ഓഗസ്റ്റ് 7- ദേശീയ കൈത്തറി ദിനം (National Handloom Day)

0
5
ഓഗസ്റ്റ് 7-ആം തീയതി ഇന്ത്യയിൽ ദേശീയ കൈത്തറി ദിനം (National Handloom Day) ആയി ആചരിക്കുന്നു. ഖാദി ഉൾപ്പെടെയുള്ള കൈത്തറി വസ്ത്രങ്ങളുടെ പ്രാധാന്യവും നെയ്ത്തുകാരുടെ സേവനങ്ങളും ഓർമ്മിക്കാനാണ് ഈ ദിനം ആഘോഷിക്കുന്നത്. ഗാന്ധിജിയുടെ സ്വരാജ് പ്രസ്ഥാനത്തിന്റെ ഭാഗമായി 1905 ഓഗസ്റ്റ് 7-നാണ് സ്വദേശി പ്രസ്ഥാനം ആരംഭിച്ചത്. 
കൈത്തറി-നെയ്ത്തുവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നെയ്ത്തുകാരുടെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരണം നൽകുന്നതിനുമായി ഇന്ത്യയിൽ ഓഗസ്റ്റ് 7-ആം തീയതി ദേശീയ കൈത്തറി ദിനം (National Handloom Day) ആയി ആചരിക്കുന്നു. 2015-ലെ ഓഗസ്റ്റ് 7-ആം തീയതിയാണ് ആദ്യത്തെ ദേശീയ കൈത്തറി ദിനം ആചരിക്കപ്പെട്ടത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചെന്നൈയിൽവച്ച് ആദ്യ കൈത്തറി ദിനത്തിനു തുടക്കം കുറിച്ചത്. 1905 ഓഗസ്റ്റ് 7-നു കൊൽക്കത്തയിൽ സ്വദേശി പ്രസ്ഥാനം ആരംഭിച്ചതിന്റെ ഓർമ്മയ്ക്കാണ് ഈ ദിവസം ദേശീയ കൈത്തറി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്. കൈത്തറി ഉൽപന്നങ്ങളുടെ ഗുണമേൻമ ഉറപ്പുവരുത്തുവാനായി ‘ഇന്ത്യ ഹാൻഡ്‌ലൂം മുദ്ര’ പതിക്കുന്ന രീതിക്കും തുടക്കം കുറിച്ചതും 2015 ഓഗസ്റ്റ് 7-നായിരുന്നു.
ചരിത്രം : കൈത്തറി നെയ്ത്തുകാർ വസ്ത്രങ്ങൾ കൈകൊണ്ട് നെയ്തെടുക്കുകയാണ് ചെയ്യുന്നത്. ഒരു സാരി നെയ്യുവാൻ ഒരു നെയ്ത്തുകാരന്റെ കുടുംബം മുഴുവൻ ഏതാനും മാസങ്ങളോളം അധ്വാനിക്കേണ്ടി വരാറുണ്ട്. ഇത്രയേറെ അധ്വാനിച്ചിട്ടും നെയ്ത്തുകാർക്കു തങ്ങൾ അർഹിക്കുന്ന പ്രതിഫലമോ പ്രാധാന്യമോ ലഭിച്ചിരുന്നില്ല. അതിനാൽ തന്നെ നെയ്ത്തുവ്യവസായം ജീർണ്ണാവസ്ഥയിലേക്കു പ്രവേശിച്ചു. ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്ന വസ്ത്രങ്ങളിൽ വെറും 15% മാത്രമാണ് കൈത്തറിയാൽ നിർമ്മിക്കപ്പെടുന്നത്.  ഇത്തരമൊരു സാഹചര്യത്തിൽ നെയ്ത്തുകാർക്ക് അർഹിക്കുന്ന പ്രാധാന്യവും പ്രതിഫലവും ലഭ്യമാക്കുന്നതിനായി ഭാരത സർക്കാർ 2015 മുതൽ എല്ലാ വർഷവും ഓഗസ്റ്റ് 7-ആം തീയതി ദേശീയ കൈത്തറി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്.
ലക്ഷ്യങ്ങൾ
  • കൈത്തറി വ്യവസായത്തെ ശക്തിപ്പെടുത്തുക
  • രാജ്യത്തെ ഗുണമേൻമയുള്ള കൈത്തറി ഉൽപന്നങ്ങളെ ആഗോളവിപണിയിൽ ലഭ്യമാക്കുക.
  • നെയ്ത്തുകാർക്ക് അർഹിക്കുന്ന പ്രാധാന്യവും പ്രതിഫലവും പ്രോത്സാഹനവും നൽകുക.
  • കൈത്തറി വ്യവസായത്തിൻറെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക
ഇന്ത്യ ഹാൻഡ്‌ലൂം മുദ്ര :

2015 ഓഗസ്റ്റ് 7-ലെ ആദ്യ ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിൻറെ നിയന്ത്രണത്തിൽ നൽകുന്ന ഇന്ത്യ ഹാൻഡ്‌ലൂം മുദ്ര (India handloom mark) ^ അവതരിപ്പിക്കപ്പെട്ടു. കൈത്തറി ഉൽപന്നങ്ങളുടെ ഗുണമേൻമ ഉറപ്പുവരുത്തുന്നതിനുള്ള സർക്കാർ മുദ്രയാണിത്.  ഇതിനായി നെയ്ത്തുകാർ തങ്ങളുടെ ഉൽപന്നങ്ങൾ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.വിദഗ്ദ്ധ സമിതി ഇവയുടെ ഗുണനിലവാരം ഉറപ്പാക്കുകയും ‘ഇന്ത്യ ഹാൻഡ്‌ലൂം മുദ്ര’ പതിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും ഗുണനിലവാരമുള്ള ഉൽപന്നങ്ങൾക്കു മാത്രമേ ഈ മുദ്ര പതിപ്പിക്കുകയുള്ളൂ. ആഗോള വിപണിയിൽ മികച്ച കൈത്തറി ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനും ഉപഭോക്താക്കളുടെ വിശ്വാസം നേടുവാനും ഈ മുദ്ര സഹായിക്കുന്നു. ^(Handloom = കൈത്തറി)

ദേശീയ കൈത്തറി വാരം : ഏപ്രിൽ 7 മുതൽ 14 വരെ ഒരാഴ്ചക്കാലം ഇന്ത്യയിൽ ദേശീയ കൈത്തറി വാരമായി ആചരിക്കുന്നു.

ഖാദി ദിനവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ :

  • തീയതി: എല്ലാ വർഷവും ഓഗസ്റ്റ് 7.
  • ലക്ഷ്യം: കൈത്തറി-നെയ്ത്തു വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക, നെയ്ത്തുകാരെ ആദരിക്കുക.
  • തുടക്കം: 2015 ഓഗസ്റ്റ് 7-നാണ് ആദ്യത്തെ ദേശീയ കൈത്തറി ദിനം ആചരിച്ചത്.
  • പ്രാധാന്യം: ഖാദി വസ്ത്രങ്ങളെയും തദ്ദേശീയ ഉൽപ്പന്നങ്ങളെയും പിന്തുണയ്ക്കുക (‘വോക്കൽ ഫോർ ലോക്കൽ’).

LEAVE A REPLY

Please enter your comment!
Please enter your name here