്പെടെ സ്ഥലങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ ഒന്നുവരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബിഹാറിലെ എട്ട് ജില്ലകൾ അതീവ ജാഗ്രതയിലാണ്. ഓഗസ്റ്റ് 29 നും 31 നും ഇടയിൽ പശ്ചിമ ബംഗാളിലും ജാർഖണ്ഡിലും ചില പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചേക്കാം. നിലവിലുള്ള കാലാവസ്ഥാ സംവിധാനങ്ങൾ ദുർബലമാകുന്നതോടെ മധ്യ, കിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മഴ കുറയാനിടയാകുമെന്നാണ് കാലാവസ്ഥാ പ്രവചനമെങ്കിലും വരും ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യത നിലനിൽക്കുന്നു.

വെള്ളപ്പൊക്ക ഭീതിയിൽ ഒഡീഷയിലെ ജനങ്ങൾ

ഒഡീഷയിലെ മൂന്ന് ജില്ലകളിലായി ഏകദേശം 76,000 പേർ ഇപ്പോഴും വെള്ളപ്പൊക്കത്തിൻ്റെ പിടിയിലാണ്. കേന്ദ്രപാര, ഭദ്രക്, ജാജ്‌പൂർ എന്നിവയെല്ലാം ദുരിതബാധിത ജില്ലകളാണ്. ഈ മൺസൂണിൽ സംസ്ഥാനം ഇതിനകം രണ്ട് വട്ടം വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചു. ഓഗസ്റ്റ് പതിമൂന്നാം തിയ്യതിയുണ്ടായ രണ്ടാമത്തെ വെള്ളപ്പൊക്കം 1,895 ഗ്രാമങ്ങളിലായി 13,50,306 ആളുകളെയാണ് ബാധിച്ചത്.

എന്നിരുന്നാലും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിൻ്റെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എല്ലാ പ്രധാന നദികളിലെയും ജലനിരപ്പ് ഇപ്പോൾ കുറഞ്ഞു, അപകടനിലയ്ക്ക് താഴെയാണ്. എന്നാൽ സെപ്റ്റംബർ രണ്ട് വരെ ഒഡീഷയിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നതിനാൽ സ്ഥിതി വീണ്ടും ദുഷ്‌കരമായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here