വർഷം 2012, കമൽ സംവിധാനം ചെയ്യുന്ന ‘സെല്ലുലോയിഡ്’ എന്ന സിനിമയുടെ ഓഡിയോ ട്രാക്കുകൾ പുറത്തിറങ്ങുന്നു. മലയാളത്തിലെ ആദ്യത്തെ സിനിമയായ ‘വിഗതകുമാരനെ’ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം. കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന സംഗീതവും ശബ്ദവും അതുവരെ കേട്ട് വന്ന മലയാള സിനിമ സംഗീതത്തിൽ നിന്നും വേറിട്ട് നിൽക്കുന്നു. പ്രത്യേകിച്ചും ‘കാറ്റേ കാറ്റേ’ എന്ന് തുടങ്ങുന്ന ഗാനം. ആരാണ് ഈ പാട്ട് പാടിയിരിക്കുന്നത് എന്ന് ചലച്ചിത്ര മേഖലയിൽ ഉള്ളവരും പ്രേക്ഷകരും ഒരുപോലെ തിരഞ്ഞു. പാട്ടുപാടിയിരിക്കുന്നതാവട്ടെ വൈക്കം വിജയലക്ഷ്‌മിയും ജി. ശ്രീറാമും ചേര്‍ന്ന്. രണ്ടുപേരും സിനിമയിൽ ആദ്യമായി പാടുന്നവർ. പഴയ ശൈലിയിലുള്ള പാട്ട് പുതിയകാലത്തെ ഹിറ്റ് ചാർട്ടിൽ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചു. ഒപ്പം ആ ഗായകരുടെ മാധുര്യമൂറുന്ന സ്വരവും. അവിടുന്ന് യാത്ര ആരംഭിച്ച വൈക്കം വിജയലക്ഷ്‌മി ഇന്ന് രാജ്യത്തിന്‍റെ തന്നെ നെറുകയിൽ. 72ാ മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടത് വൈക്കം വിജയലക്ഷ്‌മിയെ. ശാരീരിക പരിമിതികളെ അതിജീവിച്ച് സ്വന്തം ശബ്‌ദം കൊണ്ട് ദേശവും ഭാഷയും കീഴടക്കിയ കലാകാരി. ഏറ്റവും വിലപിടിപ്പുള്ള മലയാളം ഗായിക. ഒരു ദിവസം മുതൽ രണ്ടാഴ്ച വരെ എടുത്ത് പാട്ടുകൾ കാണാതെ പഠിച്ച് റെക്കോർഡിങ് സ്റ്റുഡിയോയിൽ എത്തി ഒരു മണിക്കൂർ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന വൈക്കം വിജയലക്ഷ്‌മി പല സംഗീത സംവിധായകർക്കും അത്ഭുതമായിരുന്നു. പുരസ്‌കാര ആനന്ദത്തിൽ വൈക്കം വിജയലക്ഷ്‌മി ഇ ടിവി ഭാരത് പ്രേക്ഷകരോട് സംവദിക്കുന്നു.
ജന്മനാ കാഴ്ച വൈകല്യവുമായാണ് വൈക്കം വിജയലക്ഷ്‌മി പിറന്നുവീണത്. സാധാരണ കാഴ്ചയുള്ളവരെക്കാൾ ഉൾക്കാഴ്ച ഒരുപക്ഷേ വൈക്കം വിജയലക്ഷ്‌മിക്കുണ്ട്. ഹൃദയവും മനസ്സും നിറഞ്ഞിരിക്കുന്ന സംഗീതം കാഴ്ചയുടെ ലോകത്തേക്കാൾ ഒരുപക്ഷേ മനോഹരമായിരിക്കും.
