കേരളത്തില്‍ അപാര സാധ്യത തുറന്ന് മധുരക്കിഴങ്ങ്; വിദേശ ലോഡുകള്‍ കാത്ത് വിപണി

0
3

കണ്ണൂര്‍: വീടുകളുടെ അടുക്കള ഭാഗത്ത് പടര്‍ന്നു പിടിച്ച വള്ളിയും പിഴുതെടുക്കുമ്പോള്‍ കിട്ടുന്ന മധുരക്കിഴങ്ങും പണ്ടു കാലത്തൊക്കെ മിക്ക പുരയിടങ്ങളിലേയും സ്ഥിരം കാഴ്‌ചയായിരുന്നു. കാലം മുന്നോട്ടു നീങ്ങിയതോടെ മധുരക്കിഴങ്ങ് വള്ളികള്‍ കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ നിന്നും പതിയെ നാടു നീങ്ങി. ഒരു വലിയ ഇടവേളക്കു ശേഷം മധുരക്കിഴങ്ങ് വലിയ ആവേശത്തോടെ ഏറ്റെടുക്കുകയാണ് മലയാളി.

ഗ്രാമ നഗര വ്യത്യാസമില്ലാതെ പച്ചക്കറി കടകളിലും മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ചൂടോടെ വിറ്റഴിക്കപ്പെടുകയാണ് മധുരക്കിഴങ്ങ്. ഗുണനിലവാരമനുസരിച്ചും ലഭ്യതക്കനുസരിച്ചും സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും കിലോയ്ക്ക് മുപ്പത് മുതല്‍ 90 രൂപ വരെ വില വരാറുണ്ട്. നിലവിൽ ക്വിന്‍റലിന് 1,700 രൂപ മുതൽ 4,000 രൂപ വരെ ലഭിക്കും.

കേരളത്തിൽ മധുരക്കിഴങ്ങ് വളരില്ലേ ?

പഴയ കാലത്ത് വീട്ടുപറമ്പില്‍ ഒരു തടത്തിലെങ്കിലും വലിയ പരിപാലനമൊന്നുമില്ലാതെ മധുരക്കിഴങ്ങ് വളര്‍ന്നിരുന്നു. രുചിഭേദങ്ങളിലുളള മാറ്റം കാരണം മധുരക്കിഴങ്ങിന്‍റെ സ്ഥാനം പിറകോട്ട് പോവുകയും വീട്ടുപറമ്പില്‍ നിന്നും വിസ്‌മൃതമാവുകയും ചെയ്‌തു. കപ്പ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് മധുരക്കിഴങ്ങ് വളര്‍ത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് അതല്ല അവസ്ഥ.

പോഷക മൂല്യങ്ങള്‍ പ്രചരിച്ചതോടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലും മധുരക്കിഴങ്ങിൻ്റെ വിപണിയും സ്ഥാനവും കൈവന്നിരിക്കയാണ്. ഒരു കാലത്ത് പലചരക്ക് കടകളുടെ മൂലയില്‍ കൂട്ടിയിട്ട് വില്‍പ്പന നടത്തിയിരുന്ന മധുരക്കിഴങ്ങ് ഇപ്പോള്‍ തട്ടുകളില്‍ മറ്റിനങ്ങളെ പോലെ വില്‍പ്പനക്ക് വെച്ചിരിക്കയാണ്. ഗുഡ്‌സ് ഓട്ടോകളില്‍ കൊണ്ട് വന്ന് നിരവധി കവലകളില്‍ വഴിവാണിഭവും നടത്തി വരുന്നു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് വടക്കേ മലബാറില്‍ മധുരക്കിഴങ്ങ് കൊണ്ട് വരുന്നത്.

