ഇന്ത്യൻ റെയിൽവേയ്ക്ക് 17,000 പുതിയ ജനറൽ, സ്ലീപ്പർ കോച്ചുകൾ വരുന്നു

0
22
യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളം കുറഞ്ഞ ചെലവിലുള്ള യാത്രാസൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 17,000 പുതിയ ജനറൽ, സ്ലീപ്പർ കോച്ചുകൾ നിർമ്മിക്കാൻ റെയിൽവേ തീരുമാനിച്ചു. ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാനും സാധാരണക്കാരായ ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിലാണ് നിർണായകമായ ഈ വിവരങ്ങൾ പങ്കുവെച്ചത്. നിലവിൽ ഇന്ത്യൻ റെയിൽവേയുടെ ആകെ കോച്ചുകളിൽ 70 ശതമാനവും എയർ കണ്ടീഷണർ അല്ലാത്ത കോച്ചുകളാണ്. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കും സാധാരണക്കാർക്കും തടസ്സമില്ലാത്ത യാത്രാസൗകര്യം ഒരുക്കുന്നതിനാണ് റെയിൽവേ മുൻഗണന നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
സാധാരണക്കാർക്കായി അത്യാധുനിക സൗകര്യങ്ങളോടെ സർവീസ് നടത്തുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ എണ്ണവും റെയിൽവേ ഉയർത്തുകയാണ്. നിലവിൽ 36 ജോഡി അമൃത് ഭാരത് ട്രെയിനുകൾ രാജ്യത്ത് ഓടുന്നുണ്ട്. പൂർണ്ണമായും എസി ഇല്ലാത്ത ഈ ട്രെയിനുകളിൽ 11 ജനറൽ കോച്ചുകളും 8 സ്ലീപ്പർ കോച്ചുകളുമാണുള്ളത്. സിസിടിവി ക്യാമറകൾ, മികച്ച ശൗചാലയങ്ങൾ, ലൈറ്റിംഗ്, സി ടൈപ്പ് യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, ടോക്ക്-ബാക്ക് എമർജൻസി സിസ്റ്റം, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ മികച്ച സൗകര്യങ്ങളാണ് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ അമൃത് ഭാരതത്തിൽ ഒരുക്കിയിട്ടുള്ളത്.
ഏതാനും വർഷങ്ങളായി ഘട്ടം ഘട്ടമായി ജനറൽ കോച്ചുകളുടെ എണ്ണം റെയിൽവേ കൂട്ടിവരുന്നുണ്ട്.
  • 2024-25: ദീർഘദൂര ട്രെയിനുകളിലായി 1,250 ജനറൽ കോച്ചുകൾ പുതുതായി ഉൾപ്പെടുത്തി.
  • 2025-26: 160 ജനറൽ കോച്ചുകൾ ഉൾപ്പെടെ ആകെ 870 പുതിയ കോച്ചുകൾ സർവീസിലേക്ക് കൂട്ടിച്ചേർത്തു.
  • 2026-27 (ജൂൺ 30 വരെ): 20 ജനറൽ കോച്ചുകൾ ഉൾപ്പെടെ ആകെ 190 കോച്ചുകൾ വിവിധ ട്രെയിനുകളിലായി പുതുതായി ക്രമീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here