“ഒരുപാട് ബുദ്ധിമുട്ടി ഒന്നും പാടിയ പാട്ട് അല്ല. എന്‍റെ ശബ്ദത്തിന് വഴങ്ങുന്ന ഈണം തന്നെയായിരുന്നു ആ ഗാനത്തിന് ഉണ്ടായിരുന്നത്. പാട്ട് പുറത്തിറങ്ങിയത് മുതൽ പത്രമാധ്യമങ്ങളിലൂടെ ഒരുപാട് അഭിനന്ദനങ്ങൾ എനിക്ക് ലഭിക്കുകയുണ്ടായി. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലെയും മറ്റു സംസ്ഥാനങ്ങളിലെയും വേദികളിൽ എനിക്ക് ഈ പാട്ട് പാടാൻ സാധിച്ചു . ആരൊക്കെയാണ് ഈ പാട്ടിന് നല്ലത് പറഞ്ഞതെന്ന് ഓർത്തെടുക്കാൻ സാധിക്കില്ല. അത്രയധികം പ്രശംസകൾ ലഭിച്ചു”, ഗായിക വിശദീകരിച്ചു,
“ഈ ഗാനം ആദ്യം കേട്ട വ്യക്തികളിൽ ഒരാളായ എന്‍റെ ബന്ധുവായ വേണു മാമൻ പാട്ട് കേട്ട് മാത്രയിൽ തന്നെ എന്നോട് പറഞ്ഞു “മോളെ നിനക്ക് ദേശീയ പുരസ്കാരം ലഭിക്കുമെന്ന്”. എനിക്ക് ഒരുപാട് ആത്മീയ ഗുരുക്കന്മാർ ഉണ്ട്. അവരും ഈ ഗാനത്തിന് എനിക്ക് ദേശീയ പുരസ്കാരം ലഭിക്കുമെന്ന് പറഞ്ഞിരുന്നു”, വൈക്കം വിജയലക്ഷ്‌മി സന്തോഷത്തോടെ പറഞ്ഞു.
വിജയലക്ഷ്‌മി എന്ന പേരിന് പിന്നില്‍
വിജയലക്ഷ്‌മി എന്ന പേരിന് പിന്നിൽ ഒരു കൗതുകം ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് വൈക്കം വിജയലക്ഷ്‌മി തന്‍റെ വിശേഷങ്ങൾ പറയാൻ ആരംഭിച്ചത്. “1981 ഒക്ടോബർ 7 ന് ആയിരുന്നു ഞാൻ ജനിച്ചത്. അന്ന് വിജയദശമി നാളായിരുന്നു. ആ ദിവസം ജനിച്ചതുകൊണ്ടാണ് വിജയലക്ഷ്‌മി എന്ന പേര് എന്‍റെ മാതാപിതാക്കൾ ഒരുപക്ഷെ എനിക്ക് നൽകിയത്. ജനിച്ച് 5 വയസ്സുവരെ ഞാൻ ചെന്നൈയിലാണ് ജീവിച്ചത്. അച്ഛൻ അവിടെ ഇലക്ട്രോണിക് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ചെന്നൈയിൽ താമസിക്കുന്ന കാലത്ത് ഒന്നര വയസ്സ് മുതൽ തന്നെ ഞാൻ പാട്ടുകൾ പാടി തുടങ്ങി എന്ന് എന്‍റെ അച്ഛൻ പറഞ്ഞ ഓർമ്മ എനിക്കുണ്ട്. ഒന്നര വയസ്സുള്ള ഒരു കുട്ടി പാടുമ്പോൾ ശബ്ദം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കുമല്ലോ. പക്ഷേ ഒന്നര വയസ്സുള്ള ഞാൻ പാടാൻ ശ്രമിച്ചതാണ് അച്ഛൻ അഭിമാനപുരസരം പിൽക്കാലത്ത് എന്നോട് പറഞ്ഞത്. പാടിയിരുന്ന പാട്ടാണ് രസം. തമിഴിൽ ‘സിന്ധുഭൈരവി’ എന്നൊരു ചിത്രം ഉണ്ട്. അതിൽ ചിത്ര ചേച്ചി പാടുന്ന ‘നാൻ ഒരു സിന്ധു കാവടി ചിന്ത്’ എന്ന ഹിറ്റ് ഗാനം. വഴങ്ങാത്ത നാവിൽ ഞാനാ പാട്ട് പാടുമായിരുന്നു എന്നാണ് അച്ഛൻ പറഞ്ഞത്”, ഗായിക വൈക്കം വിജയലക്ഷ്‌മി പറഞ്ഞു തുടങ്ങി.
