യുവതികളില്‍ സ്‌തനാര്‍ബുദം കൂടുന്നു, എന്ത് കൊണ്ട്?

0
4

ന്‍പതിന് മുകളില്‍ പ്രായമുള്ള സ്‌ത്രീകളില്‍ കണ്ടു വരുന്ന അസുഖമായിട്ടാണ് മുന്‍കാലങ്ങളില്‍ സ്‌തനാര്‍ബുദത്തെ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ഇരുപതുകാരികളില്‍ പോലും സ്‌തനാര്‍ബുദം കണ്ടെത്തുന്നു.

ഇതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് ജമ്മുകശ്‌മീരിലെ ഒരു സംഘം വിദഗ്ദ്ധ ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. വൈകിയുള്ള വിവാഹവും ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളുമടക്കം നിരവധി കാരണങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിന് പുറമെ ജനിതക ഘടകങ്ങളും അവബോധമില്ലായ്‌മയും ചെറിയ ചില കാരണങ്ങളാകുന്നുണ്ട്. എന്നാല്‍ വളരെ നേരത്തെ തന്നെ രോഗം കണ്ടെത്തുക എന്നതാണ് ഇതിനെ തുരത്താനുള്ള മാര്‍ഗമെന്നാണ് ഡോക്‌ടര്‍മാരുടെ പക്ഷം.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ജമ്മുകശ്‌മീരില്‍ അന്‍പതിനായിരം സ്‌ത്രീകളില്‍ സ്‌തനാര്‍ബുദം സ്ഥിരീകരിച്ചു. രോഗനിരക്കിന്‍റെ ഈ വര്‍ദ്ധന ഒരു അപകടമണിയാണ് മുഴക്കുന്നത്.

മുന്‍ പതിറ്റാണ്ടിനെ അപേക്ഷിച്ച് ഇപ്പോള്‍ ധാരാളം യുവതികള്‍ സ്‌തനാര്‍ബുദത്തിന് ചികിത്സ തേടിയെത്തുന്നതായി നവകാദല്‍ കോളജും സ്‌കിംസ് ബെമിനയും ചേര്‍ന്നൊരുക്കിയ ഒരു അര്‍ബുദ ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.

യുവതികളില്‍ സ്‌താര്‍ബുദം വര്‍ദ്ധിച്ച് വരുന്നതായി സ്‌കിംസ് ബെമിനയിലെ അനാട്ടമി വിഭാഗം തലവന്‍ ഡോ.അഷ്‌ഫാഖ് ഉല്‍ ഹസന്‍ ചൂണ്ടിക്കാട്ടി. പ്രായം കൂടുന്തോറും സ്‌തനാര്‍ബുദ സാധ്യത വര്‍ദ്ധിക്കാം. എന്നാലിന്ന് ചെറിയ പെണ്‍കുട്ടികളില്‍ പോലും ഇത് കണ്ടെത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ അത്യപൂര്‍വമായിരുന്നു ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈകിയുള്ള വിവാഹവും വൈകിയുള്ള പ്രസവവും ഹ്രസ്വകാല മുലയൂട്ടലും വൈകിയുള്ള മുലയൂട്ടലുമെല്ലാം ഇതിന് കാരണമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.,

ജമ്മുകശ്‌മീരിലെ സ്‌ത്രീകളില്‍ ഇപ്പോള്‍ സ്‌താനാര്‍ബുദം വലിയ ആരോഗ്യ ആശങ്കയായി മാറിയിരിക്കുകയാണെന്ന് സ്‌കിംസ് ബെമിനയിലെ ശസ്‌ത്രക്രിയ വിഭാഗം തലവന്‍ ഡോ.ഐജാസ് അഹ്‌മ്മദ് റാത്തര്‍ പറഞ്ഞു. എന്നാല്‍ മിക്ക രോഗികളും രോഗം മൂര്‍ച്‌ഛിച്ച ശേഷം മാത്രമാണ് ചികിത്സ തേടിയെത്താറുള്ളത്. ഇത് ചികിത്സിച്ച് രോഗം ഭേദമാക്കാനും ജീവന്‍ രക്ഷിക്കാനുമുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.

