ചൊറിയുന്തോറും വീണ്ടും ചൊറിയാൻ തോന്നുന്നത് എന്തുകൊണ്ട്? കാരണങ്ങൾ കണ്ടെത്തി ഗവേഷകർ

0
3

ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ ഒന്ന് ചൊറിഞ്ഞാൽ കിട്ടുന്ന ആശ്വാസം ചെറുതല്ല. എന്നാൽ ആ ചെറിയ ആശ്വാസത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വലിയ അപകടങ്ങളാണെന്ന് നിങ്ങൾക്കറിയാമോ. ചൊറിയുന്തോറും വീണ്ടും ചൊറിയാൻ തോന്നുന്ന ആ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങൾ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

ചൊറിച്ചിലിന് കാരണമാകുന്ന ഘടകങ്ങൾ പലതാണ്. ചിലപ്പോൾ അത് ഗുരുതരമായ രോഗങ്ങളുടെ ലക്ഷണവുമാകാം. കാരണം എന്തുതന്നെയായാലും അമിതമായി ചൊറിയുന്നത് ചർമത്തിന് കേടുപാടുകൾ വരുത്തുമെന്ന് ഡോക്ടർമാർ കാലങ്ങളായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ചെറിയൊരു ചൊറിച്ചിൽ പോലും എങ്ങനെയാണ് വീണ്ടും വീണ്ടും ചൊറിയാനുള്ള പ്രവണതയിലേക്ക് നമ്മെ എത്തിക്കുന്നതെന്ന് ഗവേഷകർ ഇപ്പോൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്.

പിറ്റ്സ്ബർഗ് സർവകലാശാലയിലെ ഡെർമറ്റോളജിസ്റ്റും ചർമത്തിലെ പ്രതിരോധ പ്രതികരണങ്ങളെക്കുറിച്ച് പഠിക്കുന്ന ലബോറട്ടറിയുടെ തലവനുമായ ഡോക്ടർ ഡാനിയൽ കപ്ലാൻ്റെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്. വിഷച്ചെടികൾ അല്ലെങ്കിൽ ആഭരണങ്ങളിലെ നിക്കൽ പോലുള്ളവ മൂലമുണ്ടാകുന്ന അലർജിക് കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് എന്ന സാധാരണ ചൊറിച്ചിലിനെക്കുറിച്ചാണ് അദ്ദേഹം പഠനം നടത്തിയത്. ഇതിനായി എലികളുടെ ചെവിയിൽ ചൊറിച്ചിലുണ്ടാക്കുന്ന പദാർഥങ്ങൾ പുരട്ടി. സാധാരണ എലികൾ ചൊറിയുകയും, തുടർന്ന് കോശങ്ങളിൽ വീക്കം സംഭവിക്കുകയും ചെയ്തു. എന്നാൽ ചൊറിച്ചിൽ അറിയാൻ കഴിയാത്ത നാഡീകോശങ്ങളുള്ള എലികളിൽ ഈ വീക്കം വളരെ കുറവായിരുന്നു.

കോൺ ഓഫ് ഷെയിം പരീക്ഷണം
ചൊറിയുന്നത് കൊണ്ടാണോ ഈ വ്യത്യാസം ഉണ്ടാകുന്നതെന്ന് കണ്ടെത്താൻ മൃഗവൈദ്യന്മാർ ഉപയോഗിക്കുന്ന കോൺ ഓഫ് ഷെയിം എന്നറിയപ്പെടുന്ന കോളറുകൾ എലികളിൽ ധരിപ്പിച്ചു. ചൊറിച്ചിൽ അനുഭവപ്പെട്ടെങ്കിലും അവയ്ക്ക് ചൊറിയാൻ കഴിഞ്ഞില്ല. ഈ എലികളിലും വീക്കം വളരെ കുറവാണെന്ന് കണ്ടെത്തി. ചൊറിയുന്നത് അവസ്ഥ കൂടുതൽ വഷളാക്കുമെന്ന മനുഷ്യരുടെ ദൈനംദിന അനുഭവങ്ങളുമായി ഈ തെളിവുകൾ യോജിക്കുന്നുണ്ടെന്ന് ഡാനിയൽ കപ്ലാൻ വ്യക്തമാക്കി.

കൊതുക് കടിച്ചാൽ ചൊറിയാതെ വിട്ടാൽ അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ അത് മാറുമെന്നും, എന്നാൽ ചൊറിയാൻ തുടങ്ങിയാൽ അത് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന വലിയ ചൊറിച്ചിലിലേക്കും വീക്കത്തിലേക്കും നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ സംവിധാനത്തിൽ ആദ്യം പ്രതികരിക്കുന്ന മാസ്റ്റ് കോശങ്ങളെക്കുറിച്ചും കപ്ലാൻ്റെ സംഘം ആഴത്തിൽ പഠിച്ചു. അലർജിയുണ്ടാക്കുന്ന ഘടകങ്ങൾക്ക് മാസ്റ്റ് കോശങ്ങളെ ഉത്തേജിപ്പിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർക്ക് നേരത്തെ അറിയാമായിരുന്നു. എന്നാൽ വേദന ഉൾപ്പെടെയുള്ള മറ്റ് ഘടകങ്ങൾക്കും ഇവയെ ഉത്തേജിപ്പിക്കാൻ കഴിയും. നമ്മൾ ചൊറിയുമ്പോൾ വേദന തുടങ്ങുന്നത് വരെ അത് തുടരാറുണ്ടെന്ന് കപ്ലാൻ ചൂണ്ടിക്കാട്ടി.