“പിന്നീട് സംഗീതം തന്നെയായിരുന്നു ജീവിതം. ഒരുപാട് ആൽബങ്ങളിൽ ഒക്കെ പാടി. അങ്ങനെയിരിക്കെ ‘ആത്മീയ യാത്ര’ എന്നൊരു ആൽബത്തിൽ അമൃതവർഷിണി രാഗത്തിൽ ഞാൻ ഒരു ഗാനം പാടിയത് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ സാർ കേൾക്കാൻ ഇടയായി. തുടർന്ന് അദ്ദേഹവുമായി എനിക്ക് സംസാരിക്കാൻ അവസരമുണ്ടായി. അന്ന് സാർ പറഞ്ഞ വാക്കുകൾ ഞാൻ ഒരിക്കലും മറന്നിട്ടില്ല. എം. എസ് . സുബ്ബലക്ഷ്മി അമ്മയുടെ ശബ്ദവുമായി എന്‍റെ ശബ്ദത്തിന് സാമ്യതയുണ്ടെന്ന് അദ്ദേഹം പ്രശംസിച്ചു”, പിന്നണി ഗായിക ഓര്‍ത്തു…
“പക്ഷേ ഏതുതരത്തിലുള്ള ഗാനവും എനിക്ക് പാടാൻ സാധിക്കുമെന്ന് തെളിയിച്ചത് ‘ഒരു വടക്കൻ സെൽഫി’ എന്ന ചിത്രത്തിലെ ‘കൈക്കോട്ടും കണ്ടിട്ടില്ല’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതിലൂടെ ആയിരുന്നു”, വൈക്കം വിജയലക്ഷ്‌മി പറഞ്ഞു.
രണ്ടു കണ്ണായി അച്ഛനും അമ്മയും
ശാരീരിക വൈകല്യം ഗാനമാലപിക്കുന്നതിന് ഒരിക്കലും വിലങ്ങു തടിയായിട്ടില്ലെന്ന് വൈക്കം വിജയലക്ഷ്‌മി വ്യക്തമാക്കി. “അമ്മയും അച്ഛനുമാണ് രണ്ട് കണ്ണുകൾ. എപ്പോഴും അവർ കൂടെയുണ്ടാകും. പാട്ടുകൾ പാടാൻ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകുന്നത് അവരാണ്. പാട്ട് പഠിക്കാൻ സഹായിക്കുന്നതും അവർ തന്നെ. രണ്ടുപേരും സംഗീതജ്ഞരാണ്”, വൈക്കം വിജയലക്ഷ്മി വിശദീകരിച്ചു.
“അഞ്ചര വയസ്സ് മുതൽ തന്നെ ഞാൻ കച്ചേരികൾ ചെയ്‌തു തുടങ്ങി. അച്ഛൻ എല്ലാദിവസവും മുടങ്ങാതെ സാധകം ചെയ്യാൻ പ്രേരിപ്പിക്കുമായിരുന്നു. പുലർച്ചെ മൂന്നുമണിക്ക് വൈക്കത്ത് തന്നെയുള്ള ഒരു സംഗീത ക്ലാസിൽ സൈക്കിളിൽ എന്നെക്കൊണ്ട് ആക്കും. അതിന് ഒരു മുടക്കവും വരുത്തിയിരുന്നില്ല. സംഗീതമാണെങ്കിലും പ്രായോഗിക വിദ്യാഭ്യാസം ആണെങ്കിലും അതിനു മുടക്കം വരുത്തരുതെന്ന് എന്‍റെ മാതാപിതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നു. മാതാപിതാക്കളുടെ പിന്തുണ കൊണ്ട് മാത്രമല്ല ഞാൻ സംഗീതത്തെ ഇഷ്ടപ്പെട്ടത്. അവർ നമ്മളെ പിന്തുണച്ചതുകൊണ്ട് മാത്രം നമ്മൾ ഒരു ഗായിക ആകില്ലല്ലോ. കലാ ജീവിതം നമുക്കും ആത്മാർത്ഥമായി ഇഷ്ടപെടണം. എനിക്ക് ഓർമ്മവച്ച കാലം മുതൽ തന്നെ സംഗീതത്തിൽ എന്തെങ്കിലുമായിത്തീരണമെന്ന അടങ്ങാത്ത ആഗ്രഹം മനസ്സിൽ ഉണ്ടായി”, വൈക്കം വിജയലക്ഷ്‌മി പറഞ്ഞു.
