1128 സീറ്റുകൾ; 16 കോച്ചുകളുമായി എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് സർവീസ് ആരംഭിച്ചു

0
5

കൊച്ചി: പുതുക്കിയ കോച്ചുകളുമായി എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് സർവീസ് ഇന്നുമുതൽ. എട്ട് കോച്ചുകളിൽ 530 സീറ്റുകളുമായിട്ടായിരുന്നു ഇതുവരെ ബെംഗളൂരു വന്ദേ ഭാരത് സർവീസ് നടത്തിയത്. ഇന്നുമുതൽ ഇത് 16 കോച്ചുകളിൽ 1128 സീറ്റുകളായി ഉയരും. വന്ദേ ഭാരതിൽ ടിക്കറ്റ് കിട്ടാനില്ലെന്ന പരാതിയ്ക്കും ഇതോടെ പരിഹാരമാകും.

എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് പ്രയോജനപ്പെടുന്ന തീരുമാനമാണ് കോച്ചുകളുടെ എണ്ണം ഉയർത്തിയത്. സീറ്റുകളുടെ എണ്ണം 530 ൽ നിന്ന് 1128 ആയി ഉയരുന്നതോടെ, കൂടുതൽ സുഖകരവും വേഗതയേറിയതുമായ യാത്രാ സൗകര്യം ബെംഗളൂരു – എറണാകുളം റൂട്ടിൽ യാഥാർഥ്യമാകും. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് റെയിൽവേ കോച്ചുകൾ കൂട്ടിയത്.

ഓണത്തോടനുബന്ധിച്ച് ബെംഗളൂരു വന്ദേ ഭാരതിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചെയര്‍കാര്‍ വെയിറ്റിങ് ലിസ്റ്റ് ഉൾപ്പെടെ നീണ്ടുപോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഓണാവധി കഴിയുന്ന ഓഗസ്റ്റ് 29 മുതല്‍ 31 വരെ ബുക്കിങ് ഫുള്‍ ആവുകയും ചെയ്തിട്ടുണ്ട്. മലയാളികളുടെ നിരന്തര ആവശ്യത്തിനൊടുവിലായിരുന്നു ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് ട്രെയിൻ പ്രഖ്യാപിച്ചത്.

രാവിലെ 5:50ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് ഉച്ചയ്ക്ക് 1:50നാണ് എറണാകുളം സൗത്തിലെത്തുക. മടക്ക സർവീസ് എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 2:20ന് പുറപ്പെട്ട് രാത്രി 11ഓടെ ബെംഗളൂരുവിൽ എത്തിച്ചേരും. സർവീസ് ആരംഭിച്ചത് മുതൽ മികച്ച പ്രതികരണമാണ് സർവീസിന് ലഭിക്കുന്നത്. ഇനിമുതൽ 14 എസി ചെയർ കാർ കോച്ചുകളും 2 എക്സിക്യൂട്ടീവ് ചെയർ കാർ കോച്ചുകളും ഉൾപ്പെടെയുള്ള 16 കോച്ചുകളുമായാണ് വന്ദേ ഭാരത് സർവീസ് നടത്തുക. ബുധനാഴ്ചകൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുന്നുണ്ട്.

കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് ഊന്നൽ നൽകിയുള്ള കേന്ദ്രസർക്കാരിൻ്റെ ഈ ക്രിയാത്മകമായ ഇടപെടൽ സംസ്ഥാനത്തിൻ്റെ യാത്രാമേഖലയ്ക്ക് ഇരട്ടി കരുത്തേകുമെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. ഇത് കേരളത്തിനുള്ള മോദി സർക്കാരിൻ്റെ ഓണസമ്മാനമെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി നേതൃത്വത്തിൻ്റെ പ്രതികരണം.

വന്ദേ ഭാരതിലെ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചത് ബെംഗളൂരുവിൽ നിന്ന് ഓണക്കാലത്തുള്ള യാത്രാ പ്രതിസന്ധിയ്ക്ക് പരിഹാരം നൽകുന്ന തീരുമാനമാണ്. ഓണത്തിന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് മലയാളി യാത്രക്കാർക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here