തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിർബന്ധമില്ലെന്ന് കാട്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി. ദേശീയ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനപ്രകാരം, ഡിപ്ലോമയും ഐടിഐയും യോഗ്യതയുള്ള വിദ്യാർഥികൾക്ക് സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാല് വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടാം. പുതിയ ഉത്തരവ് പ്രകാരം, ഐടിഐ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ നേടിയവർക്ക് ബിരുദ കോഴ്സുകളുടെ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴിയും പ്രവേശനം നേടാനാകും.
ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശ പ്രകാരമാണ് നടപടി. നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (എൻസിആർഎഫ്) അടിസ്ഥാനമാക്കിയുള്ള ഉത്തരവ് 2027-28 അധ്യയന വർഷം മുതൽ നിലവിൽ വരും. ഉത്തരവ് സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകൾക്കും പോളിടെക്നിക്കുകൾക്കും ഔദ്യോഗികമായി കൈമാറാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസം നേടിയ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുകയും അക്കാദമിക് പുരോഗതി ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, പ്ലസ് ടു പഠിക്കാത്തതിന്റെ പേരിൽ ബിരുദ പഠനത്തിന് അവസരം നഷ്ടപ്പെട്ടിരുന്ന നിരവധി വിദ്യാർഥികൾക്ക് ഇനി ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കാനുള്ള പുതിയ വഴി തുറക്കുമെന്നാണ് വിലയിരുത്തൽ.അക്കാദമിക് പുരോഗതിക്കും അവസരങ്ങൾ ഒരുക്കുന്നതിനുമാണ് പുതിയ നയം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കാനും വിദ്യാർഥികൾക്ക് തുടർപഠനത്തിനുള്ള അവസരങ്ങൾ സുഗമമാക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.









