ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് മതമൗലികവാദികളുടെ താത്പര്യം സംരക്ഷിക്കാന്‍’; വിമര്‍ശിച്ച് ബിജെപി

0
28

ടിജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തത് വിവേചനപരവും അപലപനീയവും എന്ന് ബിജെപി. പ്രളയ ദുരിതാശ്വാസ വീഴ്ചകളില്‍ നിന്നും തീരദേശ മേഖലയിലെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നാടകം ആണോ ഈ അറസ്റ്റെന്ന് ബിജെപി കേരളം ഫേസ്ബുക്കിലൂടെ ചോദിച്ചു. പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഒരാള്‍ക്ക് ഒരു നിയമം, മറ്റൊരാള്‍ക്ക് വേറൊന്ന്, ഇതാണോ യുഡിഎഫ് സര്‍ക്കാരിന്റെ നീതിയെന്നും പോസ്റ്റിലൂടെ ബിജെപി ചോദിക്കുന്നു. വന്ദേമാതരം, വി ഡി സവര്‍ക്കര്‍ വിഷയങ്ങളില്‍ അനാവശ്യ വിവാദം സൃഷ്ടിച്ച് മത വിഭജനം നടത്താനുള്ള ശ്രമമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ടി ജി മോഹന്‍ദാസ് പറഞ്ഞ ചില പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ലെന്ന് ബിജെപി കേരളം പോസ്റ്റില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുമ്പും ടി ജെ മോഹന്‍ദാസിന്റെ പരാമര്‍ശം തള്ളിക്കൊണ്ടായിരുന്നു ബിജെപിയുടെ പ്രസ്താവന. എന്നിരിക്കിലും മോദിയെ വധിക്കുമെന്ന് പറഞ്ഞവര്‍ക്കെതിരെ ഉള്‍പ്പെടെ നടപടിയെടുക്കാതെ ഇതില്‍ മാത്രം നടപടിയെടുത്ത സര്‍ക്കാര്‍ തീരുമാനം വിവേചനപരമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

ബിജെപി കേരളം ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

അവധി ദിവസം നോക്കി ടി ജി മോഹന്‍ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത് തികച്ചും വിവേചനപരവും, അപലപനീയമാണ്.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ഉയരുന്ന ചോദ്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണോ ഈ അറസ്റ്റ് നാടകം?
ടി ജി മോഹന്‍ദാസ് നടത്തിയ ചില പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ല. എന്നാല്‍, പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയവര്‍ക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയെടുക്കാതെ സംരക്ഷിക്കുന്ന സമീപനം എന്തുകൊണ്ടാണ്?ഒരാള്‍ക്ക് ഒരു നിയമം, മറ്റൊരാള്‍ക്ക് മറ്റൊരു നിയമം ഇതാണോ യുഡിഎഫ് സര്‍ക്കാരിന്റെ നീതി?
തീരദേശ മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ ദുരന്തത്തില്‍പ്പെടുമ്പോള്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്.
മുതലപ്പൊഴിയിലും, നീണ്ടകരയിലും മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
മഴക്കെടുതിയിലും, മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവരുടെ വീടുകളിലെത്തി ആശ്വസിപ്പിക്കേണ്ട ജനപ്രതിനിധികള്‍ രാഷ്ട്രീയ വിവേചനത്തിന്റെ പേരില്‍ മാറിനില്‍ക്കുന്ന സാഹചര്യം കേരളത്തിന് അപമാനകരമാണ്.
വന്ദേമാതരം, വി ഡി സവര്‍ക്കര്‍ തുടങ്ങിയ വിഷയങ്ങളില്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് സമൂഹത്തില്‍ മതവിഭജനം വളര്‍ത്താനുള്ള ശ്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.

LEAVE A REPLY

Please enter your comment!
Please enter your name here