ശബരിമല: ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താ ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നട തുറന്നു ദീപം തെളിച്ച് ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും.
നാളെ (ഓഗസ്റ്റ് 25, ഉത്രാട ദിനം) രാവിലെ രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. തുടർന്ന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്കുശേഷം ഒന്നിന് നടയടയ്ക്കും. വൈകിട്ട് 4ന് നടതുറക്കും. 6:30ന് ദീപാരാധനയ്ക്കുശേഷം പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ.
തിരുവോണ ദിവസം അയ്യപ്പഭക്തർക്കും ജീവനക്കാർക്കും തിരുവോണ സദ്യ ഉണ്ടായിരിക്കും. തിരുവോണസദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തുന്നുവെന്ന പ്രത്യേകതയാണ് ഇത്തവണയുള്ളത്. വഴിപാടുകളുടെയും ദാനങ്ങളുടെയും പേരിൽ നടക്കുന്ന പണപ്പിരിവുകൾ തടയുകയെന്ന ലക്ഷ്യമാണ് ദേവസ്വം ബോർഡ് നേരിട്ട് സദ്യ നടത്താനുള്ള തീരുമാനത്തിനുപിന്നിൽ. മുൻ വർഷങ്ങളിൽ ഉത്രാടം, ചതയം നാളുകളിലും സദ്യയുണ്ടായിരുന്നു.
ഓണത്തോടനുബന്ധിച്ചുള്ള പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 28 വെള്ളിയാഴ്ച രാത്രി 10 മണിക്ക് നട അടയ്ക്കും.
ദേവസ്വം സ്വര്‍ണത്തിന്‍റെ ശുദ്ധിപരിശോധിക്കാന്‍ ലാബ് വരും
ശബരിമലയും, ഗുരുവായൂരും ഉള്‍പ്പെടുന്ന പ്രധാന ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്‍റെ ശുദ്ധി പരിശോധിക്കാനായി ലാബ് സംവിധാനമൊരുക്കാന്‍ ദേവസ്വം ബോര്‍ഡുകളോട് സര്‍ക്കാര്‍ ആവശ്യപ്പെടും. സ്വര്‍ണവുമായി ബന്ധപ്പെട്ടുള്ള ക്രമക്കേട് ഒഴിവാക്കാൻ ദേവസ്വം സെക്രട്ടറി എംജി രാജമാണിക്യം നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ളയുടെ പശ്ചാത്തലത്തിലാണ് പഠനത്തിന് ശേഷം കഴിഞ്ഞദിവസം സെക്രട്ടറി ദേവസ്വം മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
വഴിപാട് സ്വര്‍ണത്തിന്‍റെ മാറ്റ് അറിയാനും ക്രമക്കേടും തടയാനാണ് നീക്കം. ശബരിമലയും, ഗുരുവായൂരും ഉള്‍പ്പെടുന്ന പ്രധാന ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി ലഭിക്കുന്ന സ്വര്‍ണം സ്വീകരിക്കാന്‍ കൗണ്ടറുകൾ നിർമിക്കും. നേര്‍ച്ച സ്വര്‍ണവും ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നതും വേര്‍തിരിച്ച് ലാബിലേക്ക് മാറ്റി തൂക്കവും ഗുണനിലവാരവും പരിശോധിച്ച് പ്രത്യേക ബാര്‍കോഡ് നല്‍കി സൂക്ഷിക്കാനാണ് തീരുമാനം.









