മിന്നൽ വേഗത്തിൽ യാത്ര; ദേശീയപാത 66ന്റെ പ്രവൃത്തികൾ 2028ൽ പൂർത്തിയാകും,

0
5

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ ഗതാഗതം ശക്തിപ്പെടുത്താൻ ദേശീയപാത 66ന്റെ (NH 66) കേരളത്തിലെ പ്രവൃത്തികൾ 2028 മെയ് മാസത്തോടെ പൂർത്തിയാകും. തീരപ്രദേശത്തെ ചുറ്റി കർണാടക അതിർത്തിയിലെ തലപ്പാടി വരെയും തമിഴ്‌നാട് അതിർത്തിയിലെ കരോട് വരെയും സംസ്ഥാനത്തെ ബന്ധിപ്പിക്കുന്ന 645 കിലോമീറ്റർ നീളമുള്ള ദേശീയ പാത 66 സംസ്ഥാനത്തിൻ്റെ ഗതാഗതം കൂടുതൽ ശക്തമാക്കും.

റോഡ് നിർമാണം 2027 ഏപ്രിൽ 30ന് പൂർത്തിയാകുമെന്നും വയഡക്റ്റുകൾക്ക് ഒരു വർഷം കൂടി എടുക്കുമെന്നും റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വടകര എംപി ഷാഫി പറമ്പിലിനും ആലപ്പുഴ എംപി കെസി വേണുഗോപാലിൻ്റെയും ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് നിതിൻ ഗഡ്കരി ലോക്‌സഭയിൽ പദ്ധതി വിവരങ്ങൾ പങ്കുവച്ചത്.

നിർമാണത്തിന് ആവശ്യമായ പാറയുടെയും (കല്ല്) മണ്ണിൻ്റെയും ലഭ്യതക്കുറവ് പദ്ധതിയുടെ നിർമാണ വേഗതയെ കാര്യമായി ബാധിച്ചതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ) എൻജീനിയർമാർ വ്യക്തമാക്കി. ഇതോടെ ഈ നിർമാണ സാമഗ്രികൾ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എത്തിക്കാനുള്ള ശ്രമം നടന്നു. എന്നാൽ, സംസ്ഥാനത്തിന് പുറത്തേക്ക് കല്ലുകൾ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ എത്തിക്കുന്നത് തമിഴ്നാട് സർക്കാർ തടഞ്ഞതോടെ പദ്ധതിയുടെ പ്രവർത്തന വേഗതയെ കാര്യമായി ബാധിച്ചു.

സംസ്ഥാനത്തെ പ്രധാന നഗരങ്ങൾക്കിടയിലൂടെയുള്ള യാത്രാ സമയം കുറയ്ക്കുന്നതിനും അതിവേഗ യാത്ര വാഗ്ദാനം ചെയ്യുന്നതിനും പദ്ധതി സഹായിക്കും. പ്രധാന പാതകളിലെ തിരക്ക് ലഘൂകരിക്കുന്നതിനും ചരക്കുനീക്കം മെച്ചപ്പെടുത്തുന്നതിനും വ്യാവസായിക വികസനം സുഗമമാക്കുന്നതിനും ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഹൈവേ സഹായകരമാകും.

നിർമാണ സാമഗ്രികളുടെ ദൗർലഭ്യം, തൊഴിലാളി ക്ഷാമം, മൺസൂൺ തുടങ്ങിയ പ്രധാന പ്രശ്നങ്ങൾ യോഗത്തിൽ ചർച്ചയായി. മഴക്കാലം ആരംഭിച്ചതോടെ ജോലികൾ മന്ദഗതിയിലായി. തമിഴ്‌നാട്ടിൽ നിന്ന് പാറകൾ എത്താത്തതും തിരിച്ചടിയായി. ഈ പ്രശ്നം മുഖ്യമന്ത്രി വിഡി സതീശൻ്റെ ശ്രദ്ധയിലുണ്ടെന്നും വിഷയം ഉടൻ പരിഹരിക്കുമെന്നും മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. തൊഴിലാളി ക്ഷാമം ജോലികൾ മന്ദഗതിയിലാകുന്നതിന് കാരണമായി.

LEAVE A REPLY

Please enter your comment!
Please enter your name here