ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച ചോദ്യപ്പേപ്പർ ചോർച്ചാ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ അട്ടിമറികളിൽ ഉൾപ്പെടുന്നവർക്ക് അതിവേഗത്തിലും മാതൃകാപരവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്ത് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. യുവാക്കളുടെ ക്ഷേമത്തിനും ഭാവിക്കുമപ്പുറം മറ്റൊന്നിനും മുൻഗണനയില്ലെന്ന് വ്യക്തമാക്കിയാണ് പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. എക്‌സ് പോസ്റ്റിലൂടെ മോദി ഇക്കാര്യം അറിയിച്ചത്.
“നമ്മുടെ യുവാക്കളുടെ ക്ഷേമത്തെക്കാളും ഭാവിയെക്കാളും പ്രധാനമായി മറ്റൊന്നുമില്ല! ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെടുന്നവർക്ക് വേഗത്തിലുള്ളതും കർശനവുമായ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഞങ്ങൾ തുടർച്ചയായി സ്വീകരിച്ചുപോരുന്ന നടപടികളുടെ ഭാഗമാണിത്. നമ്മുടെ യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ല,” പ്രധാനമന്ത്രി വ്യക്തമാക്കി.
ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം
ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും പ്രധാനമന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകൾ സാധാരണ കോടതികളിൽ വർഷങ്ങളോളം നീണ്ടുപോകുന്നത് പ്രതികൾ രക്ഷപ്പെടാനും വിദ്യാർഥികളുടെ ആത്മവിശ്വാസം തകരാനും ഇടയാക്കുന്നു എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഫാസ്റ്റ് ട്രാക്ക് കോടതികൾ യാഥാർത്ഥ്യമാകുന്നതോടെ പരീക്ഷാ തട്ടിപ്പ് കേസുകളിൽ മാസങ്ങൾക്കകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ സാധിക്കും.
വിദ്യാർത്ഥി സുരക്ഷയ്ക്ക് മുൻഗണന
കഴിഞ്ഞ കുറച്ചുകാലങ്ങളായി രാജ്യത്തെ പ്രവേശന പരീക്ഷകളിലും ഉദ്യോഗാർഥി പരീക്ഷകളിലും ഉണ്ടായ ക്രമക്കേടുകൾ ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവിയെ ആശങ്കയിലാക്കിയിരുന്നു. പരീക്ഷാ സുതാര്യത ഉറപ്പാക്കാനും അട്ടിമറികൾ തടയാനും സർക്കാർ കൊണ്ടുവന്ന ശക്തമായ നിയമങ്ങൾക്കും നടപടികൾക്കും പിന്നാലെയാണ് ഇപ്പോൾ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതികൾ കൂടി വരുന്നത്. ഇത് വിദ്യാർഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരിനുള്ള പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കുന്നതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മാതൃകാപരമായ ശിക്ഷ ലക്ഷ്യം
ചോദ്യപ്പേപ്പർ ചോർത്തുന്ന മാഫിയകൾക്കും കരിഞ്ചന്തക്കാർക്കും ശക്തമായ മുന്നറിയിപ്പാണ് പ്രധാനമന്ത്രി നൽകിയിരിക്കുന്നത്. യുവാക്കളുടെ കഠിനാധ്വാനത്തെ ചൂഷണം ചെയ്യുന്നവരോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും നിയമത്തിൻ്റെ പരമാവധി ശിക്ഷ ഇത്തരം കുറ്റവാളികൾക്ക് ഉറപ്പാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പരീക്ഷാ അട്ടിമറികൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന വൻ സ്രാവുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഫാസ്റ്റ് ട്രാക്ക് കോടതികളുടെ വരവ് വലിയ തോതിൽ സഹായകരമാകും.
വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണം; മോദിക്ക് മറുപടിയുമായി സിജെപി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി അനിവാര്യമാണെന്നും അതിൽ യാതൊരു ഒത്തുതീർപ്പിനുമില്ലെന്നും സിജെപി നേതൃത്വം വ്യക്തമാക്കി. മോദിയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് സിജെപിയുടെ പ്രതികരണം. വിഷയം പാർലമെൻ്റിൽ ചർച്ച ചെയ്യാമെന്നും വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ അറിയിച്ചിരുന്നെങ്കിലും സിജെപി ഈ നിർദ്ദേശം പൂർണ്ണമായി നിരസിക്കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രി പദവിയിൽ നിന്ന് ധർമ്മേന്ദ്ര പ്രധാൻ മാറാതെ യാതൊരുവിധ ചർച്ചകൾക്കും പ്രസക്തിയില്ലെന്നാണ് സമരക്കാരുടെ നിലപാട്.
