എച്ച്ഐവി പ്രതിരോധ പ്രവർത്തനങ്ങൾ കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

0
2

ആഗോളതലത്തിൽ ഫണ്ട് വെട്ടിക്കുറച്ചത് എച്ച്ഐവി പ്രതിരോധ ശ്രമങ്ങളെ സാരമായി ബാധിച്ചതായി യുഎൻഎയ്ഡ്സ് (UNAIDS) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 2025-ൽ എച്ച്ഐവി അണുബാധ തടയാൻ സഹായിക്കുന്ന മരുന്നുകൾ സ്വീകരിച്ചവരുടെ എണ്ണത്തിൽ ഏകദേശം 1.2 ദശലക്ഷത്തിന്റെ കുറവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

നൈജീരിയ, കാമറൂൺ, ഉഗാണ്ട എന്നിവയുൾപ്പെടെ 62 രാജ്യങ്ങളിലായി 2025-ൽ ഏകദേശം 21 ലക്ഷം ആളുകൾക്ക് മാത്രമാണ് പ്രെപ്പ് (പ്രീ-എക്സ്പോഷർ പ്രോഫിലാക്സിസ്) പ്രതിരോധ മരുന്ന് ഒരു തവണയെങ്കിലും ലഭിച്ചത്. ഇത് 2024-ൽ 33 ലക്ഷമായിരുന്നു. ഇതനുസരിച്ച് പ്രതിരോധ മരുന്നുകളുടെ ലഭ്യതയിൽ 38% കുറവാണ് രേഖപ്പെടുത്തിയത്.

എച്ച്.ഐ.വി ബാധിതരല്ലെങ്കിലും, രോഗം വരാൻ ഉയർന്ന സാധ്യതയുള്ള ആളുകളാണ് ‘പ്രെപ്പ്’ മരുന്നുകൾ കഴിക്കുന്നത്. ഈ മരുന്ന് കൃത്യമായി ഉപയോഗിച്ചാൽ ഇത് അണുബാധയ്ക്കുള്ള സാധ്യത വലിയ തോതിൽ കുറയ്ക്കും. മറ്റൊരു പ്രധാന പ്രതിരോധ മാർഗ്ഗമായ കോണ്ടം വിതരണത്തിനുള്ള ഫണ്ടും ചില രാജ്യങ്ങളിൽ 90 ശതമാനത്തിലധികം വെട്ടിക്കുറച്ചിട്ടുണ്ട്.

കഴിഞ്ഞ ദശാബ്ദങ്ങളിലെ എയ്ഡ്സ് പ്രതിരോധത്തിൽ നേരിട്ട ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണിതെന്ന് വിശേഷിപ്പിച്ച യുഎൻഎയ്ഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ വിന്നി ബയാനിമ, എച്ച്.ഐ.വി പ്രതിരോധ പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണ് നിലവിൽ നേരിടുന്നതെന്ന് മുന്നറിയിപ്പ് നൽകി.

വരും വർഷങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകും

ഫണ്ട് വെട്ടിക്കുറച്ചതും, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കെതിരെ, പ്രത്യേകിച്ച് എൽ.ജി.ബി.ടി.ക്യു സമൂഹങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന നിയന്ത്രണങ്ങളും വിവേചനങ്ങളും അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ വരും വർഷങ്ങളിൽ കൂടുതൽ ആളുകളിലേക്ക് രോഗം വ്യാപിക്കാനും മരണങ്ങൾ സംഭവിക്കാനും സാധ്യതയുണ്ടെന്ന് അവർ മുന്നറിയപ്പ് നൽകി.

2025-ൽ ആഗോളതലത്തിൽ പുതിയ എച്ച്.ഐ.വി അണുബാധകളുടെ എണ്ണം നേരിയ തോതിൽ കുറവുണ്ടായിരുന്നു. എങ്കിലും, യഥാർത്ഥ ചിത്രം ഇനിയും വ്യക്തമല്ലെന്നാണ് യുഎൻഎയ്ഡ്സ് നൽകുന്ന മുന്നറിയിപ്പ്. കാരണം, രോഗബാധ ഏറ്റവും കൂടുതലുള്ള ചില രാജ്യങ്ങളിൽ എച്ച്.ഐ.വി പരിശോധനകളിൽ 22 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്.

ചികിത്സാ പദ്ധതി വിപുലീകരണം തുടരുന്നു

പ്രതിരോധ പ്രവർത്തനങ്ങൾ വെല്ലുവിളികൾ നേരിടുമ്പോഴും, ചികിത്സാ പദ്ധതികൾ വിപുലീകരിക്കുന്നത് പുരോഗമിക്കുന്നുണ്ട്. 2025 അവസാനത്തോടെ, ഏകദേശം 3.21 കോടി ആളുകൾക്ക് ആന്റിറെട്രോവൈറൽ തെറാപ്പി ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 2.7 ശതമാനം കൂടുതലാണ്.

ഫണ്ട് വെട്ടിക്കുറച്ചതിനെത്തുടർന്ന് ഭയപ്പെട്ടിരുന്ന ഏറ്റവും മോശം സാഹചര്യം ഒഴിവാക്കാൻ പല രാജ്യങ്ങളും തദ്ദേശീയമായി കൂടുതൽ തുക ചിലവഴിച്ചത് സഹായകരമായിട്ടുണ്ടെന്ന് യുഎൻഎയ്ഡ്സ് അറിയിച്ചു. എങ്കിലും, എച്ച്.ഐ.വി പ്രതിരോധത്തിൽ ദീർഘകാലമായി വലിയ സംഭാവന നൽകിയിരുന്ന പ്രാദേശിക കമ്മ്യൂണിറ്റി സംഘടനകൾ അടച്ചുപൂട്ടുന്നതിൽ ഏജൻസി കടുത്ത ആശങ്കയിലാണ്. ന്യൂയോർക്കിൽ ഈ മാസം അവസാനം നടക്കുന്ന എച്ച്ഐവി എയ്ഡ്‌സിനെ കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗത്തിന് മുന്നോടിയായാണ് ഈ കണ്ടെത്തലുകൾ പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here