കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ജോർജ് കുര്യൻ;

0
2

ന്യൂഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവച്ചു. രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞത്. ജോർജ് കുര്യൻ സമർപ്പിച്ച രാജി രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് ജോർജ് കുര്യൻ്റെ രാജ്യസഭാ കാലാവധി അവസാനിച്ചത്. ഇതിന് പിന്നാലെയാണ് സ്വാഭാവിക നടപടിയെന്ന നിലയിൽ അദ്ദേഹം രാജി സമർപ്പിച്ചത്. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം. എന്നാൽ ഇത്തവണ ഒഴിവുവന്ന സീറ്റുകളിലേക്ക് ജോർജ് കുര്യനെ ബിജെപി നേതൃത്വം വീണ്ടും പരിഗണിച്ചിരുന്നില്ല.

പകരം തരുൺ ചുഗ്, രജനീഷ് അഗർവാൾ എന്നിവരെയാണ് പാർട്ടി സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്. ഇതോടെയാണ് മന്ത്രിസഭയിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ പടിയിറക്കം ഉറപ്പായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഔദ്യോഗികമായി രാജിക്കത്ത് കൈമാറിയത്. ഭരണഘടനയുടെ 75(2) അനുച്ഛേദപ്രകാരം പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് രാഷ്ട്രപതി രാജി അംഗീകരിച്ചത്.

സംഘടനാ ചുമതലകളിലേക്ക് മടങ്ങും
മന്ത്രിസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ജോർജ് കുര്യൻ വീണ്ടും സംഘടനാ ചുമതലകളിലേക്ക് മടങ്ങുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ. കേരളത്തിൽ സജീവമായി പ്രവർത്തിക്കാനുള്ള തൻ്റെ താത്പര്യം അദ്ദേഹം ഇതിനോടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ദേശീയ തലത്തിലാണോ അതോ കേരളത്തിലാണോ അദ്ദേഹത്തിന് പുതിയ ചുമതല നൽകുകയെന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ തന്നെ ബിജെപി നേതൃത്വത്തിൽ നിന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മന്ത്രിസഭയിലെത്തിയത് കഴിഞ്ഞ വർഷം
മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ 2024 ജൂൺ ഒൻപതിനാണ് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായി ജോർജ് കുര്യൻ ചുമതലയേറ്റത്. മന്ത്രിയായതിന് ശേഷം മധ്യപ്രദേശിൽ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്ന് അദ്ദേഹം ജനവിധി തേടിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവാഹക സമിതിയംഗം, കോർ കമ്മിറ്റിയംഗം, പാർട്ടി വക്താവ് തുടങ്ങിയ സുപ്രധാന പദവികളിൽ പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽ എത്തിയത്. കൂടാതെ, ഒന്നാം വാജ്‌പേയി സർക്കാരിൻ്റെ കാലത്ത് ഒ രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായും ജോർജ് കുര്യൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജോർജ് കുര്യൻ്റെ രാജിയോടെ കേന്ദ്രമന്ത്രിസഭയിലെ കേരളത്തിൻ്റെ പ്രാതിനിധ്യം സുരേഷ് ഗോപിയിൽ മാത്രമായി ചുരുങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപിക്കൊപ്പം, കേരളത്തിൽ നിന്നുള്ള ക്രൈസ്തവ മുഖം എന്ന നിലയിലാണ് ജോർജ് കുര്യനെ ബിജെപി കേന്ദ്ര നേതൃത്വം മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രപ്രധാനമായ നീക്കമായിരുന്നു ഇത്.

എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലെ കാഞ്ഞിരപ്പള്ളിയിലെ പരാജയവും, രാജ്യസഭയിലേക്ക് വീണ്ടും അവസരം ലഭിക്കാത്തതും അദ്ദേഹത്തിൻ്റെ പാർലമെൻ്ററി മോഹങ്ങൾക്ക് തിരിച്ചടിയായി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്ന ജോർജ് കുര്യന് ബിജെപിയിൽ സുപ്രധാന ചുമതലകൾ ലഭിച്ചേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here