ഹൈദരാബാദ്: ഫിഫ ലോകകപ്പിന്‍റെ ചരിത്രത്തിലാദ്യമായി ജേതാക്കൾക്ക് പ്രത്യേക ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ (Championship Rings) സമ്മാനിക്കാൻ ഒരുങ്ങി ഫിഫ. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ കിരീടം ചൂടുന്ന ടീമിന്, പരമ്പരാഗതമായ ലോകകപ്പ് ട്രോഫിക്കും സ്വർണ്ണ മെഡലുകൾക്കും പുറമെയാണ് ഈ അപൂർവ്വ സമ്മാനം ലഭിക്കുക. അമേരിക്കൻ കായിക ലോകത്തെ ഏറ്റവും ജനപ്രിയമായ ഈ ആചാരം ഇതാദ്യമായാണ് ഫിഫ ആഗോള ഫുട്ബോളിലേക്ക് കൊണ്ടുവരുന്നത്.
മോതിരത്തിന്‍റെ സവിശേഷതകളും കസ്റ്റമൈസേഷനും
വിജയികൾക്കായി പ്രത്യേകം നിർമ്മിക്കുന്ന ഈ മോതിരങ്ങളുടെ ഒരു വശത്ത് ഔദ്യോഗിക ഫിഫ ലോകകപ്പ് ട്രോഫിയുടെ ചിത്രവും, മറുവശത്ത് കിരീടം നേടുന്ന രാജ്യത്തിന്‍റെ സവിശേഷതകൾ വ്യക്തമാക്കുന്ന കസ്റ്റമൈസ്‌ഡ് ഡിസൈനുമായിരിക്കും ഉണ്ടാവുക. ഓരോ മോതിരത്തിനും പ്രത്യേക നമ്പറുകളും അവയുടെ ആധികാരികത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കും.
ഫൈനൽ മത്സരം അവസാനിച്ചയുടൻ തന്നെ വിജയികളായ ടീമിന്‍റെ ക്യാപ്റ്റനും ഹെഡ് കോച്ചിനും താൽക്കാലിക മോതിരങ്ങൾ സമ്മാനിക്കും. തുടർന്ന് ടീമിലെ അംഗങ്ങൾക്കായി ആകെ 30 മോതിരങ്ങളാണ് അവരുടെ വിരലുകളുടെ അളവുകൾക്ക് അനുസരിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്‌ത് പിന്നീട് ഔദ്യോഗിക ചടങ്ങിൽ കൈമാറുക.
ആരാധകർക്കും സ്വന്തമാക്കാം ലിമിറ്റഡ് എഡിഷൻ
ടൂർണമെന്‍റ് നടക്കുന്ന വർഷത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിൽ ആകെ 2,026 മോതിരങ്ങൾ മാത്രമാണ് ഫിഫ പരിമിത പതിപ്പായി (Limited Edition) നിർമ്മിക്കുന്നത്. ഇതിൽ 30 എണ്ണം വിജയികളാകുന്ന കളിക്കാർക്ക് നൽകുമ്പോൾ, ബാക്കി വരുന്ന 1,996 മോതിരങ്ങൾ ഫിഫയുടെ ഔദ്യോഗിക ലൈസൻസുള്ള ഉൽപ്പന്നമായി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കായി വിപണിയിലെത്തിക്കും. ഇതിലൂടെ ആരാധകർക്കും ഫിഫ ലോകകപ്പ് ചരിത്രത്തിന്‍റെ ഭാഗമാകാൻ സാധിക്കും.
സ്പെയിൻ – അർജന്‍റീന മഹാപോരാട്ടം
ലോകകപ്പിലെ 104-ാമത്തെ ആവേശപ്പോരാട്ടത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്‍റീനയും തമ്മിലാണ് മാറ്റുരയ്ക്കുന്നത്. സെമി ഫൈനലിൽ കിരീടസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ഫ്രാൻസിനെ തകർത്താണ് സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
മറുഭാഗത്ത്, കടുത്ത പോരാട്ടങ്ങൾ അതിജീവിച്ച് തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്കാണ് അർജന്‍റീന എത്തിയിരിക്കുന്നത്. ടൂർണമെന്‍റില്‍ ഇതുവരെ 8 ഗോളുകൾ അടിച്ചുകൂട്ടിയ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ തകർപ്പൻ ഫോമാണ് ടീമിന്‍റെ പ്രധാന കരുത്ത്. ഇതോടെ മെസ്സിയുടെ ലോകകപ്പ് കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 21 ആയി ഉയർന്നു






