കൊച്ചി: സംസ്ഥാനത്ത് ചിക്കനും മത്തിക്കും വില കുതിക്കുന്നു. സംസ്ഥാനത്ത് പലയിടത്തും ബീഫ് വില 500 രൂപയിലെത്തി. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള മത്തി വില കിലോയ്ക്ക് 400 രൂപ കടന്നപ്പോൾ കോഴിയിറച്ചി വില 280 രൂപയെത്തി. കോഴിക്ക് 180 മുതൽ 190 രൂപവരെയാണ് വില. വിവിധ ജില്ലകളിൽ 450 മുതൽ 500 രൂപവരെയെത്തി പോത്തിറച്ചി വില . ചിലയിടങ്ങളിൽ 510 രൂപയാണ് കിലോയ്ക്ക് വില.
ട്രോളിങ് നിരോധവും മത്സ്യലഭ്യതയിലെ കുറവുമാണ് മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ വില വർധിക്കാൻ കാരണം. കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില വർധിച്ചത് ചിക്കൻ വില ഉയരാൻ കാരണമായി. മീൻ വില ഉയർന്നതോടെ ആളുകൾ കൂടുതലായി ചിക്കൻ വാങ്ങാൻ ആരംഭിച്ചതും കോഴിയുടെ ലഭ്യതക്കുറവും വില വർധിക്കാൻ കാരണമായി.
സംസ്ഥാനത്തെ ഫാമുകളിൽ നിന്നുള്ള കോഴികളുടെ ലഭ്യത കുറഞ്ഞതും തിരിച്ചടിയായി. കാലാവസ്ഥ ഉൾപ്പെടെയുള്ള കാരണങ്ങളാണ് ഇതിന് കാരണം. കോഴിക്കുഞ്ഞിൻ്റെ വില 40 രൂപയായി ഉയർന്നതും ചിക്കൻ വില വർധനയ്ക്ക് കാരണമായി. മുൻപ് 30 രൂപയിൽ താഴെയായിരുന്നു കോഴിക്കുഞ്ഞുങ്ങളുടെ വില. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കോഴികളുടെ അളവിലും കുറവുണ്ട്.
ചിക്കൻ വില വർധിച്ചതിനൊപ്പം മുട്ട വില യിലും വർധനയുണ്ട്. 8 രൂപ മുതൽ 8.50 രൂപ വരെയാണ് മുട്ട വില. നാടൻ കോഴിമുട്ടയ്ക്കും താറാവ് മുട്ടയ്ക്കും പത്ത് രൂപയ്ക്ക് മുകളിലാണ് വില. പോത്തിറച്ചി വില 500 കടന്നു. 450 മുതൽ 510 രൂപവരെയാണ് പലയിടത്തും ബീഫ് വില. കോട്ടയം ജില്ലയിൽ 460 മുതൽ 510 രൂപവരെയാണ് ബീഫ് കിലോയ്ക്ക് വില. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ 400 രൂപ മുതൽ 460 രൂപവരെയാണ് കിലോയ്ക്ക് വില. മറ്റ് ജില്ലകളിലും സമാനമായ വിലയിലാണ് വിൽപ്പന തുടരുന്നത്.
അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിന് ആവശ്യമായ പോത്തിറച്ചി എത്തുന്നത്. എന്നാൽ സമീപകാലത്തായി ഈ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കന്നുകാലികളുടെ എണ്ണത്തിൽ കുറവുണ്ടായി. കന്നുകാലിക്കടത്തെന്ന പേരിൽ കർശനമായ നിയന്ത്രണങ്ങളും പരിശോധനകളും വ്യാപകമാക്കിയതും ചില സംസ്ഥാനങ്ങളിലെ ഗോവധ നിരോധന നിയമങ്ങളും കേരളത്തിലേക്കുള്ള കന്നുകാലികളുടെ വരവിനെ ഗുരുതരമായി ബാധിച്ചു. ആന്ധ്രയിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി കന്നുകാലികൾ എത്തുന്നത്. എന്നാൽ കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവരുമ്പോള്‍ വെറ്ററിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് (Animal Husbandry Certificate) ആവശ്യമാണെന്നാണ് പുതിയ ചട്ടം. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കണ്ടെന്ന് ഉത്തരവ് ആന്ധ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയതും തിരിച്ചടിയായി.








