തിരുവനന്തപുരം: ഡൽഹിയിൽ സിജെപി വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തുടനീളം ഇന്ന് ഐക്യദാർഢ്യ ജാഥകൾ സംഘടിപ്പിക്കും. എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന ജാഥകളിൽ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് കെഎസ്‌യുവും നാളെ എസ്എഫ്ഐയും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കൊച്ചിയിൽ വൻ പ്രതിഷേധം
കൊച്ചിയിൽ വൈകിട്ട് അഞ്ച് മണിക്ക് ഹൈക്കോടതി ജംക്ഷനിൽ നിന്ന് ആരംഭിച്ച് ആറ് മണിയോടെ ബിഎസ്എൻഎൽ ഓഫിസിലേക്ക് എത്തുന്ന രീതിയിലാണ് പ്രധാന പ്രതിഷേധ ജാഥ ക്രമീകരിച്ചിരിക്കുന്നത്. 5000 വിദ്യാർഥികൾ ഈ ഐക്യദാർഢ്യ ജാഥയുടെ ഭാഗമാകുമെന്ന് എസ്എഫ്ഐ നേതൃത്വം വ്യക്തമാക്കി. എസ്എഫ്ഐക്ക് പുറമെ മറ്റ് വിദ്യാർഥി സംഘടനകളുടെ സാന്നിധ്യവും ഈ പ്രതിഷേധത്തിൽ ഉണ്ടാകും. രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരത്തിന് കേരളത്തിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
സിനിമാമേഖലയുടെ പിന്തുണ
സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള വലിയ പിന്തുണയാണ് ഡൽഹിയിലെ സിജെപി (കോക്രോച്ച് ജനതാ പാർട്ടി) വിദ്യാർഥി പ്രക്ഷോഭത്തിന് മലയാള സിനിമാമേഖലയിൽ നിന്ന് ലഭിക്കുന്നത്. മുതിർന്ന താരങ്ങളും യുവതാരങ്ങളും ഉൾപ്പെടെ നിരവധി പേർ വിദ്യാർഥികൾക്ക് നേരെ നടക്കുന്ന പൊലീസ് നടപടികൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി നടൻ ദുൽഖർ സൽമാൻ ഇൻസ്റ്റഗ്രാമിലൂടെ പിന്തുണ അറിയിച്ചിരുന്നു. ഇതിന് പുറമെ ആസിഫ് അലി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഭാവന തുടങ്ങി നിരവധി താരങ്ങൾ വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ ഈ പ്രതിഷേധത്തിൻ്റെ ഭാഗമാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം എറണാകുളം മഹാരാജാസ് കോളജിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ പരിപാടിയിൽ നടൻ ജോജു ജോർജ് പങ്കെടുക്കുകയും വിദ്യാർഥികളെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തു. ഗായകൻ വേടൻ്റെ പ്രതിഷേധ പാട്ടും പരിപാടിയുടെ ഭാഗമായി നടന്നു. അതേസമയം താരങ്ങളുടെ ഈ നിലപാടുകൾക്കെതിരെ ചില കോണുകളിൽനിന്ന് പ്രതിഷേധവും ഉയരുന്നുണ്ട്. ഇന്നലെ ബിജെപി യുവമോർച്ച പ്രവർത്തകർ നടൻ ടൊവിനോ തോമസിൻ്റെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തെത്തിയ മോഹന്‍ലാലിൻ്റെ മകൾ വിസ്‌മയ മോഹൻലാലിനെതിരെയും സമാനമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.
നിലപാട് മാറ്റത്തിന് കാരണം
ജൂൺ ആറിനാണ് ഡൽഹിയിൽ വിദ്യാർഥികളുടെ സമരം ആരംഭിച്ചത്. സമരക്കാരുടെ മുദ്രാവാക്യങ്ങളോട് തുടക്കം മുതൽ തന്നെ സിനിമാപ്രവർത്തകർക്ക് അനുകൂല നിലപാടായിരുന്നെങ്കിലും പരസ്യമായ പിന്തുണ നൽകിയിരുന്നില്ല. എന്നാൽ സമരത്തിൻ്റെ 45-ാം ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ യുവാക്കൾക്കിടയിൽ പ്രക്ഷോഭത്തിന് ലഭിച്ച വലിയ സ്വീകാര്യതയും ജന്തർ മന്ദിറിലേക്ക് ഒഴുകിയെത്തുന്ന യുവാക്കളുടെ എണ്ണവും താരങ്ങളുടെ നിലപാട് മാറ്റത്തിന് കാരണമായി. ഈ ഘട്ടത്തിൽ യുവാക്കൾക്കൊപ്പം നിന്നില്ലെങ്കിൽ തങ്ങൾ ഒറ്റപ്പെട്ടുപോകുമോ എന്ന ആശങ്കയും താരങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ജനാധിപത്യപരമായ അവകാശങ്ങൾക്കായി പോരാടുന്ന വിദ്യാർഥികൾക്ക് പിന്തുണ നൽകേണ്ടത് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തമാണെന്ന തിരിച്ചറിവും സിനിമാപ്രവർത്തകർക്കിടയിൽ ശക്തമാണ്.
വിദ്യാർഥി പ്രക്ഷോഭത്തോടുള്ള സിനിമാമേഖലയുടെ പ്രതികരണത്തിൽ വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങൾ ഉൾപ്പെടെ മൗനം പാലിക്കുമ്പോൾ തെന്നിന്ത്യൻ താരങ്ങളാണ് ശക്തമായ നിലപാടുമായി മുന്നോട്ട് വരുന്നത്. സർക്കാരിനെയോ വ്യവസ്ഥിതിയെയോ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്താൻ ശ്രമം നടക്കുന്നതിനാൽ പല പ്രമുഖർക്കും പരസ്യമായി പ്രതികരിക്കാൻ ഭയമുണ്ടെന്ന വിലയിരുത്തലുകളുമുണ്ട്. രാജ്യത്തെ കാമ്പസുകളിൽ നിന്ന് ഉയരുന്ന പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമർത്താൻ കഴിയില്ലെന്ന സന്ദേശമാണ് കേരളത്തിലെ വിദ്യാർഥി സംഘടനകളും സാംസ്കാരിക പ്രവർത്തകരും നൽകുന്നത്.