“ഇവിടെ ഏറ്റവും അധികം വിറ്റുപോകുന്ന കിഴങ്ങ് ഇനങ്ങളിലൊന്നാണ് മധുരക്കിഴങ്ങ്. പ്രമേഹ രോഗികള്‍ക്കടക്കം ധൈര്യമായി കഴിക്കാമെന്നതിനാല്‍ത്തന്നെ നിരവധി പേരാണ് മധുരക്കിഴങ്ങ് വാങ്ങാനെത്തുന്നത്. ഡിമാന്‍ഡ് കൂടുന്നത് കൊണ്ടു തന്നെ അടിക്കടി ഞങ്ങള്‍ക്ക് പുതിയ സ്‌റ്റോക്ക് എത്തിക്കേണ്ടി വരുന്നുണ്ട്.സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഏറ്റവും ഡിമാന്‍ഡുള്ള ഐറ്റങ്ങളിലൊന്നായി മധുരക്കിഴങ്ങ് മാറിക്കഴിഞ്ഞെന്ന് കണ്ണൂരിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ ദീഷ്മയും വിപിനയും പ്രണവും സാക്ഷ്യപ്പെടുത്തുന്നു.

ഗുണങ്ങൾ ഏറെ

ഒരു കാലത്ത് വിശപ്പടക്കാനുളള ദരിദ്രരുടെ ആഹാരമായിരുന്നു മധുരക്കിഴങ്ങ്. ആരോഗ്യപരിരക്ഷക്കുളള ഉത്തമഭക്ഷ്യവസ്‌തു എന്ന സ്ഥാനത്തേക്ക് എത്തി നില്‍ക്കുകയാണ് സ്വീറ്റ് പൊട്ടറ്റോ. ആരോഗ്യകരമായ ഭക്ഷണം എന്ന പദവി നേടിയതോടെ മധുരക്കിഴങ്ങിന് പ്രാധാന്യം ഏറിവരികയാണ്. നൂറ് ഗ്രാം മധുരക്കിഴങ്ങില്‍ 86 കലോറിയും 0.1 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്.

ജീവകങ്ങളായ എ, ബി 6, ബീറ്റാ കരോട്ടിന്‍, ആൻ്റി ഓക്‌സൈഡ് എന്നിവയും മധുരക്കിഴങ്ങിലുണ്ട്. പൊട്ടാസിയം, പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം എന്നിവയുടെ കലവറയാണ് മധുരക്കിഴങ്ങ്. പൊണ്ണത്തടി, പ്രമേഹം, എന്നിവയുള്ളവര്‍ക്ക് മധുരക്കിഴങ്ങ് കഴിക്കാം. മാത്രമല്ല കുടലിൻ്റെ ആരോഗ്യത്തിനും ശരീരഭാരം കുറക്കാനും ഈ കിഴങ്ങിന് കഴിയുമെന്ന സവിശേഷതയുമുണ്ട്. ചിലതരം കാന്‍സര്‍ വരാതിരിക്കാനും മധുരക്കിഴങ്ങ് കഴിക്കുന്നത് ഉത്തമമാണ്. ദഹനം സുഖമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മധുരക്കിഴങ്ങ് മികച്ചതാണ്. കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്‌സ് ഉള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതിലെ ആന്‍റി ഓക്‌സൈഡുകള്‍ ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. കണ്ണിന്‍റെ കാഴ്ച കൂട്ടാനും മധുരക്കിഴങ്ങ് സഹായിക്കുന്നു. എല്ലാകാലത്തും മധുരക്കിഴങ്ങിന് ആവശ്യക്കാർ ഏറെയാണ്.

ആരോഗ്യ ഗുണങ്ങളും മറ്റും ഏറെയുള്ള സ്വീറ്റ് പോട്ടാറ്റോ കൃഷിയെ കുറിച്ചും കൃഷി രീതിയെ കുറിച്ചും പലർക്കും ശരിയായ ധാരണയില്ല. മധുരക്കിഴങ്ങ് കൃഷി വർഷം മുഴുവൻ ലാഭമാണെന്ന് പറഞ്ഞാലും തെറ്റില്ല. കാരണം വലിയ ചെലവോ അധ്വാനമോ കൂടാതെ തന്നെ നാല് മാസം കൊണ്ട് വിളവെടുക്കാൻ സാധിക്കും. കേരള കാര്‍ഷിക സര്‍വകലാശാലാ മുന്‍ ഡീനും അഗ്രോണമി വിദഗ്ദനുമായ പ്രൊഫസര്‍ ജോര്‍ജ്ജ് തോമസ് മധുരക്കിഴങ്ങ് കൃഷിയുടെ സാധ്യതകള്‍ ഇടിവി ഭാരതുമായി പങ്കുവെച്ചു.

