ഈ പ്രശ്നത്തിൽ പത്തനംതിട്ട ജില്ലാ കലക്ടർ കോഴഞ്ചേരി തഹസിൽദാരോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. തഹസിൽദാർ നൽകുന്ന റിപ്പോർട്ടിനു ശേഷം കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കും. ഇനി വീണ്ടും ഡ്രോൺ സർവേ നടത്താൻ അനുവദിക്കില്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. ഈ പ്രദേശത്തെ 400 ഏക്കറോളം ഭൂമി 2014ൽ തന്നെ സർക്കാർ മിച്ചഭൂമിയായി പ്രഖ്യാപിച്ചതാണെന്നാണ് സർക്കാരിന്റെ നിലപാട്.
അതെസമയം സ്ഥലത്തെ ജനപ്രതിനിധികളായ അബിൻ വർക്കി എംഎൽഎ, ആന്റോ ആന്റണി എംപി എന്നിവർ തന്റെ പദ്ധതിക്ക് അനുകൂലമാണെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ഇതിൽ പ്രതികരണവുമായി മുൻ മന്ത്രിയും സി പി ഐ നേതാവുമായ പി പ്രസാദ് രംഗത്തെത്തി. നാട്ടുകാര്‍ ജയിപ്പിച്ചത് കച്ചവടക്കാരൻ ആകാൻ അല്ലെന്ന് ആറന്മുള എം എൽ എ മനസ്സിലാക്കണമെന്ന് അബിൻ വർക്കിയെ പ്രസാദ് പരിഹസിക്കുകയും ചെയ്തു.
2004 ലാണ് എബ്രഹാം കലമണ്ണിൽ വിമാനത്താവള പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങിയത്. തുടക്കത്തിൽ എബ്രഹാം കലമണ്ണിലിന്റെ നേതൃത്വത്തിലാണ് വിമാനത്താവളത്തിനായുള്ള ഭൂമി വാങ്ങിക്കൂട്ടിയത്. പിന്നീട് ഈ ഭൂമിയിൽ വലിയൊരു പങ്ക് അദ്ദേഹം കെജിഎസ് ഗ്രൂപ്പിന് കൈമാറി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മാതൃകയിൽ സർക്കാർ പങ്കാളിത്തത്തോടെയുള്ള (പൊതു-സ്വകാര്യ പങ്കാളിത്തം) ഒരു പദ്ധതിയാണ് താൻ വിഭാവനം ചെയ്തതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ കെ.ജി.എസ് ഗ്രൂപ്പ് പദ്ധതിയെ അട്ടിമറിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. വിമാനത്താവള കമ്പനിയിൽ സർക്കാരിന് 40% ഓഹരിയും, കെ.ജി.എസ് ഗ്രൂപ്പിനും തന്റെ മൗണ്ട് സിയോൺ ഗ്രൂപ്പിനും 30% വീതം ഓഹരിയും വേണമെന്ന നിലപാടും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.
വി എസ് സർക്കാരിന്റെ കാലത്ത് കലമണ്ണിലിന്റെ പദ്ധതിക്ക് തത്വത്തിൽ അനുമതി ലഭിച്ചിരുന്നു. 2011 ൽ ഉമ്മൻചാണ്ടി സർക്കാർ വന്നതോടെ പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. പിന്നീട് ആറന്മുളയിൽ ഉണ്ടായത് വലിയ ജനകീയ പ്രക്ഷോഭമായിരുന്നു. 2014 മെയ് മാസത്തിൽ ഹരിത ട്രിബ്യൂണൽ പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കി. സുപ്രീംകോടതി ഹരിത ട്രിബ്യൂണലിന്‍റെ നിലപാട് ശരിവെച്ചതോടെ നടപടികൾ എല്ലാം മുടങ്ങി. ഭൂ ഉടമ എബ്രഹാം കലമണലിന്റെ കയ്യിലുള്ള ഭൂമിയടക്കം മിച്ച ഭൂമിയായും പ്രഖ്യാപിച്ചു. ഇതിന് എതിരായ കേസുകൾ ഹൈക്കോടതിയിൽ നടക്കുകയാണ്. ഈ മാസം 16 ന് കേസ് പരിഗണിക്കുന്നുമുണ്ട്. കേസ് പരിഗണിക്കാൻ പോകുന്നതിന് തൊട്ടു മുമ്പാണ് കലമണ്ണിലിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്.