നാല്‍പ്പതുകളുടെ തുടക്കത്തില്‍ നില്‍ക്കുന്ന സ്‌ത്രീകള്‍ എല്ലാവരും തന്നെ വിശദമായി തങ്ങളുടെ മാറിടങ്ങള്‍ പരിശോധിക്കണമെ്ന് പാതോളജി വിഭാഗം അധ്യക്ഷയും പ്രൊഫസറുമായ ഡോ.ആഫിയ പറയുന്നു. മുന്നറിയിപ്പ് ലക്ഷണങ്ങള്‍ നേരത്തെ തന്നെ സ്‌ത്രീകള്‍ തിരിച്ചറിയണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. മാറിടത്തില്‍ മുഴയോ വലുപ്പത്തിലുണ്ടാകുന്ന മാറ്റങ്ങളോ ചര്‍മ്മത്തിലുണ്ടാകുന്ന നിറവ്യത്യാസമോ മുലക്കണ്ണില്‍നിന്നുള്ള സ്രവങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

മുപ്പതുകളിലുള്ള ഒരു സ്‌ത്രീയിലെ മാറിടത്തിലെ മുഴകള്‍ അര്‍ബുദമാകാനുള്ള സാധ്യത പത്ത് ശതമാനം മാത്രമാണ്. എന്നാല്‍ അന്‍പതുകാരില്‍ ഇത് അര്‍ബുദമാകാനുള്ള സാധ്യത അറുപത് ശതമാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. മാറിടത്തിലെ എല്ലാ മുഴകളും അര്‍ബുദമാകണമെന്നില്ലെന്നും ഡോ.ആഫിയ വിശദീകരിച്ചു.

2021നും 2025നുമിടയില്‍ ജമ്മുകശ്‌മീരില്‍ സ്‌തനാര്‍ബുദ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഈ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 1990നും 2016നുമിടയില്‍ ജമ്മുകശ്‌മീരിലെ സ്‌തനാര്‍ബുദ രോഗികളുടെ എണ്ണം 39 ശതമാനം വര്‍ദ്ധിച്ചതായി അടുത്തിടെ നടന്ന ഒരു പഠനം വ്യക്താക്കുന്നു.

മേഖലയിലെ സ്‌ത്രീകളില്‍ ചെറുപ്പത്തില്‍ തന്നെ സ്‌തനാര്‍ബുദം ഉണ്ടാകുകയും എന്നാല്‍ ബോധവത്ക്കരണമില്ലായ്‌മ മൂലം ഇത് തിരിച്ചറിയാന്‍ വൈകുകയും ചെയ്യുന്നതായും ഡോക്‌ടര്‍മാര്‍ പറയുന്നു. ഇത് ഒരു വലിയ സാമൂഹ്യ വിപത്താണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അത് കൊണ്ട് തന്നെ സ്‌തനാര്‍ബുദം സംബന്ധിച്ച് വ്യാപക ബോധവത്ക്കരണം നടത്തേണ്ടതിന്‍റെ ആവശ്യകത പരിപാടിയില്‍ സംബന്ധിച്ച വിദഗ്ദ്ധരെല്ലാം ഉയര്‍ത്തിക്കാട്ടി. അതുപോലെ തന്നെ വ്യാപകമായി പരിശോധന സംവിധാനങ്ങളും ഒരുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. നേരത്തെ രോഗം തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ച് ഭേദമാക്കാനാകും. എന്തെങ്കിലും അസ്വഭാവികമായി ലക്ഷണങ്ങള്‍ കണ്ടാലുടന്‍ തന്നെ പ്രായം പരിഗണിക്കാതെ തന്നെ എല്ലാ സ്‌ത്രീകളും പെണ്‍കുട്ടികളും വൈദ്യസഹായം തേടേണ്ടതാണെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here