എങ്ങിനെ കൃഷി ചെയ്യാം ?

കേരളത്തിലെ ഏത് കാലാവസ്ഥയ്‌ക്കും അനുയോജ്യമായി കൃഷി ചെയ്യാൻ സാധിക്കുമെന്നതാണ് മധുരക്കിഴങ്ങിൻ്റെ പ്രത്യേകത. അതിനാൽ തന്നെ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്താൽ പോലും നഷ്ടം വരില്ലെന്ന് സാരം. ആരോഗ്യപരിരക്ഷക്കുളള ഉത്തമഭക്ഷ്യവസ്തു എന്ന സ്ഥാനത്തേക്ക് എത്തി നില്‍ക്കുകയാണ് സ്വീറ്റ് പൊട്ടറ്റോ എന്നും ചക്കരക്കിഴങ്ങ് എന്നും വിളിക്കപ്പെടുന്ന മധുരക്കിഴങ്ങ്.

മഴയെ മാത്രം ആശ്രയിച്ച് രണ്ട് വിള കൃഷി ചെയ്യാം. കാലവര്‍ഷത്തേയും തുലാവര്‍ഷത്തെയും ആശ്രയിക്കുന്നവര്‍ക്ക് ജൂണ്‍ ജൂലൈ മാസത്തിലും സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തിലും മധുരക്കിഴങ്ങ് നടാം. കൃത്യമായ നന നല്‍കാമെങ്കില്‍ കര ഭൂമിയില്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലും മധുരക്കിഴങ്ങ് നടാം. മൂന്നാം വിള കൃഷി ചെയ്യുന്നില്ലെങ്കില്‍ നെല്‍പ്പാടങ്ങളിലും മധുരക്കിഴങ്ങ് കൃഷി ചെയ്യാം.

പൊതുവേ ഇതില്‍ വിറ്റാമിന്‍ അംശം കൂടുതലാണ്. ബീറ്റാ കരോട്ടിന്‍ അംശം കൂടുതലുള്ള കിഴങ്ങിനാണ് വലിയ ഡിമാന്‍ഡ്. നാടന്‍ ഇനങ്ങള്‍ക്ക് പുറമേ കേരളത്തില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ നിരവധി മധുരക്കിഴങ്ങ് ഇനങ്ങള്‍ ലഭ്യമാണ് . കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കാഞ്ഞങ്ങാട് ലോക്കല്‍, സിടി സിആര്‍ ഐയുടെ ശ്രീഅരുണ്‍, ശ്രീ വരുണ്‍, ശ്രീ ഭദ്ര, ശ്രീ കനക എന്നിവയൊക്കെ മികച്ച ഇനങ്ങളാണ്.

20-30 സെന്‍റീമീറ്റര്‍ നീളമുള്ള വള്ളിയുടെ നടുഭാഗം മണ്ണിലാക്കി 60 സെന്‍റീമീറ്റര്‍ വലുപ്പത്തില്‍ 25 സെന്‍റീമിറ്റര്‍ ഉയരത്തില്‍ കൂന കൂട്ടിയാണ് നടേണ്ടത്. 20-30 സെന്‍റീ മീറ്റര്‍ അകലത്തിലാണ് തൈകള്‍ ഊന്നേണ്ടത്. നടുമ്പോൾ വള്ളിയുടെ മദ്ധ്യഭാഗത്തെ മുട്ടുകൾ മണ്ണിൽ നന്നായി താഴ്ത്തി വേണം നടാൻ. കൂനകളിലാണ് നടുന്നതെങ്കിൽ കൂനകൾ തമ്മിൽ രണ്ടരയടി അകലം വേണം. കുമ്മായം ചാണകം കമ്പോസ്റ്റ് എന്നീ വളങ്ങളാണ് പ്രധാനമായും ഉപയോഗിക്കേണ്ടത്.

