പാകിസ്താനിൽ നിന്ന് ബലൂചിസ്താൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി അവകാശപ്പെടുന്ന പ്രസ്താവന സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്താൻ’ എന്ന പേരിൽ പുറത്തിറങ്ങിയ കത്തിൽ പ്രവിശ്യയുടെ 85 ശതമാനം പ്രദേശവും ഇപ്പോൾ തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് ബലൂച് വിഭാഗം അവകാശപ്പെടുന്നു. എന്നാൽ, വൈറലായ കത്തിന്റെ ആധികാരികത ന്യൂസ്18 സ്ഥിരീകരിച്ചിട്ടില്ല.
പുതിയ ഭരണകൂടം രൂപീകരിച്ചതായും സ്വന്തമായി ദേശീയ പതാക, ദേശീയ ഗാനം, കറൻസി, സ്വതന്ത്ര ഭരണസംവിധാനം എന്നിവ ബലൂചിസ്താൻ സ്വീകരിച്ചതായും കത്തിൽ പറയുന്നു.
‘മാ ചുക്കായിൻ ബലൂചാനി’ എന്ന ഗാനം ദേശീയ ഗാനമായി അംഗീകരിച്ചതായും ‘ബലൂചി ഫലൂസ്’ എന്ന പേരിൽ പുതിയ കറൻസി അവതരിപ്പിച്ചതായും കത്ത് അവകാശപ്പെടുന്നു. മേഖലയിലെ സ്വർണ്ണ-ചെമ്പ് ഖനികൾ, 150-ലധികം സജീവ വാതകപ്പാടങ്ങൾ, 1200-ലധികം കൽക്കരി ഖനികൾ എന്നിവയുൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ പൂർണ്ണ നിയന്ത്രണം പുതിയ ഭരണകൂടം ഏറ്റെടുത്തതായാണ് അവകാശവാദം.
പാക് സുരക്ഷാ ഏജൻസികളിൽ സേവനമനുഷ്ഠിച്ചിരുന്ന നിരവധി ബലൂച്-പഷ്തൂൺ ഉദ്യോഗസ്ഥർ കൂട്ടത്തോടെ രാജി വെച്ച് തങ്ങൾക്കൊപ്പം ചേർന്നതായും ഇവർ പറയുന്നു. യുദ്ധവിമാനങ്ങളോ ടാങ്കുകളോ ഇല്ലെങ്കിലും സ്വന്തം സൈന്യത്തെയും സിവിൽ ഭരണസംവിധാനത്തെയും ഉപയോഗിച്ചാണ് ഇപ്പോൾ ബലൂചിസ്താൻ ഭരിക്കുന്നതെന്നും വർഷാവസാനത്തോടെ പാകിസ്താന്റെ അധിനിവേശ സേനയെ പൂർണ്ണമായും പുറത്താക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
ബലൂചിസ്താന്റെ സ്വാതന്ത്ര്യത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്ന് പ്രസ്താവനയിലൂടെ ബലൂച് പ്രസ്ഥാനം ആവശ്യപ്പെട്ടു. തങ്ങളുടെ പ്രദേശം പാക് സൈന്യത്തിന് ഉപയോഗിക്കാൻ നൽകില്ലെന്നും അയൽരാജ്യങ്ങളുമായി സമാധാനം നിലനിർത്താനാണ് ആഗ്രഹിക്കുന്നതെന്നും ഇവർ വ്യക്തമാക്കി.അതേസമയം, മേഖലയിലെ ജനങ്ങൾ പാക് സൈന്യത്തിനെതിരെ ശക്തമായി പ്രതിരോധിക്കുകയാണെന്നും പ്രവിശ്യ വിട്ടുപോകാൻ സൈന്യത്തോട് ആവശ്യപ്പെടുന്നുണ്ടെന്നും ബലൂച് നേതാവ് മിർ യാർ ബലൂച് മാധ്യമങ്ങളോട് പറഞ്ഞു.
പാക് സൈന്യത്തിന് നിലത്തുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടതായും ഇപ്പോൾ വ്യോമസേനയെ മാത്രമാണ് അവർ ആശ്രയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വർഷങ്ങളായി പാക് സർക്കാരിനെതിരെയും സൈനിക മേധാവി ആസിം മുനീർ, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവർക്കെതിരെയും കടുത്ത പ്രതിഷേധം നിലനിൽക്കുന്ന പ്രദേശമാണ് ബലൂചിസ്താൻ. ഇപ്പോൾ പുറത്തുവന്ന സ്വാതന്ത്ര്യ പ്രഖ്യാപനം സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ അത് നിലവിൽ കടുത്ത രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇസ്‌ലാമാബാദിന് വലിയ തിരിച്ചടിയാകും. സംഭവത്തിൽ പാകിസ്താൻ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.









