പൂവിൽ തൊട്ടാൽ കൈ പൊള്ളും… ഓണ വിപണി വിലക്കയറ്റത്തിനിടയിലും ഡിമാൻഡ് പൂക്കള്‍ക്ക് തന്നെ

0
7

ഇടുക്കി: ഓണത്തിരക്കിനൊപ്പം വിപണിയിലും പൂക്കളുടെ വില കുതിച്ചുയരുകയാണ്. പൂക്കളമൊരുക്കാൻ പൂക്കൾ വാങ്ങാനെത്തുന്നവർക്ക് ഇത്തവണ കൈ പൊള്ളുമെന്ന് ഉറപ്പ്. തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും പൂക്കളുടെ ലഭ്യത കുറഞ്ഞതാണ് വിലവർധനയ്ക്ക് പ്രധാന കാരണം.

കിലോയ്ക്ക് നൂറ് രൂപ മുതൽ 1600 രൂപ വരെയാണ് വിവിധ പൂക്കളുടെ വില. തിരുവോണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വിപണിയിലെത്തുന്നവർ വില കേട്ട് അമ്പരക്കുകയാണ്. പൂക്കളുടെ രാജാവായ മുല്ലപ്പൂവിനാണ് ഇത്തവണ ഏറ്റവും ഉയർന്ന വില. കിലോയ്ക്ക് 1500 മുതൽ 1600 രൂപ വരെയാണ് മുല്ലയുടെ റേറ്റ്. വില കുതിച്ചതോടെ മുഴം കണക്കിലാണ് മുല്ലപ്പൂവിൻ്റെ വിൽപ്പന. ഒരു മുഴത്തിന് 40 മുതൽ 60 രൂപ വരെ നൽകണം.

വിലയുടെ കാര്യത്തിൽ മുല്ലയ്ക്ക് പിന്നാലെ അരളിയും ജമന്തിയുമുണ്ട്. അരളിയ്‌ക്കും ജമന്തിപ്പൂക്കൾക്കും കിലോയ്ക്ക് 450 രൂപ മുതലാണ് വില. മറ്റ് പൂക്കൾക്കും വില ഒട്ടും കുറവല്ല. ചെമ്പങ്കി – 250 രൂപ, റോസ് – 380 രൂപ, ചെത്തി, ബന്തി, കോളി, വാടാമുല്ല എന്നിവ 200 രൂപയുമാണ് ജില്ലയിലെ വിവിധ വിപണികളിലെ നിരക്ക്. തുളസിക്ക് കിലോയ്ക്ക് 100 രൂപ വരെയും നൽകണം.

”വില എല്ലാ വർഷത്തെക്കാളും അൽപം കൂടുതലാണ്. ഇത്തവണ മുല്ലയ്‌ക്കാണ് വിലക്കൂടുതൽ. അരളി, ജമന്തി എന്നിവയ്‌ക്ക് വില അൽപം കൂടുതലാണ്. തമിഴ്‌നാട്ടിൽ ഇത്തവണ പൂക്കള്‍ കുറവാണ്. അതാണ് വില കൂടാൻ കാരണമായത്. മഴയും പൂകൃഷിയെ ബാധിച്ചിട്ടുണ്ട്. അവർ വിലകൂട്ടുമ്പോള്‍ നമ്മളും അങ്ങനെ വിറ്റാലേ പറ്റു. ആവശ്യക്കാർ ഉണ്ട്. കച്ചവടം ഇത്തവണ കുഴപ്പമില്ലാതെ പോകുന്നുണ്ട്,” എന്ന് പൂക്കച്ചവടക്കാരൻ പറഞ്ഞു.

തമിഴ്‌നാട്ടിൽ പൂക്കളുടെ ലഭ്യത കുറഞ്ഞതും ഗതാഗതച്ചെലവും ഓണക്കാലത്തെ അധിക ആവശ്യകതയുമാണ് വില ഉയരാൻ പ്രധാന കാരണങ്ങളെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ വില എത്ര ഉയർന്നാലും പൂക്കളം ഒഴിവാക്കാൻ മലയാളി തയാറല്ല എന്നതാണ് യാഥാർഥ്യം. ഓണസദ്യ പോലെ തന്നെ മലയാളിയുടെ ഓണാഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ് പൂക്കളവും.

അന്യസംസ്ഥാനങ്ങളിൽ നിന്ന് പൊന്നുംവില കൊടുത്താണെങ്കിലും പൂക്കൾ വാങ്ങി മുറ്റത്ത് പൂക്കളം തീർക്കാൻ മലയാളി തയാറാകുമെന്ന് കച്ചവടക്കാർക്കും അറിയാം. അതുകൊണ്ടുതന്നെ തിരുവോണത്തിന് മുന്നോടിയായി വലിയ തോതിൽ പൂക്കൾ സ്റ്റോക്ക് ചെയ്‌തിരിക്കുകയാണ് വ്യാപാര സ്ഥാപനങ്ങൾ. വില കുതിച്ചുയർന്നെങ്കിലും പൂക്കളമൊരുക്കാനുള്ള മലയാളിയുടെ ആവേശത്തിന് കുറവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here