പാൽ, സിമന്റ്, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ അവശ്യ സാധനങ്ങളുടെ നിരയിലേക്ക് ഇന്ധനവും പെട്രോളിയം ഉൽപ്പന്നങ്ങളും റെയിൽ മാർഗം കശ്മീരിലേക്ക് എത്തിത്തുടങ്ങി. ചരക്ക് നീക്കത്തിനായി റോഡിനെ മാത്രം ആശ്രയിച്ചിരുന്ന പ്രദേശത്ത് ഈ വികസനം ഏറെ നിർണ്ണായകമാണ്. മോശം കാലാവസ്ഥയുള്ളപ്പോൾ ജമ്മു-ശ്രീനഗർ ഹൈവേ തടസ്സപ്പെടുന്നത് വിതരണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇപ്പോൾ ഇന്ധന ഗുഡ്സ് ട്രെയിൻ കൂടി എത്തിയതോടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും കശ്മീരുമായുള്ള ചരക്കുഗതാഗതം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
റെയിൽ വഴിയുള്ള ഇന്ധന ഗതാഗതം ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാക്കുമെന്നും ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. റോഡുകൾ ദീർഘനേരം അടഞ്ഞുകിടക്കുന്നതുമൂലമുണ്ടാകുന്ന തടസ്സങ്ങളിൽ നിന്ന് അവശ്യ സാധനങ്ങളെ സംരക്ഷിക്കാൻ ഈ പുതിയ സംവിധാനം സഹായിക്കും. സിമന്റായിരുന്നു റെയിൽ മാർഗ്ഗം താഴ്‌വരയിൽ ആദ്യം എത്തിയത്. തുടർന്ന് വാഹനങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, വളങ്ങൾ, വ്യാവസായിക ഉപ്പ് എന്നിവയും റെയിൽ വഴി എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗുജറാത്തിലെ ഖാരഘോദയിൽ നിന്ന് 1,350 ടൺ വ്യാവസായിക ഉപ്പുമായി ഗുഡ്സ് ട്രെയിൻ അനന്ത്നാഗ് ഗുഡ്സ് ഷെഡിൽ എത്തിയിരുന്നു. റോഡ് ഗതാഗതത്തിന് പകരമായി വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗമായാണ് ഇത് വിലയിരുത്തപ്പെട്ടത്. താഴ്‌വരയിലേക്ക് പാൽ ഉൽപ്പന്നങ്ങളും റെയിൽ വഴി എത്തിയിട്ടുണ്ട്. ഗുജറാത്തിലെ ലിഞ്ച് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അമുൽ ഉൽപ്പന്നങ്ങളുമായി ഗുഡ്സ് ട്രെയിൻ അനന്ത്നാഗിൽ എത്തിയത്. ഭക്ഷ്യധാന്യങ്ങളുടെയും മറ്റ് വാണിജ്യ ചരക്കുകളുടെയും റെയിൽ വഴിയുള്ള നീക്കം റോഡ് ഗതാഗതത്തിലെ തിരക്ക് കുറയ്ക്കാനും സഹായിച്ചിട്ടുണ്ട്.കാശ്മീരിലേക്കുള്ള റെയിൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തിയതിനെ തുടർന്നാണ് ചരക്കുനീക്കം ഇത്രയധികം വികസിച്ചത്. ഉദംപൂർ-ശ്രീനഗർ-ബരമുല്ല റെയിൽ ലിങ്ക് ഇതിന് വലിയ പിന്തുണയാണ് നൽകുന്നത്. 2025 ജനുവരിയിൽ രൂപീകരിച്ച ജമ്മു റെയിൽവേ ഡിവിഷനിൽ, ഭക്ഷ്യധാന്യങ്ങൾ, സിമന്റ്, കൽക്കരി, ഇന്ധനം തുടങ്ങിയവയുടെ നീക്കം സുഗമമാക്കുന്നതിനുള്ള ടെർമിനലുകളുണ്ട്. പാസഞ്ചർ ട്രെയിനുകൾക്ക് പുറമെ കശ്മീരിന്റെ സപ്ലൈ ചെയിൻ ഇൻഫ്രാസ്ട്രക്ചറിലെ പ്രധാന ഘട്ടമായി റെയിൽവേ മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.






