ഹൈദരാബാദ്: കന്നുകാലികളെ ബാധിക്കുന്ന ലംപി സ്‌കിൻ, മങ്കിപോക്‌സ് എന്നിവയ്‌ക്ക് വാക്‌സിൻ കണ്ടെത്തി ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ (IICT) ശാസ്ത്രജ്ഞർ. ലംപി സ്‌കിൻ ഡിസീസ് (LSDV) എന്ന ത്വക്ക് രോഗത്തിനും മനുഷ്യരാശിക്ക് ഭീഷണിയായി മാറുന്ന മങ്കിപോക്‌സിനും എതിരായ വാക്‌സിൻ ആണ് ഗവേഷകരടങ്ങുന്ന സംഘം കണ്ടെത്തിയത്.
നിലവിൽ ലഭ്യമായ മരുന്ന് ‘ലാപാറ്റിനിബ്’ എഐയുടെ സഹായത്തോടെ ഈ വൈറസുകളെ തടയുന്നതിൽ ഫലപ്രദമാണെന്ന് കണ്ടെത്തി. മനുഷ്യരിലെ ക്യാൻസറിനെ ചികിത്സിക്കാൻ ഈ മരുന്ന് നിലവിൽ ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി അറിയിച്ചു.
വൈറസ് സ്വയം പെരുകുന്നത് തടയുന്നുവെന്ന് കമ്പ്യൂട്ടർ അധിഷ്‌ഠിത വിശകലനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. എഐ സാങ്കേതികവിദ്യയിലൂടെ എൽഎസ്‌ടികെ എന്ന പ്രോട്ടീൻ്റെ ഘടന ഗവേഷകർ വിശകലനം ചെയ്യുകയും അതിനെ തടയുന്ന മരുന്നുകൾ കണ്ടെത്തുന്നതിനായി ഒരു പഠനം നടത്തുകയും ചെയ്‌തു. ഇതിൻ്റെ ഭാഗമായി, എഫ്‌ഡിഎ അംഗീകരിച്ച 88 തരം കൈനേസ് ഇൻഹിബിറ്റർ മരുന്നുകളാണ് അവർ പരീക്ഷിച്ചത്.
‘ലാപാറ്റിനിബ്’ എൽഎസ്‌ഡിവിയിലെ പ്രോട്ടീനിനെ ഫലപ്രദമായി തടയുന്നുവെന്ന് കണ്ടെത്തി. മനുഷ്യരെ ബാധിക്കുന്ന മങ്കിപോക്‌സ്, ഒരുകാലത്ത് കോളിളക്കം സൃഷ്‌ടിച്ച വസൂരി തുടങ്ങിയ മറ്റ് പോക്‌സ് വൈറസുകളെ തടയുന്നതിനുള്ള ഒരു പുതിയ മാർഗവും ഗവേഷണത്തിൻ്റെ ഭാഗമായി. അടുത്ത ഘട്ടത്തിൽ ലബോറട്ടറി പരിശോധനകളിലൂടെ ഈ മരുന്നിൻ്റെ ഫലപ്രാപ്‌തി സ്ഥിരീകരിക്കുമെന്നും ശാസ്‌ത്രജ്ഞർ പറഞ്ഞു.
ഡോ. അമഞ്ചി ശ്രീനിവാസ്, രച വൈഷ്‌ണവി, അൻമോൾ സിൻഹ, അപാര ചെങ്കൽവാല, ജൂലി ഗുപ്‌ത, നല്ല സായ്‌കുമാർ, ഭാമിദിപതി പ്രണവ്, യെഡ്‌ല പൂർണചന്ദ്ര എന്നിവരടങ്ങിയ സംഘം നടത്തിയ ഈ ഗവേഷണം അടുത്തിടെ ‘കമ്പ്യൂട്ടേഴ്‌സ് ഇൻ ബയോളജി ആൻഡ് മെഡിസിൻ’ എന്ന അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.
എന്താണ് ലംപി സ്‌കിൻ
കന്നുകാലികളിലും എരുമകളിലും കാണപ്പെടുന്ന ഒരു വൈറൽ രോഗമാണ് ലംപി സ്‌കിൻ അഥവാ ചർമമുഴ. കൊതുകുകൾ, ഈച്ചകൾ തുടങ്ങിയ രക്തം കുടിക്കുന്ന പ്രാണികളിലൂടെയാണ് ഈ രോഗം പ്രധാനമായും പകരുന്നത്. ഇത് മനുഷ്യരിലേക്ക് പകരില്ലെങ്കിലും കന്നുകാലികളിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ക്ഷീര കർഷകർക്ക് വലിയ സാമ്പത്തിക നഷ്‌ടവും ഉണ്ടാക്കുന്നു.
മങ്കിപോക്‌സ് അഥവാ എംപോക്‌സ്
എംപോക്‌സ് എന്നത് കുരങ്ങുകളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതും, പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് സമ്പർക്കത്തിലൂടെ പകരുന്നതുമായ ഒരു വൈറസ് രോഗമാണ്. പനി, ശരീരവേദന, നീരുവീക്കം, മുഖത്തും ശരീരത്തിലും ഉണ്ടാകുന്ന വേദനയേറിയ കുമിളകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി രണ്ട് മുതൽ നാല് ആഴ്‌ചയ്ക്കുള്ളിൽ രോഗം ഭേദമാകും.







