തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്ക് ശേഷം ശരീരത്തിൽ ഉറങ്ങിക്കിടക്കുന്ന കോശങ്ങൾ വീണ്ടും സജീവമായി രോഗം തിരികെ വരുന്നത് തടയാൻ നിർണായക കണ്ടെത്തലുമായി രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി (ആർജിസിബി). ബയോടെക്നോളജി റിസർച്ച് ആൻഡ് ഇന്നൊവേഷൻ കൗൺസിലിന് (ബ്രിക്) കീഴിലുള്ള ഈ സ്ഥാപനം, ഉറങ്ങിക്കിടക്കുന്ന കാൻസർ കോശങ്ങളെ ഉണർത്തുന്ന പ്രോട്ടീനുകളുടെ പ്രവർത്തനം തടയാനുള്ള പുതിയ മരുന്നുകൾ വികസിപ്പിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കാൻസറിൻ്റെ തിരിച്ചുവരവും വെല്ലുവിളികളും
കാൻസർ ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് രോഗം ഭേദമായതിന് ശേഷം വീണ്ടും കൂടുതൽ മാരകമായി തിരികെ എത്തുന്നതാണ്. സാധാരണ ചികിത്സയിലൂടെ ഭൂരിഭാഗം കാൻസർ കോശങ്ങളും നശിക്കുമെങ്കിലും, ചില കോശങ്ങൾ നിഷ്ക്രിയമായോ ഉറങ്ങിപ്പോയ അവസ്ഥയിലോ ശരീരത്തിൽ തുടരും. പിന്നീട് ഇവ കാൻസർ സ്റ്റെം സെല്ലുകളായി (സിഎസ്സി) ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങുന്നതോടെയാണ് രോഗം വീണ്ടും പടരുന്നത്. ഇത്തരം കോശങ്ങളെ നശിപ്പിക്കുകയോ അവ ഉണരുന്നത് തടയുകയോ ചെയ്യുക എന്നതാണ് പുതിയ ഗവേഷണത്തിൻ്റെ ലക്ഷ്യം.
പ്രോട്ടീനുകളുടെ ആശയവിനിമയം
ഡോ. ടെസി തോമസ് മാളിയേക്കലിൻ്റെ നേതൃത്വത്തിൽ നടന്ന ഈ ഗവേഷണ വിവരങ്ങൾ പ്രശസ്ത രാജ്യാന്തര സയൻ്റിഫിക് ജേണലായ സെൽ കമ്മ്യൂണിക്കേഷൻ ആൻഡ് സിഗ്നലിങ്ങിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോശങ്ങളിലെ ഇപിഎച്ച്എ2 (EPHA2), എഫ്രിൻ-ബി1 (Ephrin-B1) എന്നീ രണ്ട് പ്രോട്ടീനുകൾ തമ്മിൽ നടക്കുന്ന അപൂർവവും സ്വാഭാവികമല്ലാത്തതുമായ പ്രതിപ്രവർത്തനമാണ് ഉറങ്ങിക്കിടക്കുന്ന കാൻസർ കോശങ്ങളെ വീണ്ടും സജീവമാക്കുന്നതെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. സാധാരണ സ്റ്റെം സെല്ലുകളിൽ നടക്കുന്ന ആശയവിനിമയത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കാൻസർ സ്റ്റെം സെല്ലുകളിലെ ഈ മാറ്റം. ഒരേ കോശത്തിനുള്ളിൽ തന്നെ നടക്കുന്ന ഈ പ്രോട്ടീൻ ആശയവിനിമയം കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്നു.
പുതിയ മരുന്നുകളിലൂടെയുള്ള പ്രതിരോധം
ഇപിഎച്ച്എ2, എഫ്രിൻ-ബി1 പ്രോട്ടീനുകൾ തമ്മിലുള്ള ഈ അസാധാരണ ബന്ധം കോശങ്ങളുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ തകർക്കുന്നുണ്ടെന്ന് ബ്രിക്-ആർജിസിബി ഡയറക്ടർ ഡോ. ബീന പിള്ള വ്യക്തമാക്കി. ഈ രണ്ട് പ്രോട്ടീനുകൾ തമ്മിലുള്ള തന്മാത്രാതലത്തിലുള്ള ആശയവിനിമയം തടയുന്നതിനുള്ള പുതിയ മരുന്നുകളാണ് ഇപ്പോൾ രൂപകൽപന ചെയ്യുന്നത്. പ്രോട്ടീനുകളുടെ ഈ സന്ദേശക്കൈമാറ്റം തടയാനായാൽ ഉറങ്ങിക്കിടക്കുന്ന കോശങ്ങൾ ഉണരുന്നതും രോഗം വീണ്ടും വരുന്നത് പൂർണമായി ഒഴിവാക്കാനും സാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
വായയിലെ കാൻസറിൽ നിന്നുള്ള പ്രതീക്ഷ
പ്രധാനമായും വായയിലെ കാൻസറിനെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയതെങ്കിലും, മറ്റു പലവിധ കാൻസറുകളിലും സമാനമായ രീതി തന്നെയാണ് നടക്കുന്നതെന്ന് പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസറുകളിലൊന്നാണ് വായയിലെ കാൻസർ.
കാൻസർ കോശങ്ങൾ വീണ്ടും വിഭജിക്കപ്പെടാൻ തുടങ്ങുന്നത് അവയുടെ ആന്തരിക പ്രത്യേകതകൾ കൊണ്ടോ ചുറ്റുമുള്ള രാസപരിസ്ഥിതി സൂചനകൾ കാരണമായോ ആകാമെന്ന് ഡോ. ടെസി തോമസ് വ്യക്തമാക്കി. കാൻസർ കോശങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നതും മരുന്നുകളെ പ്രതിരോധിക്കുന്നതും കാൻസർ സ്റ്റെം സെല്ലുകൾ കാരണമായതിനാൽ, ഈ പുതിയ കണ്ടുപിടിത്തം ഭാവിയിലെ കാൻസർ ചികിത്സാരീതികളിൽ വലിയൊരു വിപ്ലവത്തിന് വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്.








