തിരുവോണത്തിനും ചതയത്തിനും ബിവറേജസ് അവധി; ഉത്രാടം, അവിട്ടം നാളുകളിൽ തിരക്കേറും

0
6

കൊച്ചി: അടുത്തടുത്ത ദിവസങ്ങളിൽ ബെവ്കോ ഔട്ട്‌ലെറ്റുകൾക്ക് അവധി വരികയാണ്. തിരുവോണ ദിവസമായ ഓഗസ്റ്റ് 26നും, ചതയദിനമായ ഓഗസ്റ്റ് 28നും ബിവറേജസ് ഷോപ്പുകൾക്ക് അവധിയായിരിക്കും. ഉത്രാടദിനത്തിലും അവിട്ടം ദിനത്തിലും ബെവ്കോ ഔട്ട്‌ലെറ്റുകൾ തുറന്ന് പ്രവർത്തിക്കും.

അതെസമയം കൺസ്യൂമർ ഫെഡിന്റെ മദ്യ വിൽപ്പനശാലകൾ തിരുവോണം നാളിലും തുറന്ന് പ്രവര്‍ത്തിക്കും.

സാധാരണ സർ‌ക്കാർ ഓഫീസുകൾക്ക് ഉത്രാടം, തിരുവോണം, അവിട്ടം എന്നീ ദിനങ്ങളിലും, ചതയദിനത്തിലും അവധിയുണ്ട്. എന്നാൽ ബെവ്കോയിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന ഈ ദിനങ്ങളിൽ ഇത്രയും അവധി ജീവനക്കാർക്ക് ലഭിക്കില്ല. കഴിഞ്ഞ ഉത്രാടദിനത്തിന് റെക്കോർഡ് വിൽപ്പനയാണ് ബെവ്കോയിൽ നടന്നത്.

2025ലെ ഓണക്കാലത്ത് ബെവ്കോ 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഓണം സീസണിലെ 10 ദിവസങ്ങളിലെ മാത്രം കണക്കാണിത്. ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയുമായിരുന്നു വിൽ‌പ്പന. 2024ലേതിനെക്കാൾ 50 കോടിയോളം രൂപയുടെ അധിക വിൽപ്പന 2025ൽ ഉണ്ടായി. 2024ൽ 776 കോടി രൂപയുടെ വിൽപ്പനയാണ് ഉണ്ടായത്.

ഉത്രാടദിനം ഏറ്റവും കൂടുതൽ മദ്യവിൽപ്പന നടക്കുന്ന ദിനമാണ്. 2025ലെ ഉത്രാട ദിനത്തിന് മാത്രം 137 കോടി രൂപയുടെ മദ്യ വിൽപ്പന ബെവ്കോയിൽ നടന്നു. 2024ലെ ഉത്രാടദിനത്തെ അപേക്ഷിച്ച് 11 കോടിയുടെ അധിക വിൽപ്പന 2025ലെ ഉത്രാടത്തിന് നടന്നു. 126 കോടിയുടെ (9.21% കൂടുതൽ) വില്‍പനയാണ് നടന്നത്.

സാമ്പത്തികമായി ഉയർന്ന പ്രകടനം കാഴ്ച വെക്കുന്ന സ്ഥാപനമായതിനാൽ തന്നെ ബെവ്കോയിൽ ലക്ഷത്തിലധികം രൂപയാണോ ഓരോ ജീവനക്കാരനും ഓണം ബോണസായി ലഭിക്കാറുള്ളത്. ഇത്തവണത്തെ പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. മുൻ വർഷത്തേക്കാൾ 2,500 രൂപ കൂടുതലാണ് ഇത്തവണ.

കഴിഞ്ഞ വർഷവും ഉയർന്ന ബോണസ് തുകയാണ് ബെവ്കോ ജീവനക്കാർക്ക് ലഭിച്ചത്. സ്ഥിരം ജീവനക്കാർക്ക് 102,500 രൂപയാണ് ബോണസായി അന്ന് ലഭിച്ചത്.

പൊതുവെ ലാഭത്തിലുള്ള ബെവ്കോ ഇത്തവണ മാത്രം നഷ്ടത്തിലാണ്. കഴിഞ്ഞ വർഷം മാർച്ച് 31-ന് ബെവ്കോ 124.10 കോടി രൂപ ലാഭം നേടിയിരുന്നതാണ്. എന്നാൽ ഗാലനേജ് ഫീ ഏർപ്പെടുത്തിയതോടെ ഇതിൽ ഇടിവ് വന്നു. ഈ വർഷം മാർച്ച് 31-ന് ബെവ്കോ 281.95 കോടി നഷ്‌ടത്തിലാണ് കണക്കുകൾ അവസാനിപ്പിച്ചത്. ഈ പ്രശ്നത്തെ സാങ്കേതികമായാണ് സർക്കാർ കാണുന്നത്. ഗാലനേജ് വിഷയം പഠിച്ച് ഫിനാൻസ് ഡിപ്പാർട്ടുമെന്റിലേക്ക് അയച്ച് അനുമതി വാങ്ങി കുറച്ചു കൊണ്ടുവരുമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here