നിയമപരമായി വിവാഹബന്ധം വേർപെടുത്താതെ ഒന്നാം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 20 ശതമാനം പിടിച്ചെടുത്ത് നേരിട്ട് ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഗുവഹാത്തിയിലെ ഖാനാപ്പാറയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാധിക്കപ്പെട്ട ഭാര്യമാർ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തുക ഈടാക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും സമാനമായ സംരക്ഷണം ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനത്തിലും സുസ്ഥിര വികസനത്തിലും അടിസ്ഥാനമാക്കി അസം സ്വന്തമായ വികസന മാതൃക കെട്ടിപ്പടുക്കുകയാണെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ യുവാക്കൾക്ക് സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ ഇനി പുറത്തുപോകേണ്ടിവരില്ലെന്നും ലോകമെമ്പാടുമുള്ള ആളുകൾ അവസരങ്ങൾ തേടി അസമിലേക്ക് എത്തുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല മൂന്നിരട്ടിയോളം വളർന്നതായും സെമികണ്ടക്ടർ നിർമ്മാണം, ബൈഹാട്ട ചരിയാലി-തേസ്പൂർ നാലുവരി പാത തുടങ്ങിയ പദ്ധതികൾ അസമിന്റെ മുഖച്ഛായ മാറ്റുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ബാലവിവാഹം പൂർണ്ണമായും തുടച്ചുനീക്കുന്നതിനുള്ള പോരാട്ടം കൂടുതൽ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. അസം പൊലീസിന്റെ എമർജൻസി 112 സേവനങ്ങൾ കൂടുതൽ ആധുനികീകരിക്കുന്നതിനൊപ്പം എം.എൽ.എ ഫണ്ട് വർദ്ധിപ്പിക്കൽ, ഗുവഹാത്തി വിമാനത്താവളത്തിന് സമീപം പുതിയ സാറ്റലൈറ്റ് സിറ്റി തുടങ്ങിയ പദ്ധതികളും പുരോഗമിക്കുകയാണ്.
ചരിത്രപുരുഷനായ സ്വർഗ്ഗദേവ് ചാവോ ലുങ് സുകാഫ അസമിലെ ജനങ്ങളെ ഏകോപിപ്പിക്കുന്നതിൽ വഹിച്ച പങ്കിനെയും അദ്ദേഹം അനുസ്മരിച്ചു. 2028-ഓടെ സുകാഫയുടെ വരവിന് 800 വർഷം തികയുന്നത് വിപുലമായി ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക് താരം ലവ്‌ലിന ബൊർഗോഹെയ്ൻ, ബാഡ്മിന്റൺ താരം അസ്മിത ചാലിഹ എന്നിവരുടെ കായിക നേട്ടങ്ങളെയും ചടങ്ങിൽ പ്രശംസിച്ചു.









