തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി സർവീസുകളിലെ സൗജന്യ യാത്രയ്ക്കായി സീറോ ടിക്കറ്റ് എടുക്കുന്നവർക്ക് അപകടം പറ്റിയാൽ ഇൻഷുറൻസ് കിട്ടുമോയെന്ന ചോദ്യമുയരുന്നു. വില നൽകി വാങ്ങിയ ടിക്കറ്റില്ലെങ്കിൽ ഇൻഷൂറൻസ് ക്ലെയിമുകൾ തള്ളാനുള്ള സാധ്യതയാണ് ഉന്നയിക്കപ്പെടുന്നത്. മുൻ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അടക്കമുള്ളവർ ഈ പ്രശ്നം ഉന്നയിക്കുന്നുണ്ട്.
ഈ വിഷയത്തിൽ പരിശോധന വേണമെന്ന് ഗണേഷ് കുമാര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ടിക്കറ്റ് ഇല്ലാത്ത സാഹചര്യത്തിൽ അപകടം സംഭവിച്ചാൽ ഇൻഷുറൻസ് ലഭിക്കില്ല എന്നൊരു വാദം ഉയരാൻ സാധ്യതയുണ്ടെന്നും, അതിനാൽ സ്ത്രീകൾക്ക് അപകടം സംഭവിച്ചാലും ഇൻഷുറൻസ് ലഭിക്കത്തക്ക രീതിയിലുള്ള ക്രമീകരണം സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സർക്കാരിനെ കുറ്റപ്പെടുത്താൻ പറയുന്നതല്ലെന്നും മറിച്ച് അർഹമായ ആനുകൂല്യം സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കെഎസ്ആർടിസിയിലെ ബസുകൾ വാങ്ങിയതിൽ വലിയ അഴിമതി നടന്നുവെന്ന പ്രചാരണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. വ്യാജ വാർത്തകൾ ചമയ്ക്കുന്നത് മാധ്യമ ധർമ്മത്തിന് ചേരുന്നതല്ലെന്നും തെറ്റായ വാർത്തയാണ് ഒരു മാധ്യമം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ആ വാർത്തയിൽ കാണിച്ച രേഖകൾ വ്യാജമാണെന്നും ഗണേഷ് കുമാർ കണക്കുകൾ നിരത്തി വ്യക്തമാക്കി.
അതെസമയം ജൂൺ 15 രാവിലെ 9 മുതൽ സംസ്ഥാനത്ത് ഓർഡിനറി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമായിരിക്കുകയാണ്. സിറ്റി ബസ്സുകളിലും ദീർഘദൂര ബസ്സുകളിലും ഈ സൗജന്യം ലഭിക്കില്ല. ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് സ്ത്രീകൾക്ക് വലിയ ആശ്വാസമേകുന്ന പദ്ധതിയെന്ന നിലയിൽ സർക്കാരിന്റെ നടപടി പ്രകീർത്തിക്കപ്പെടുന്നുണ്ട്. കൂടാതെ പൊതുഗതാഗതത്തെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കാൻ ഈ നീക്കം വഴിയൊരുക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതെസമയം ഈ പദ്ധതി കെഎസ്ആർടിസിയെ തകർക്കുമെന്ന് വാദിക്കുന്നവരുമുണ്ട്. സർക്കാരാണ് പദ്ധതിയുടെ ബാധ്യത ഏറ്റെടുക്കുക. വർഷത്തിൽ 800 കോടിയോളം രൂപയുടെ ബാധ്യത സർക്കാരിന് വരുത്തിവെക്കും ഈ പദ്ധതി.