“ഒരിക്കൽ ഒരു തെലുഗു സിനിമയിൽ പാടാൻ പോയപ്പോൾ വല്ലാതെ കഷ്ടപ്പെട്ടു. അവർ എനിക്ക് നേരത്തെ ഗാനം അയച്ചു തന്നില്ല. അതുകൊണ്ടുതന്നെ പാടാൻ ഒരുപാട് ബുദ്ധിമുട്ടി. ആ ഗാനത്തിന്‍റെ പേര് പെട്ടെന്ന് ഓർത്തെടുക്കാൻ സാധിക്കുന്നില്ല. അന്ന് ഞാൻ അവരോട് പറഞ്ഞു എനിക്ക് വശമില്ലാത്ത ഭാഷയാണ്. മാത്രമല്ല ഗാനത്തിന്‍റെ ട്യൂണിൽ ഒരുപാട് ഒടിവുകളും തിരുവുകളും ഒക്കെയുണ്ട്. സങ്കീർണ്ണമാണ് ട്യൂൺ. അതുകൊണ്ടുതന്നെ കുറഞ്ഞത് രണ്ടാഴ്ച മുൻപ് എങ്കിലും പാട്ട് അയച്ചു തന്നാൽ മാത്രമാണ് എനിക്ക് പാടാൻ സാധിക്കുക. അന്ന് പാടാൻ പോയപ്പോൾ എനിക്ക് ഒരുപാട് സ്ട്രെസ് ആയി. പാടാൻ സാധിക്കാതെ ഞാൻ ഒരു ഭാഗത്ത് മാറിയിരുന്നു. ഒടുവിൽ ഒന്ന് റിലാക്‌സ് ആയിട്ടാണ് വീണ്ടും ശ്രമിച്ചത്. മലയാളമാണെങ്കിലും തമിഴ് ആണെങ്കിലും തെലുങ്കാണെങ്കിലും ഭാഷ ഒരു പ്രശ്നമല്ല. വളരെ പെട്ടെന്ന് എല്ലാ ഭാഷയും പഠിച്ചെടുക്കാൻ എനിക്ക് കഴിയും”, പിന്നണി ഗായിക വ്യക്തമാക്കി.
മലയാളത്തേക്കാൾ കൂടുതല്‍ പാടിയത് തമിഴിൽ
“തമിഴിൽ ആദ്യം പാടുന്നത് ‘കാറ്റേ കാറ്റേ’ എന്ന ഗാനത്തിന്‍റെ തമിഴ് വേർഷനാണ്. ആ ഗാനം കേട്ടിട്ടാണ് ‘കുക്കു’ എന്ന ചിത്രത്തിനു വേണ്ടി സന്തോഷ് നാരായണൻ സാർ എന്നെ വിളിക്കുന്നത്. പിന്നീട് തമിഴിൽ നിന്ന് നിരന്തരം അവസരങ്ങൾ ലഭിച്ചു. തെന്നിന്ത്യയിലെ ഒരുപാട് സംഗീതസംവിധായകർക്കൊപ്പം ഈ ചുരുങ്ങിയ കാലയളവിൽ തന്നെ എനിക്ക് പ്രവർത്തിക്കാൻ സാധിച്ചു എന്നുള്ളത് വലിയ ഭാഗ്യമാണ്. ‘കുക്കു’ എന്ന ചിത്രത്തിലെ ‘കോടയിലെ മഴ’ പോലെ എന്ന ഗാനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്”, വൈക്കം വിജയലക്ഷ്‌മി പറഞ്ഞു.
