ദേശീയപാത 85ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു

0
46

ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയപാത 85ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇതു സംബന്ധിച്ച് പൊലീസിന് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ഈ ഭാഗത്തു കൂടിയുള്ള യാത്ര ഒഴിവാക്കണം.

ജില്ലയില്‍ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ട് ശനിയാഴ്ച തന്നെ ഉത്തരവിട്ടിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സ്‌കൂളുകള്‍, മദ്രസകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കോഴ്‌സുകള്‍ക്ക് അവധി ബാധകമല്ല.

അതിനിടെ, ചേലച്ചുവട് – വണ്ണപ്പുറം റോഡില്‍ പഴയരിക്കണ്ടം ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. വണ്ണപ്പുറം ഭാഗത്തേക്ക് പോകേണ്ടവര്‍ വാകച്ചുവടു വഴി പോകണം.

LEAVE A REPLY

Please enter your comment!
Please enter your name here