“വിദ്യാർത്ഥികളുടെ മരണങ്ങൾക്ക് ഉത്തരവാദിയായ ധർമ്മേന്ദ്ര പ്രധാൻ എന്ന ഒരൊറ്റ വ്യക്തിയെ സംരക്ഷിക്കാൻ വേണ്ടി യുവതലമുറയുടെ ചോര ചിന്താൻ പോലും മടിക്കാത്ത സർക്കാരാണിത്” എന്ന് അഭിജീത്ത് ദീപ്കെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി കേവലം പ്രസ്താവനകൾ നടത്തുകയല്ല, മറിച്ച് വിദ്യാർത്ഥികളോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും സിജെപി ആവശ്യപ്പെട്ടു.
“യുവതലമുറയുടെ ഭാവി തകർത്തത് നിങ്ങൾ തന്നെ”; പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ യുവതലമുറയുടെ ഭാവിയും സ്വപ്നങ്ങളും ഏറ്റവും കൂടുതൽ തകർത്തത് പ്രധാനമന്ത്രി തന്നെയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പരീക്ഷാ ക്രമക്കേടുകൾക്ക് ഉത്തരവാദികളായവരെ സർക്കാർ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“നമ്മുടെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് നിങ്ങളാണ്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായി തകർക്കാനും കൈപ്പിടിയിലൊതുക്കാനും നിങ്ങൾ അനുവദിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിന് ഉത്തരവാദികളായ ഓരോ വ്യക്തിയെയും നിങ്ങൾ സംരക്ഷിക്കുകയാണ് ചെയ്തത്,” പ്രധാനമന്ത്രിയെ നേരിട്ട് വിമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ വളരെ വ്യക്തമാണെന്ന് ചൂണ്ടിക്കാണിച്ച രാഹുൽ ഗാന്ധി, പ്രധാനമന്ത്രിക്ക് മുന്നിൽ മൂന്ന് പ്രധാന ആവശ്യങ്ങൾ മുന്നോട്ട് വച്ചു.
- കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ ഉടനടി പദവിയിൽ നിന്ന് പുറത്താക്കുക
- ചോദ്യപ്പേപ്പർ ചോർച്ചയിലൂടെയും പരീക്ഷാ അട്ടിമറിയിലൂടെയും ദുരിതത്തിലായ വിദ്യാർഥികളോട് പ്രധാനമന്ത്രി പരസ്യമായി മാപ്പ് പറയുക.
- നീതിക്കായി സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുക.
വിദ്യാഭ്യാസ രംഗത്തെ തകർച്ചയ്‌ക്കെതിരെ കടുത്ത വിമർശനം
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരീക്ഷാ ഏജൻസികളുടെയും സ്വയംഭരണാധികാരം നഷ്ടപ്പെട്ടതാണ് തുടർച്ചയായ ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് കാരണണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. യോഗ്യതയില്ലാത്ത ആളുകളെ രാഷ്ട്രീയ സ്വാധീനത്തിൻ്റെ പേരിൽ വിദ്യാഭ്യാസ മേഖലയിലെ നിർണ്ണായക പദവികളിൽ നിയമിച്ചതാണ് ഈ തകർച്ചയ്ക്ക് വഴിവെച്ചതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ കഠിനാധ്വാനത്തെയും രക്ഷിതാക്കളുടെ സമ്പാദ്യത്തെയും ഇല്ലാതാക്കിയ ഇത്തരം മാഫിയകൾക്ക് കേന്ദ്ര സർക്കാർ സംരക്ഷണം ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമരം ശക്തമാക്കാൻ പ്രതിപക്ഷം
വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. പരീക്ഷാ അട്ടിമറികൾക്കെതിരെ തെരുവിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച രാഹുൽ ഗാന്ധി, ഈ വിഷയത്തിൽ പാർലമെൻ്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പും നൽകി. പ്രധാനമന്ത്രി വെറും പ്രസ്താവനകൾ നടത്തി ഒഴിഞ്ഞുമാറാതെ വിദ്യാർഥികളുടെ ആവശ്യങ്ങൾ ഉടനടി നടപ്പിലാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







