ഷിഗെല്ല (Shigella). ( ഷിഗെല്ലോസിസ് )

0
37

ഇ. കോളിയുമായി ജനിതകമായി അടുത്ത ബന്ധമുള്ള ബാക്ടീരിയയുടെ ഒരു ജനുസ്സാണ് ഷിഗെല്ല. ഇതൊരു ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയയാണ്. 1897-ൽ ജാപ്പനീസ് മൈക്രോബയോളജിസ്റ്റ് ആയ ‘കിയോഷി ഷിഗ’ ആണ് ഈ രോഗാണുവിനെ തിരിച്ചറിഞ്ഞത്. അക്കാലത്ത് ജപ്പാനിൽ പൊട്ടിപ്പുറപ്പെട്ട ചുവന്ന വയറിളക്കം എന്ന അസുഖത്തെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങളിൽ നിന്നാണ് അദ്ദേഹത്തിന് ഈ രോഗാണുവിനെ തിരിച്ചറിയാനായത്. അന്ന് അദ്ദേഹം ഇതിന് നൽകിയത് ‘ബാസില്ലസ് ഡിസെൻറ്രിയേ’ എന്ന നാമം ആയിരുന്നെങ്കിലും പിന്നീട് 1930 അത് ‘ഷിഗല്ല’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

കുടലിനെ ബാധിക്കുന്ന ഒരു മാരകമായ ബാക്ടീരിയ അണുബാധയാണ് ഷിഗെല്ല (Shigella). ഇത് ഷിഗെല്ലോസിസ് എന്നും അറിയപ്പെടുന്നു. വളരെ കുറഞ്ഞ അളവിൽ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാൽപ്പോലും രോഗം വരാം. മലിനമായ വെള്ളം, ഭക്ഷണം, അല്ലെങ്കിൽ രോഗബാധിതരുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്.

പ്രധാന ലക്ഷണങ്ങൾ :
    • കഫമോ രക്തമോ കലർന്ന വയറിളക്കം
    • കടുത്ത വയറുവേദനയും ഛർദ്ദിയും
    • ഉയർന്ന പനി (38-40°C)
    • മലവിസർജ്ജനം കഴിഞ്ഞാലും വീണ്ടും തോന്നുന്ന അസ്വസ്ഥത (Tenesmus) 

വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം.രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. എല്ലാ ഷി​ഗെല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. രണ്ടുദിവസം മുതൽ ഏഴു ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു.
പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം “ഷോക്ക്” എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളിൽ ജന്നി വരാനുള്ള സാധ്യതയും അധികമാണ്. തുടർച്ചയായ വയറിളക്കം റെക്ടൽ പ്രൊലാപ്സിലേക്ക് (വൻകുടലിൻറെ ഉള്ളിലെ ശ്ലേഷ്മസ്തരം മലദ്വാരത്തിലൂടെ പുറത്തേക്ക് തള്ളി ഇറങ്ങുന്ന അവസ്ഥ) നയിച്ചേക്കാം. കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം അപൂർവം ചില ആളുകളിൽ ഈ രോഗം ഹീമോലിറ്റിക് യൂറീമിക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കുന്നത് വഴി വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. മറ്റുചിലരിൽ വൻകുടലിൻറെ ചലനശേഷി നഷ്ടപ്പെട്ട് അതിനുള്ളിൽ രോഗാണു പെറ്റു പെരുകി പഴുപ്പ് വയറിനു ഉള്ളിലേക്ക് ബാധിച്ച് പെരിടോണിറ്റിസ് എന്ന അവസ്ഥയിലേക്കു നയിക്കാം.
പ്രതിരോധവും ചികിത്സയും :
    • ശുചിത്വം: ടോയ്‌ലറ്റിൽ പോയ ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുൻപും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.
    • ഭക്ഷണവും വെള്ളവും: തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
    • ജലാംശം: വയറിളക്കം മൂലം ശരീരത്തിലുണ്ടാകുന്ന നിർജ്ജലീകരണം തടയാൻ ധാരാളം ഉപ്പുവെള്ളമോ ORS ലായനിയോ കുടിക്കുക.

രോഗലക്ഷണങ്ങൾ കണ്ടാ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here