മരച്ചീനി പോലെ മാര്‍ക്കറ്റില്‍ നല്ല ഡിമാന്‍ഡ് ഉണ്ട്. വലിയ ഡിമാന്‍ഡാണ്. മരച്ചീനിയേക്കാള്‍ പോഷകം കൂടുതലാണ്. വിറ്റാമിനുകളും മിനറലുകളും കൂടുതലാണ്. മിക്കവരും മധുരക്കിഴങ്ങ് പുഴുങ്ങിക്കഴിക്കുകയാണ് ചെയ്യുന്നത്. കറിയുടെ ഭാഗമായി ഉപയോഗിക്കാം. മധുരക്കിഴങ്ങ് കൊണ്ട് മറ്റു വിഭവങ്ങള്‍ ഉണ്ടാക്കുന്നവരുമുണ്ട്. കാലിത്തീറ്റക്കും ഉപയോഗിക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും മധുരക്കിഴങ്ങിന്‍റെ ഉത്‌പ്പാദനം കേരളത്തില്‍ നന്നേ കുറവാണ്.

വര്‍ഷം വിള കൃഷി ചെയ്ത ഭൂമിയുടെ വിസ്തൃതി
2023-2024 മരച്ചീനി 60000 ഹെക്ടര്‍
2023- 2024 മധുരക്കിഴങ്ങ് 150 ഹെക്ടര്‍

”2023- 24 ല്‍ സംസ്ഥാനത്ത് 60000 ഹെക്‌ടര്‍ സ്ഥലത്ത് മരച്ചീനി കൃഷി ഉണ്ടായിരുന്നു. അതേസമയം 2023 24 ല്‍ 150 ഹെക്‌ടറിലായിരുന്നു മധുരക്കിഴങ്ങ് കൃഷി ചെയ്‌തത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ മേട്ടുപ്പാളയം പെരിയാകുളം, കര്‍ണാടകത്തിലെ ഗുണ്ടല്‍പ്പേട്ട് ബെലഗാം എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പ്രധാനമായും മധുരക്കിഴങ്ങ് എത്തുന്നത്. മൂന്നര നാല് മാസം കൊണ്ട് കൃഷി ചെയ്‌ത് വിളവെടുക്കാനാവും എന്നതു കൊണ്ടു തന്നെ കേരളത്തില്‍ അപാരമായ സാധ്യതയാണ് മധുരക്കിഴങ്ങ് കൃഷിക്കുള്ളത്.” പ്രൊഫസര്‍ ജോര്‍ജ്ജ് തോമസ് പറഞ്ഞു.

വിവിധ രീതിയില്‍ ഇഷ്ടമനുസരിച്ച് മധുരക്കിഴങ്ങ് കൊണ്ട് വിവങ്ങളുണ്ടാക്കാം. ഉപ്പിട്ടും അല്ലാതേയും പുഴുങ്ങി ക്കഴിക്കുന്നവരുണ്ട്. മധുരക്കിഴങ്ങും ശര്‍ക്കരയും ചേര്‍ത്തും കഴിക്കാം. ചിലര്‍ കറിയായും തോരനായും ഉപയോഗിച്ചു വരുന്നു. ഉത്തര കേരളത്തില്‍ ചെത്തി മുറിച്ച് കടലമാവില്‍ പൊരിച്ചെടുക്കുന്ന ശീലവും ഉണ്ട്. വൈകീട്ടെ ചായക്കൊപ്പം പലഹാരമായും മധുരക്കിഴങ്ങ് ഉപയോഗിച്ചു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here