‘ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്ക് ഫോഴ്സ്’; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

0
34
ഇന്ത്യയുടെ പരീക്ഷാ സമ്പ്രദായം കൂടുതൽ സുതാര്യവും വിശ്വസനീയവും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കുന്നതിനായി ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
2026 നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് ശേഷം വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ ഇതിനകം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയിലെ പരീക്ഷാ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനാണ് ഇനി പരിഷ്കാരങ്ങൾ ഊന്നൽ നൽകുന്നതെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ ഭാവിക്കുമേൽ കളിച്ചവർ ഇപ്പോൾ ജയിലിലാണ്. ഇതിനകം ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ട്. നാളെ പാർലമെന്റിൽ കർശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമവുമായി മുന്നോട്ട് പോകുമെന്നും മോദി പറഞ്ഞു.പെട്ടെന്നുള്ള നടപടികൾക്കപ്പുറം ദീർഘകാല ഘടനാപരമായ പരിഷ്കാരങ്ങളിലേക്കാണ് സർക്കാർ ഇപ്പോൾ നീങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ നമുക്ക് ഭാവിയെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ പരീക്ഷാ സമ്പ്രദായം വിശ്വസനീയവും സുതാര്യവും സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തുന്നതുമായിരിക്കണം. ഈ വശങ്ങളെല്ലാം കണക്കിലെടുത്ത്, പരീക്ഷാ പരിഷ്കാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ആഗോളതലത്തിൽ പ്രശസ്തനായ സാങ്കേതിക വിദഗ്ധൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഭാവിയിലെ പരീക്ഷകളുടെ സമഗ്രത മെച്ചപ്പെടുത്തുന്നതിനായി ഈ ടാസ്ക് ഫോഴ്സിന്റെ ശുപാർശകൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ടാസ്ക് ഫോഴ്സിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന പരീക്ഷകളുടെ വിശ്വാസ്യതയും ഉത്തരവാദിത്തവും എത്രയും പെട്ടെന്ന് ഉറപ്പാക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here