നേപ്പാളിൽ വീണ്ടും പ്രളയമുന്നറിയിപ്പ്,ചൈനയിൽ ഭൂചലനം, ടിബറ്റിൽ അണക്കെട്ട് തകർന്നു;

0
8

ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ നേപ്പാളിൽ വീണ്ടും മിന്നൽപ്രളയ മുന്നറിയിപ്പ്. ടിബറ്റിലെ അണക്കെട്ട് തകർന്നതിനെ തുടർന്ന് നേപ്പാളിലെ ത്രിശൂലി മേഖലയിൽ നിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുകയാണ്. അതിനിടെ നേപ്പാളിലെ വിവിധ ജില്ലകളിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 469 ആയി ഉയർന്നു.

തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ലോങ്ചാങ് നഗരത്തിലാണ് 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ചൈന എർത്ത്‌ക്വേക് നെറ്റ്‌വർക്ക് സെൻ്ററിനെ ഉദ്ധരിച്ച് സിജിടിഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ടിബറ്റ് ഭാഗത്തുള്ള അണക്കെട്ട് വീണ്ടും തകർന്നതായി നേപ്പാൾ പൊലീസ് മുന്നറിയിപ്പ് നൽകിയത്. നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതിനാൽ ത്രിശൂലി മേഖലയിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് പൊലീസ് എക്സിലൂടെ നിർദേശിച്ചു. രക്ഷാപ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ജാഗ്രതാ നിർദേശമുണ്ട്.

രക്ഷാപ്രവർത്തനം ഊർജിതം
പ്രതികൂല കാലാവസ്ഥയിലും നേപ്പാൾ സൈന്യത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ജനപ്രതിനിധി സഭയിലെ പ്രതിപക്ഷ നേതാവ് ഭീഷ്മ രാജ് ആങ്ഡെംബെ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ഭൂപ്രകൃതി വലിയ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും സൈന്യവും ഹെലികോപ്റ്റർ സംഘങ്ങളും പൂർണ സജ്ജരാണ്. ഫെഡറൽ, പ്രവിശ്യാ, പ്രാദേശിക സർക്കാരുകൾ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. സൈന്യത്തിൻ്റെ രണ്ട് ഹെലികോപ്റ്ററുകൾക്ക് പുറമെ സ്വകാര്യ മേഖലയിൽ നിന്നുള്ളവയും രക്ഷാദൗത്യത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ത്രിശൂലിയിൽ നിന്ന് രസുവയിലേക്കുള്ള റോഡ് നിർമാണം താത്കാലികമായി നിർത്തിവച്ചു. പ്രദേശത്തുണ്ടായിരുന്ന മുഴുവൻ ജെസിബികളും തിരികെ വിളിച്ചു. കാഠ്മണ്ഡുവിൽ നിന്നുള്ള പ്രത്യേക സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. രസുവയിലേക്കുള്ള പാത പൂർണമായും തകർന്ന നിലയിലാണെന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പ്രാദേശിക ഭരണകൂടത്തിൻ്റെയും സർക്കാരിൻ്റെയും സഹായം ആവശ്യമാണെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. വെള്ളം വീണ്ടും ഉയരുന്നതിനാലാണ് പണികൾ നിർത്തിവച്ചതെന്ന് ജെസിബി ഡ്രൈവറും വ്യക്തമാക്കി.

സർവതും നഷ്ടപ്പെട്ട് ജനങ്ങൾ
ത്രിശൂലി, ധോബി അരുവികളിൽ നിന്ന് 50 അടിയോളം ഉയരത്തിലാണ് വെള്ളം ഇരച്ചെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. വീടുകളും കടകളും ഉൾപ്പെടെ സർവതും നഷ്ടപ്പെട്ട അവസ്ഥയിലാണ് ജനങ്ങൾ. ചെളിയിൽ കുടുങ്ങിയ പലരും ഏറെ പണിപ്പെട്ടാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയത്. മാർക്കറ്റ് പ്രദേശം പൂർണമായും ഒലിച്ചുപോയെന്നും നിരവധി പേരെ കാണാതായിട്ടുണ്ടെന്നും ദൃക്‌സാക്ഷികൾ വിവരിച്ചു.

നേപ്പാളിലെ രസുവ ജില്ലയിലുൾപ്പെടെയുണ്ടായ മിന്നൽപ്രളയത്തിൽ ഇതുവരെ 469 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 1545 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ചിത്വാൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ഇവിടെ നിന്ന് 178 മൃതദേഹങ്ങൾ കണ്ടെടുത്തു. എൻപി ഈസ്റ്റിൽ 110 പേരും ഗൂർഖയിൽ 44 പേരും നുവാകോട്ടിൽ 37 പേരും മരിച്ചു. ധാഡിങ്ങിൽ 33, തനഹുനിൽ 28, എൻപി വെസ്റ്റിൽ 27, രസുവയിൽ 12 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണനിരക്ക്. രസുവയിൽ നിന്ന് 644 പേരെയും നുവാകോട്ടിൽ നിന്ന് 898 പേരെയും ധാഡിങ്ങിൽ നിന്ന് മൂന്ന് പേരെയും സുരക്ഷാസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. ഹിമാലയൻ മേഖലയിലുണ്ടാകുന്ന തുടർച്ചയായ അതിതീവ്ര മഴയും അയൽരാജ്യങ്ങളിലെ അണക്കെട്ടുകളുടെ തകർച്ചയും നേപ്പാളിൻ്റെ ദുരന്തവ്യാപ്തി വർധിപ്പിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here