പ്രവീൺ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന പ്രതി ഉമ്മർ ഫാറൂഖ് കൊച്ചിയിൽ പിടിയിൽ…

0
34
പ്രവീൺ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന പ്രധാന പ്രതി പോപ്പുലർ ഫ്രണ്ട്  ഉമ്മർ ഫാറൂഖ് കൊച്ചിയിൽ പിടിയിൽ…
​ബെംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊലപാതകക്കേസിൽ വർഷങ്ങളായി ഒളിവിലായിരുന്ന പ്രധാന പ്രതികളിലൊരാളെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പിടികൂടി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) പ്രവർത്തകനായ ഉമ്മർ ഫാറൂഖിനെയാണ് എൻ.ഐ.എ സംഘം കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് തൊട്ടുമുമ്പ് നടന്ന നിർണായക ഗൂഢാലോചനയിൽ ഇയാൾ നേരിട്ട് പങ്കെടുത്തതായി എൻ.ഐ.എ വ്യക്തമാക്കി.
​കേസിലെ മറ്റ് പ്രധാന പ്രതികളായ കുടക് സ്വദേശി അബ്ദുൾ നാസിർ (നാസിർ), നൗഷാദ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണ സംഘം പിടികൂടിയിരുന്നു. കേസിന്റെ മുഖ്യസൂത്രധാരന്മാരിലൊരാളായ അബ്ദുൾ നാസിറിനെ കൊച്ചിയിൽ നിന്നും നൗഷാദിനെ തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്നുമാണ് എൻ.ഐ.എ വലയിലാക്കിയത്.
​കൊച്ചി, ബെംഗളൂരു എൻ.ഐ.എ യൂണിറ്റുകളും ആന്ധ്രാപ്രദേശ് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. മൂന്ന് വർഷത്തോളമായി വിവിധ സംസ്ഥാനങ്ങളിൽ വ്യാജ പേരുകളിൽ ഒളിവിലിരിക്കുകയായിരുന്നു ഇവർ.
​ഇതോടെ പ്രവീൺ നെട്ടാരു വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. ഒളിവിലായിരുന്ന പ്രതികളെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് എൻ.ഐ.എ നാല് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇവർക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക എൻ.ഐ.എ കോടതി ലുക്ക് ഔട്ട് സർക്കുലറും അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here