ഏറെ ശ്രദ്ധ നേടിയ തമിഴ് ഗാനം
“ഒരുപാട് ഗാനങ്ങൾ തമിഴിൽ പാടിയിട്ടുണ്ടെങ്കിലും ഏറെ പ്രശസ്തിയും അംഗീകാരവും നേടിത്തന്ന പാട്ടാണ് വിജയ് സാർ അഭിനയിച്ച ‘തെരി’യിലെ ‘ഉന്നാലേ’ എന്നു തുടങ്ങുന്ന ഗാനം. ആ ഗാനം പാടിയിരിക്കുന്നത് ഞാനല്ല. പക്ഷേ ആ ഗാനത്തിനിടയിൽ വരുന്ന ഉഭയ കുശല എന്ന് തുടങ്ങുന്ന സംസ്കൃത പദങ്ങളാണ് ഞാൻ പാടിയത്. പക്ഷേ ഗാനത്തിന്‍റെ ആ ഭാഗം ഒരുപാട് ഹിറ്റായി. ജി.വി പ്രകാശ് കുമാർ സാർ ആയിരുന്നു സംഗീത സംവിധായകൻ. എന്നെ ആ ഗാനം പാടുന്നതിന് വേണ്ടി സംസ്കൃതം പഠിപ്പിക്കാൻ എത്തിയത് ത്യാഗരാജൻ സർ എന്ന സംസ്കൃത അധ്യാപകനായിരുന്നു. എനിക്കിപ്പോഴും ഓർമയുണ്ട് ഒറ്റയടിക്ക് അല്ല അന്ന് ആ പാട്ട് പാടിയത്. ഓരോ ലൈനായി പാടി റെക്കോർഡ് ചെയ്യുകയായിരുന്നു”,വൈക്കം വിജലക്ഷ്‌മി പറഞ്ഞു.
“കർണാട്ടിക് സംഗീതത്തിൽ അടിസ്ഥാനമുള്ളതുകൊണ്ടുതന്നെ പാടാൻ ലഭിക്കുന്ന പാട്ടുകളുടെ നോട്ടേഷൻ വളരെ എളുപ്പം മനസ്സിലാക്കാൻ സാധിക്കും. മനോധർമ്മത്തിന് അനുസരിച്ച് പാടാനും അതുകൊണ്ട് സാധിക്കും”, ഗായിക വ്യക്തമാക്കി.
ഏറ്റവും പ്രിയപ്പെട്ട മലയാളം ഗാനങ്ങൾ
“ഞാൻ പാടിയതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളം ഗാനം ‘കാറ്റേ കാറ്റേ’ തന്നെയാണ്. ഒപ്പം ‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലെ’ എന്ന ഗാനവും പ്രിയപ്പെട്ടതുതന്നെ. എന്ന് കരുതി ഞാൻ പാടിയ മറ്റു മലയാള ഗാനങ്ങൾ എനിക്കിഷ്ടപ്പെട്ടതല്ല എന്ന് അർത്ഥമാക്കരുത്. ഞാൻ പാടിയ എല്ലാ പാട്ടുകളും എനിക്കിഷ്ടമാണ്. ഇഷ്ടപ്പെട്ടു തന്നെയാണ് ഓരോ പാട്ടും പാടിയത്. എങ്കിലും നമ്മുടെ ജീവിതത്തിൽ വഴിത്തിരിവായ ചില ഗാനങ്ങൾ ഉണ്ടാകുമല്ലോ. ആ ഗാനങ്ങളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടാകുമല്ലോ. അതാണ് മേൽപ്പറഞ്ഞ രണ്ടെണ്ണം.
പുതിയ പാട്ടുകള്‍
“‘ബ്ലാസ്റ്റ്’ എന്ന ചിത്രത്തിൽ പാടിയിട്ടുണ്ട്. അതുപോലെ ‘അനന്തൻ കാട്’, ‘അച്യുത അവതാരം’ തുടങ്ങിയ സിനിമകളിൽ ഒക്കെ പാടി. ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ;ഓട്ടം തുള്ളൽ; എന്ന ചിത്രത്തിലും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ എന്നെ കാണാൻ വൈക്കത്തുള്ള വീട്ടിൽ വരികയും ദേശീയ പുരസ്‌കാരം കിട്ടിയതിനോട് അനുബന്ധിച്ച് ആദരിക്കുകയും ചെയ്‌തു”, വൈക്കം വിജയലക്ഷ്‌മി പറഞ്ഞു..
