തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷനുകളുടെ ഗുണഭോക്താക്കളുടെ അളവ് നിയന്ത്രിക്കാൻ മുൻ സർക്കാർ വെച്ചിരുന്ന മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നത് പരിശോധിക്കുമെന്ന് സംസ്ഥാന സർക്കാർ. ഇന്ന് നിയമസഭയിൽ ടി പി അഷ്‌റഫ് അലി എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായി മുഖ്യമന്ത്രി വിഡി സതീശൻ ഇക്കാര്യത്തിലുള്ള സർക്കാരിന്റെ നിലപാട് വ്യക്തമാക്കി. ‘സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കും’ എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
പരിഷ്കരണത്തിന്റെ സ്വഭാവം അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: ‘2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ള വീട്, താമസിക്കുന്ന വീട്ടില്‍ എസി, 1000 സി.സിയില്‍ കൂടുതല്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ള കാര്‍ എന്നിവ ഉള്ളവര്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഉള്ളവരുടെ ഗണത്തില്‍ വരുന്നതിനാല്‍ ടി ആളുകള്‍ക്ക് പെന്‍ഷന്‍ അനുവദനീയമല്ല. മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നതാണ്.’
1000 സിസിയിൽ കൂടുതൽ ശേഷിയുള്ള കാർ എന്ന മാനദണ്ഡം കേരളത്തിലെ വലിയൊരു വിഭാഗം വീടുകളെയും സാമൂഹ്യക്ഷേമ പെൻഷന് പുറത്താക്കുന്നുണ്ട്. രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ കാറുകൾ വിറ്റഴിക്കുന്നത് മാരുതി സുസൂക്കിയാണ്. മാരുതിയുടെ ഏറ്റവും കൂടുതൽ വിൽക്കുന്ന കാറുകളിലൊന്നാണ് വാഗൺആർ ഹാച്ച്ബാക്ക്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ 18076 യൂണിറ്റുകൾ വിറ്റ ഈ കാറിന് രണ്ട് എൻജിൻ വേരിയന്റുകളാണുള്ളത്. 1.2 ലിറ്ററിന്റെ വേരിയന്റും, 1 ലിറ്ററിന്റെ മറ്റൊരു വേരിയന്റും. ഇതിൽ അൽപം ഉയർന്ന ശേഷി ആവശ്യമെന്നു കണ്ട് 1.2 ലിറ്ററിന്റെ കാർ വാങ്ങിയവർക്ക് നിലവിൽ പെൻഷൻ ലഭിക്കില്ല.
ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിൽപ്പനയുള്ള മറ്റൊരു കാർ മോഡലാണ് ടാറ്റ പഞ്ച്. ഈ കാറിന്റെ പെട്രോൾ എൻജിൻ പതിപ്പ് 1199 സിസിയാണ്. ഇതും നിലവിലെ മാനദണ്ഡങ്ങൾ പറയുന്ന പരിധിക്ക് പുറത്താണ്. മാരുതി ബലെനോ തുടങ്ങിയ കാറുകളുടെ സ്ഥിതിയും ഇതു തന്നെയാണ്. വീട്ടിൽ കൂടുതൽ അംഗങ്ങളുള്ളവർ സൗകര്യത്തിന് വാഗൺ ആർ പോലുള്ള വാഹനങ്ങളാണ് വാങ്ങുക. ചെറിയ സിസി കാറുകളുടെ വിൽപ്പന ഇന്ന് വളരെയേറെ താഴേക്ക് വന്നതായി കാണാം. മെയ് മാസത്തിലെ കണക്കുകൾ പ്രകാരം മാരുതി സുസൂക്കി ആൾട്ടോയുടെ വിൽപ്പന 9887 യൂണിറ്റാണ്. പൊതുവെ കുറഞ്ഞ സിസിയുള്ള കാറുകളുടെ വിൽപ്പന താഴുന്നതാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ട്രെൻഡ്. ചുരുക്കത്തിൽ വലിയൊരു വിഭാഗം വീടുകളും നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം സാമൂഹ്യക്ഷേമ പെൻഷന് പുറത്താണ്.
സബ്മിഷന് മുഖ്യമന്ത്രി നൽകിയ മറുപടി
സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ടി.പി.അഷ്‌റഫ് അലി എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി 23/06/2026
സബ്മിഷന്‍ നോട്ടീസ്:
സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌ക്ക രിക്കേണ്ടത് അത്യാവശ്യമാണ്. എ.സിയും, നാലുചക്രവാഹനവും നിലവിലെ അവസ്ഥയില്‍ ആഡംബര വസ്തുവല്ല മറിച്ച് അത്യാവശ്യമാണ്. പ്രത്യേകിച്ചും പ്രായമായവരും കിടപ്പിലായ രോഗികളുമുള്ള വീടുകളില്‍ ഇത്തരം ആളുകള്‍ക്ക് നിലവിലുള്ള മാനദണ്ഡങ്ങളുടെ പേരു പറഞ്ഞ് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള മാന ദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത കാണിച്ച് നല്‍കുന്ന സബ്മിഷന്‍
സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അശരണരും നിരാലംബരുമായവര്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ അനുവദിക്കുന്നത്. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിയ്ക്കുന്നു വെന്ന് ഉറപ്പാക്കുന്നതോടൊപ്പം അനര്‍ഹര്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കേണ്ടതുമാണ്. ആയതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കു ന്നതിനുള്ള പൊതു മാനദണ്ഡങ്ങള്‍ ജി.ഒ.(എം.എസ്.)നം.97/2020/ഫിന്‍ തീയതി 23.09.2020 പ്രകാരം പുറപ്പെടുവിച്ചിട്ടുള്ളത്.
പൊതുമാനദണ്ഡങ്ങള്‍ പ്രകാരം 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ള വീട്, താമസിക്കുന്ന വീട്ടില്‍ എ.സി., 1000 സി.സിയില്‍ കൂടുതല്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ള കാര്‍ എന്നിവ ഉള്ളവര്‍ മെച്ചപ്പെട്ട ഭൗതിക സാഹ ചര്യങ്ങള്‍ ഉള്ളവരുടെ ഗണത്തില്‍ വരുന്നതിനാല്‍ ടി ആളുകള്‍ക്ക് പെന്‍ഷന്‍ അനുവദനീയമല്ല. മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നതാണ്.