സബ്സ്റ്റൻസ് പി എന്ന രാസസന്ദേശവാഹകൻ
വേദന തിരിച്ചറിയുന്ന നാഡീകോശങ്ങൾ സബ്സ്റ്റൻസ് പി എന്ന രാസസന്ദേശവാഹകനെ പുറപ്പെടുവിക്കുന്നുണ്ട്. അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ പ്രവർത്തിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ തന്മാത്രാ പാതയിലൂടെ സബ്സ്റ്റൻസ് പിക്ക് മാസ്റ്റ് കോശങ്ങളെ ഉത്തേജിപ്പിക്കാൻ കഴിയുമെന്ന് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച പഠനത്തിൽ കപ്ലാൻ്റെ സംഘം റിപ്പോർട്ട് ചെയ്തിരുന്നു. ചൊറിയുന്നത് വീണ്ടും വീക്കമുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് ഇത് വ്യക്തമാക്കുന്നു.

പരിണാമപരമായി നോക്കുമ്പോൾ ചൊറിയുമ്പോൾ ലഭിക്കുന്ന ആശ്വാസം ഒരു പോസിറ്റീവ് പ്രതികരണമാണ്. ചെള്ളുകൾ അല്ലെങ്കിൽ കാശ് പോലുള്ള പരാദങ്ങളെ അകറ്റാൻ ഇത് ജീവികളെ സഹായിക്കുമെന്നാണ് കാലങ്ങളായുള്ള ഒരു സിദ്ധാന്തം. സ്റ്റാഫൈലോകോക്കസ് ഓറിയസ് എന്ന സാധാരണ ചർമ ബാക്ടീരിയയെ ചെറുക്കാൻ മാസ്റ്റ് കോശങ്ങൾക്ക് കഴിയുമെന്ന മറ്റ് ലബോറട്ടറികളുടെ കണ്ടെത്തലുകളും കപ്ലാനെ ആകർഷിച്ചു. തുടർന്ന് അദ്ദേഹത്തിൻ്റെ സംഘം എലികളിൽ ബാക്ടീരിയയെ കടത്തിവിട്ട് കോൺ ഓഫ് ഷെയിം പരീക്ഷണം ആവർത്തിച്ചു. ചൊറിഞ്ഞ എലികളുടെ ചെവിയിൽ ഈ അണുക്കളുടെ അളവ് കുറവാണെന്ന് കണ്ടെത്തി. അധികമായുണ്ടായ വീക്കമോ അല്ലെങ്കിൽ മാസ്റ്റ് കോശങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങളോ ആകാം ഇതിന് കാരണം.

ചികിത്സയും പ്രതിവിധിയും
എങ്കിലും ആരോഗ്യപരമായ ഉപദേശങ്ങളിൽ മാറ്റം വരുത്താൻ ഈ കണ്ടെത്തൽ പര്യാപ്തമല്ല. ആത്യന്തികമായി ചൊറിയുന്നത് ദോഷകരമാണെന്നും അത് ഒഴിവാക്കണമെന്നും കപ്ലാൻ ഊന്നിപ്പറഞ്ഞു. ചൊറിച്ചിലിൻ്റെ കാരണം അനുസരിച്ചാണ് അതിനുള്ള ചികിത്സ തീരുമാനിക്കുന്നത്. നിലവിൽ ആൻ്റിഹിസ്റ്റാമൈനുകളും മറ്റ് ചില മരുന്നുകളും മാസ്റ്റ് കോശങ്ങൾ മൂലമുണ്ടാകുന്ന ചൊറിച്ചിൽ കുറയ്ക്കാൻ സഹായിക്കും. കപ്ലാൻ്റെ സംഘം കണ്ടെത്തിയ പാതയെ ലക്ഷ്യം വയ്ക്കുന്ന എംആർജിപിആർഎക്സ്2 ബ്ലോക്കറുകൾ എന്ന പുതിയ രീതിയും മരുന്ന് കമ്പനികൾ പരീക്ഷിക്കുന്നുണ്ട്.

ഈ പാതയെക്കുറിച്ചുള്ള കൂടുതൽ ധാരണ ക്രോണിക് എക്സിമ പോലുള്ള ചർമരോഗങ്ങൾക്ക് ഭാവിയിൽ സഹായകമാകുമെന്ന് കപ്ലാൻ പ്രതീക്ഷിക്കുന്നു. പ്രാണികളുടെ കടി, വിഷച്ചെടികൾ, മറ്റ് കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് എന്നിവ മൂലമുണ്ടാകുന്ന ചൊറിച്ചിലിന് ഹൈഡ്രോകോർട്ടിസോൺ ക്രീം, കാലാമിൻ ലോഷൻ അല്ലെങ്കിൽ ഓട്സ് ബാത്ത് പോലുള്ളവ ഉപയോഗിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ നിർദേശിക്കുന്നു. മെന്തോൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നത് ചർമത്തിൽ ചൊറിച്ചിലിന് പകരം തണുപ്പ് അനുഭവപ്പെടാൻ സഹായിക്കുമെന്നും, ഇത് ചൊറിച്ചിൽ ഒഴിവാക്കാൻ സഹായിക്കുന്ന ഒരു മികച്ച വഴിയാണെന്നും കപ്ലാൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here