ഗുണ്ടകൾക്കും ‘റീൽ ഗുണ്ടകൾക്കും’ ഇനി രക്ഷയില്ല; കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

0
4

തിരുവനന്തപുരം: കേരളത്തിൽ ഗുണ്ടാപ്രവർത്തനങ്ങളും സംഘടിത കുറ്റക്യത്യങ്ങളും ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്വാർഥ താല്‍പര്യങ്ങൾക്കായി ഗുണ്ടകളെ വളർത്തുന്നവരും സംരക്ഷിക്കുന്നവരും നിയമത്തിന് മുന്നിൽ മറുപടി പറയേണ്ടിവരുമെന്നും, നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അർജുൻ ആയാങ്കിയുടെ അറസ്റ്റും ‘റീൽ ഗുണ്ടകൾക്കുള്ള’ താക്കീതും

നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി അർജുൻ ആയങ്കിയെ രണ്ടു ദിവസത്തെ തെരച്ചിലിനൊടുവിൽ കണ്ണൂരിലെ ഒളിസങ്കേതത്തിൽ നിന്ന് പൊലീസ് പിടികൂടിയ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ രൂക്ഷമായ പ്രതികരണം. സോഷ്യൽ മീഡിയയിലൂടെ പൊലീസിനെ വെല്ലുവിളിക്കുകയും ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്ന ‘റീൽ ഗുണ്ടകൾ’ക്ക് ഇനി യാതൊരു ഇളവും നൽകില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. “കുറ്റം ചെയ്‌ത് പൊലീസിനെ വെല്ലുവിളിക്കാമെന്നോ, ‘ഓവർ സ്‌മാർട്ട്’ ആകാം എന്നോ ആരും കരുതേണ്ട. അനാവശ്യമായ ആത്മവിശ്വാസവും അമിത ബുദ്ധിയും പൊലീസിന് മുന്നിൽ നടപ്പില്ല,” എന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു.

ടി.ജി. മോഹൻദാസിനെതിരെയുള്ള കേസും നിയമനടപടിയും

ഡൽഹിയിൽ നടന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെയുള്ള വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ച് യൂട്യൂബ് ചാനലിലൂടെ അപകീർത്തികരവും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് ടി.ജി. മോഹൻദാസിനെ സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് മന്ത്രി സ്ഥിരീകരിച്ചു. പരാതി ലഭിച്ച ഉടൻ തന്നെ സൈബർ സെൽ ഐ.ജിക്ക് കൈമാറുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് നിയമപരമായ അന്വേഷണങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ നടപടികളും കോടതിയുടെ നിരീക്ഷണത്തിന് വിധേയമായതിനാൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചാണ് പൊലീസ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ആശ്വാസമേകി സർക്കാർ

നീണ്ടകരയിൽ കടലിൽ ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ 26 കാരനായ ഗൗതം കൃഷ്‌ണ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളുടെ വീട് ആഭ്യന്തരമന്ത്രി സന്ദർശിച്ചു. ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായ സംഭവം അതീവ ദുഃഖകരമാണെന്നും ദുരന്തത്തിനിരയായ കുടുംബത്തിന് ആവശ്യമായ എല്ലാ സാമ്പത്തിക, ഭരണപരമായ സഹായങ്ങളും സർക്കാർ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. കോസ്റ്റ് ഗാർഡ്, നാവികസേന, സ്‌കൂബ ഡൈവിംഗ് സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ ശക്തമായി തുടരുകയാണെന്നും, പ്രദേശവാസികളായ പരിചയസമ്പന്നരായ മൽസ്യത്തൊഴിലാളികളെക്കൂടി തെരച്ചിലിൽ പങ്കാളികളാക്കാൻ കോസ്റ്റ് ഗാർഡിനോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here