21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്;

0
7

തിരുവനന്തപുരം: ഇത്തവണത്തെ ഓണം ആഘോഷമാക്കാൻ മെഗാ ട്രേഡ് ഫെയറും സമ്മാന പദ്ധതികളുമായി സപ്ലൈകോ. ഓണത്തോടനുബന്ധിച്ച് മൂന്നു ജില്ലകളിലാണ് മെഗാ ട്രേഡ് ഫെയർ സംഘടിപ്പിക്കുന്നത്. കോഴിക്കോട് ബീച്ചിലും, എറണാകുളം കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിലും തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിലും സ്വകാര്യ – സർക്കാർ സെക്ടറുകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ കൂടി ഉൾപ്പെടുത്തിയാണ് ഓണം മെഗാ ട്രേഡ്ഫെയർ സംഘടിപ്പിക്കുന്നത്.

ജർമ്മൻ ഹാങ്കർ സ്ട്രക്ചറിൽ, എയർകണ്ടീഷൻഡ് സൗകര്യമായിരിക്കും ഇവിടെ ഒരുക്കുക. 4000 സ്ക്വയർ ഫീറ്റിലുള്ള സപ്ലൈകോ സ്റ്റാളിനു പുറമേ, മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്‍വെയറുകൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽസ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളാണ് മൂന്നു മെഗാ ട്രേഡ് ഫെയറുകളിലുമായി ഒരുക്കുക.

കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഫെയറിൽ കുടുംബശ്രീയുടെ ഫുഡ് കോർട്ടും ഉണ്ടായിരിക്കും. മെഗാ ട്രേഡ് ഫെയർ ഓഗസ്റ്റ് 25ന് അവസാനിക്കും. രാവിലെ 10 മുതൽ വൈകീട്ട് 9 വരെ ആയിരിക്കും മെഗാ ട്രേഡ് ഫെയറുകൾ പ്രവർത്തിക്കുക. ഓണം മെഗാ ട്രേഡ് ഫെയറിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഓഗസ്റ്റ് എട്ടിന് കലൂർ സ്റ്റേഡിയം ഹെലിപ്പാഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും.

മറ്റു 11 ജില്ലകളിൽ പ്രധാന സ്ഥലങ്ങളിൽ സപ്ലൈകോയുടെ ജില്ലാ ഫെയറുകൾ സംഘടിപ്പിക്കും. മിൽമ, ഹോർട്ടികോർപ് എന്നിവയുടെ പങ്കാളിത്തം എല്ലാ ജില്ലാ ഫെയറുകളിലും ഉണ്ടായിരിക്കും. ജില്ലാ ഫെയറുകൾ ഓഗസ്റ്റ് 14ന് തുടങ്ങി 25ന് അവസാനിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും സപ്ലൈകോ ഫെയറുകൾ ഓഗസ്റ്റ് 21 മുതൽ 25 വരെ നടത്തും.

സബ്സിഡി ഉൽപ്പന്നങ്ങളുടെ ലഭ്യത

ഓണക്കാലത്തെ വിറ്റുവരവിനായുള്ള വിവിധ പയറുവർഗങ്ങളുടെയും അരി,മുളക്, വെളിച്ചെണ്ണ തുടങ്ങിയ ഉത്പന്നങ്ങളുടെയും ലഭ്യത ഓണം ഫെയറുകളിലും സപ്ലൈകോ വില്പനശാലകളിലും ഉറപ്പാക്കിയിട്ടുണ്ടെന്നു സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം അറിയിച്ചു. സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിനായി ജയാ, കുറുവ, മട്ട അരികൾ യഥാക്രമം 38,440, 30,486, 47,491 ക്വിൻ്റൽ എന്നിങ്ങനെ ആകെ 1,16,897 ക്വിൻ്റൽ സംഭരിച്ചിട്ടുണ്ട്. സബ്‌സിഡിയായി 33 രൂപ നിരക്കിലാണ് ജയാ, കുറുവ, മട്ട അരികൾ സപ്ലൈകോ വിതരണം ചെയ്യുന്നത് .

 

ഓണക്കിറ്റുകളും ഓണം ഗിഫ്റ്റ് കാർഡും

സർക്കാർ നിർദേശമനുസരിച്ച് , ആറുലക്ഷത്തിലധികം എ എ വൈ കാർഡ് ഉടമകൾക്ക് സപ്ലൈകോ സൗജന്യ കിറ്റുകൾ നൽകും. പഞ്ചസാര, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, വൻപയർ, കടല തുടങ്ങി 837.25 രൂപയുടെ തുണി സഞ്ചിയടക്കം 16 ഇന കിറ്റാണ് എഎവൈ കാർഡ് ഉടമകൾക്ക് സപ്ലൈകോ നൽകുന്നത്. ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന ഭക്ഷ്യ വസ്തുക്കളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കുന്നുണ്ട്.

അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്ക് സപ്ലൈകോ വില്പന ശാലകളിൽ ലഭിക്കും. പരമാവധി വില്പന വില ₹1280 രൂപയുള്ള ഈ കിറ്റ് 280 രൂപ വിലക്കുറവിലാണ് ഉപഭോക്താവിന് ലഭിക്കുക.

25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റ് പരമാവധി വില്പന വിലയിൽ നിന്നും 380 രൂപ കുറച്ച് 1500 രൂപയ്ക്കും, മുപ്പതിനങ്ങളടങ്ങിയ പ്രീമിയം ഓണാഘോഷ കിറ്റായ തിരുവോണം കിറ്റ്, 540 രൂപ വിലക്കുറവിൽ 2000 രൂപയ്ക്കും സപ്ലൈകോ നൽകും. ഇതിനുപുറമേ പുട്ടുപൊടി, സേമിയ, പായസക്കൂട്ട് , മുളകുപൊടി, മഞ്ഞപ്പൊടി തുടങ്ങി 9 പ്രീമിയം ശബരി ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ശബരി സിഗ്നേച്ചർ കിറ്റ് 75 രൂപയിലധികം വിലക്കുറവിൽ 299 രൂപയ്ക്കാണ് സപ്ലൈകോ വില്പനശാലകളിൽ നിന്ന് ഉപഭോക്താവിന് ലഭിക്കുക.

വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സമ്മാനമായി ഈ കിറ്റുകൾ നൽകാം. ഇതിനുപുറമേ, സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകളും പുറത്തിറക്കുന്നുണ്ട്. 500, 1000 രൂപയുടെ മൂല്യമുള്ള ഈ കാർഡുകൾ ഉപയോഗിച്ച് ഇഷ്ടമുള്ള സപ്ലൈകോ ഔട്ട്ലെറ്റിൽ നിന്ന് ആവശ്യമായ ഉൽപ്പന്നങ്ങൾ വാങ്ങാവുന്നതാണ്.

ഓണം കസ്റ്റമർ ബോണസ് കൂപ്പണും സമ്മാന കൂപ്പണും

1500 രൂപയുടെ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഓണക്കാലത്ത് 100 രൂപയുടെ മൂല്യമുള്ള ഒരു കൂപ്പൺ സപ്ലൈകോ സമ്മാനമായി നൽകും. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെ ആയിരമോ അതിൽ കൂടുതലോ വിലയ്ക്ക് സപ്ലൈകോ നിന്നും സബ്സിഡിയിതര സാധനം വാങ്ങുമ്പോൾ ഈ കൂപ്പൺ റിഡീം ചെയ്യാം.

കൂടാതെ 1000 രൂപയുടെ ഓരോ പർച്ചേസിനും ഉപഭോക്താവിന് ഒരു സമ്മാനകൂപ്പൺ നൽകും. ഓണത്തിന് ശേഷം നറുക്കെടുപ്പിലൂടെ വിജയികൾക്ക് മെഗാ സമ്മാനം നൽകും. നറുക്കെടുപ്പ് വിജയിക്ക് ഹീറോ മാവെറിക്ക് മോട്ടോർ സൈക്കിൾ, രണ്ടാം സ്ഥാനം രണ്ടു പേർക്ക് അര പവൻ സ്വർണ നാണയം വീതം , മൂന്നാം സ്ഥാനം മൂന്നു വാഷിങ് മെഷിനുകൾ, ജില്ലാ തല വിജയികൾക്ക് സ്മാർട്ട് ഫോണുകൾ, എല്ലാ വില്പനശാലകളിലും നറുക്കെടുപ്പിലൂടെ വിജയികൾക്ക് സമ്മാനങ്ങൾ എന്നിങ്ങനെ വിവിധ സമ്മാന പദ്ധതികൾ സപ്ലൈകോ ഇത്തവണ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്

ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ഓഫറുകൾ

എഴുപതോളം വിവിധ ബ്രാൻഡഡ് എഫ് എം സി ജി കമ്പനികളുടെ 350ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും വിലക്കുറവും ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിലൂടെ ലഭിക്കും. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക കോമ്പോ ഓഫറുകളും വിലക്കുറവും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here