മലയാളത്തിന്റെ അഭിമാനം ചിറകേറ്റി ഡോ. അനിൽ മേനോൻ

0
44

മലയാളത്തിന്റെ അഭിമാനം ചിറകേറ്റി ഡോ. അനിൽ മേനോൻ. ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയാകാൻ കുതിപ്പ് തുടങ്ങി. റഷ്യൻ നിർമിത സോയൂസ് MS-29 വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയകരം. കസാഖിസ്താനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ കുതിച്ചുയർന്ന പേടകത്തിൽ അനിൽ മേനോൻ ഉൾപ്പെടെ മൂന്ന് യാത്രികർ. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിക്കുക നാളെ പുലർച്ചെ.

ഡോ. അനിൽ മേനോനെ കൂടാതെ കോസ്മോനോട്ട്സ് പ്യൂറോ ദുബ്രോവ്, അന്ന കികിന എന്നിവരടങ്ങുന്ന മൂവർ സംഘമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രയാകുന്നത്. സോയൂസ് 2.1A റോക്കറ്റാണ് വിക്ഷേപണ വാഹനം. മൂന്ന് മണിക്കൂർ ഒൻപത് മിനിട്ട് ദൈർഘ്യമുള്ള യാത്രക്ക് ഒടുവിൽ രാത്രി 11.26ന് പേടകം സഞ്ചാരികളുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക് ചെയ്യും. രണ്ട് മണിക്കൂറിന് ശേഷം പുലർച്ചെ 1.26 ന് സോയൂസിൽ നിന്ന് അനിലും സംഘവും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കും. എട്ട് മാസം നീളുന്ന ബഹിരാകാശ വാസത്തിൽ നൂറിലധികം ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും സംഘം പൂർത്തീകരിക്കും.

മെഡിസിനിലും എൻജിനീയറിങ്ങിലും ബിരുദമുള്ള അനിൽ മേനോൻ 2014ൽ ഫ്ലൈറ്റ് സർജൻ ആയാണ് ആദ്യം നാസയുടെ ഭാഗമാകുന്നത്. പിന്നീട് സ്പേസ് എക്സുമായും ചേർന്ന് പ്രവർത്തിച്ചു. 2021ലാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിലേക്ക് അനിൽ തിരഞ്ഞെടുക്കപ്പെടുന്നത്. യുഎസ് സ്പേസ് ഫോഴ്സിൽ ലെഫ്റ്റനന്റ് കേണൽ കൂടിയാണ് അനിൽ മേനോൻ. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോൻ ആണ് അനിലിന്റെ പിതാവ്. മാതാവ് എലിസബത്ത് യുക്രൈൻ സ്വദേശിനിയാണ്. അനിൽ ജനിച്ചതും വളർന്നതും അമേരിക്കയിലെ മിനിയപോളിസിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here