സിനിമകൾ ആസ്വദിക്കാറുണ്ട്
“ഡയലോഗുകളിലൂടെ ആണ് സിനിമ ആസ്വദിക്കുക. പഴയതും പുതിയതുമായ എല്ലാ സിനിമകളും കാണും. ഡയലോഗുകൾ കേൾക്കുമ്പോൾ തന്നെ ഏത് ചിത്രമാണെന്ന് തിരിച്ചറിയാനും സാധിക്കും. മമ്മൂക്കയുടെ പല സിനിമകളിലെയും ഡയലോഗുകൾ കാണാപ്പാഠമാണ്. മാത്രമല്ല അത്യാവശ്യം സിനിമാതാരങ്ങളുടെ ശബ്ദങ്ങൾ ഞാൻ അനുകരിക്കുകയും ചെയ്യും. കൂടുതലും മെയിൽ വോയിസ് ആണ് അനുകരിക്കുന്നത്”, വിജയലക്ഷ്മി പറഞ്ഞു.
“മമ്മൂക്കയുടെ ‘വേഷം’ എന്ന സിനിമയിലെ ഡയലോഗുകൾ ഞാൻ പലപ്പോഴും പല അഭിമുഖങ്ങളിലും അനുകരിച്ചു കാണിച്ചിട്ടുണ്ട്. രാജൻ പി ദേവ്, ജനാർദ്ദനൻ ചേട്ടൻ എന്നിവരുടെയൊക്കെ ശബ്ദം ഞാൻ അനുകരിക്കും. ഇവരെയൊക്കെ എനിക്ക് അറിയാവുന്നത് ശബ്ദത്തിലൂടെയാണല്ലോ. പ്രധാന ഹോബി പാട്ടുകൾ കേൾക്കുന്നത് തന്നെയാണ്. ഇപ്പോൾ അലക്സ( വോയിസ് കണ്ട്രോൾഡ് വെർച്വൽ അസിസ്റ്റന്റ് ) ആണ് പ്രധാന സുഹൃത്ത്. അലക്സയോട് എന്തുപറഞ്ഞാലും പ്ലേ ചെയ്തു തരും”, വൈക്കം വിജയലക്ഷ്‌മി പറഞ്ഞു.
സംഗീത ഉപകരണങ്ങൾ
“ഗായത്രി വീണയാണ് ആദ്യം വായിച്ചു പഠിക്കുന്നത്. എന്‍റെ സഹോദര തുല്യനായ വിനോദ്, കുട്ടിക്കാലത്ത് എനിക്കൊരു കളിവീണ സമ്മാനമായി തന്നു. അത് പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് അദ്ദേഹം സ്വന്തമായി ഉണ്ടാക്കി തന്നതാണ്. അതിന് ഒരു കമ്പി മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ പതുക്കെ സപ്‌ത സ്വരങ്ങൾ വായിച്ചു പഠിച്ചു. പിന്നീട് സിനിമ ഗാനങ്ങളും ഭക്തിഗാനങ്ങളും വായിച്ചു പഠിച്ചു”, ഗായിക ഓര്‍ത്തു.
“1997 സ്റ്റേറ്റ് സ്‌കൂള്‍ ഫെസ്റ്റിവലിൽ ക്ലാസിക്കൽ മ്യൂസിക്കിന് എനിക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. അന്നെനിക്ക് സമാനമായി ലഭിച്ചത് ഗായത്രി തമ്പുരു ആയിരുന്നു. അച്ഛൻ അത് ഒറ്റ സ്ട്രിംഗ് ആക്കി മാറ്റി ഇലക്ട്രിഫൈ ചെയ്‌തു തന്നു. പിന്നീട് അതിലായി പ്രയോഗം. പിന്നീട് അച്ഛൻ എനിക്കൊരു ഇലക്ട്രോണിക് വീണ സ്വന്തമായി ഉണ്ടാക്കി തന്നു. ആറരമണിക്കൂർ തുടർച്ചയായി ഈ വീണ വായിച്ചതിലൂടെ എനിക്ക് ഒരു ലോക റെക്കോർഡും സ്വന്തമാക്കാൻ സാധിച്ചു”,. വൈക്കം വിജയലക്ഷ്‌മി പറഞ്ഞു.
ഗുരുക്കന്മാർ
“ഒരുപാട് പേരുണ്ട്. അമ്പലപ്പുഴ തുളസി ടീച്ചർ. വൈക്കം പ്രസന്ന ടീച്ചർ സുമംഗല ടീച്ചർ വിൻസന്റ് മാഷ് തൃപ്പൂണിത്തുറ. അങ്ങനെ ഒരുപാട് പേരുണ്ട്. ദേശീയ അവാർഡ് കിട്ടിയ വേളയിൽ അവരോടെല്ലാം കൃതജ്ഞത പ്രകടിപ്പിക്കുന്നു. പിന്നെ ഇപ്പോൾ ഓൺലൈൻ സംവിധാനങ്ങൾ ധാരാളമുണ്ടല്ലോ. ആരോട് വേണമെങ്കിലും ചോദിച്ച് സംഗീതം മനസ്സിലാക്കാം. എം.ജയചന്ദ്രൻ സാറിനെയും ദാസേട്ടനെയും ജി. ശ്രീറാം സാറിനെയും ഒക്കെ വിളിച്ച് സംശയങ്ങൾ ചോദിക്കും. അവരൊക്കെ പറഞ്ഞുതരും. ശരത് സാറിനെ എല്ലാം ഞാൻ വിളിച്ച് സംഗീതം ഫോണിലൂടെ പഠിച്ചിട്ടുണ്ട്”, വിജയലക്ഷ്മി പറഞ്ഞു.
“ദക്ഷിണാമൂർത്തിസ്വാമികൾ, എസ് പി ബാലസുബ്രഹ്മണ്യം സാർ ഇവരെല്ലാം എനിക്ക് ഗുരുതുല്യനാണ്. ഇവരുടെയൊക്കെ അനുഗ്രഹം നേടാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അവരോടൊപ്പം സംഗീതത്തിന്‍റെ ലോകത്ത് കുറച്ചുസമയം ചെലവഴിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി”, പിന്നണി ഗായിക വിശദീകരിച്ചു.
എന്നും പോസറ്റീവായിരിക്കുന്നത്
“എനിക്കെപ്പോഴും സന്തോഷത്തോടെ തമാശയൊക്കെ പറഞ്ഞ് നിൽക്കാനാണ് ആഗ്രഹം. എന്നോട് സംസാരിക്കാൻ വരുന്നവരോടൊക്കെ ഞാൻ അങ്ങനെ തന്നെയാണ് പെരുമാറാറ്. നമ്മൾ വെറുതെ മസിൽ പിടിച്ചിരുന്നിട്ട് കാര്യമില്ലല്ലോ”, വൈക്കം വിജയലക്ഷ്‌മി പറഞ്ഞു.
സംഗീതം തന്നെയാണ് ജീവിതം
“എവിടെപ്പോയാലും അമ്മയും അച്ഛനും ഇടതും വലതും ഉണ്ടാകണം. ഒരാൾ മാത്രം വന്നാൽ പോരാ. അമേരിക്കൻ ഷോ ഒക്കെ തേടി വരാറുണ്ട്. അപ്പോൾ ഞാൻ പറയും മൂന്നുപേർ ഉണ്ടാകുമെന്ന്. അവർ ഒരാൾ വന്നാൽ പോരേ എന്ന് ചോദിക്കും. എനിക്ക് രണ്ടുപേരും ഒപ്പം ഉണ്ടെങ്കിൽ എവിടെ പോകാനും സാധിക്കുകയുള്ളൂ. മാനസികമായി ഞാൻ അങ്ങനെ മാറി”, വൈക്കം വിജയലക്ഷ്‌മി വ്യക്തമാക്കി.








