സ്ത്രീകൾക്കിത് ഔദാര്യമല്ല, ആദരവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ: കെഎസ്ആർടിസിയിൽ സൗജന്യയാത്ര; ചരിത്രം കുറിച്ച് യുഡിഎഫ് സർക്കാർ

0
3

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയൊരുക്കുന്ന യുഡിഎഫ് സർക്കാരിൻ്റെ ‘പ്രിയദർശനി’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിട്ടുള്ളത്.

യുഡിഎഫ് സർക്കാർ സ്ത്രീകളെ ആദരിക്കുന്നതിൻ്റെ ഭാഗമായാണ് പ്രിയദർശനി പദ്ധതി ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. അധികാരത്തിലേറി ഒരുമാസം കഴിയുന്നതിന് മുൻപ് ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനം നിറവേറ്റാൻ സർക്കാരിന് കഴിഞ്ഞു. ഇത് പ്രിയദർശിനി പദ്ധതിയുടെ ഒന്നാംഭാഗം മാത്രമാണ്. സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ല ഇതെന്നും ഇതിൻ്റെ ഭാഗമായി വലിയ സാമൂഹിക, സാമ്പത്തിക മാറ്റങ്ങൾ സംസ്ഥാനത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

യാത്രാ ചെലവുകൾ ഒഴിവാക്കുന്നത് സ്ത്രീകളുടെ തൊഴിൽ, വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭക പ്രവർത്തനങ്ങൾ എന്നിവയിൽ കൂടുതൽ പങ്കാളിത്തം കൊണ്ടുവരും. അധിക വരുമാനത്തിനായി സർക്കാർ 800 കോടിയോളം രൂപയാണ് ചെലവിടുന്നത്.

സ്വകാര്യ സർവീസുകൾ ഇനി പൊതുഗതാഗത സംവിധാനത്തിൻ്റെ ഭാഗമാണെന്നും അവർ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അവർക്ക് മുന്നോട്ടുവരാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ചെയ്തുനൽകും. പൊതുഗതാഗത സംവിധാനം മെച്ചപ്പെട്ടാൽ സ്വകാര്യ വാഹന ഉപയോഗവും നിരത്തുകളിലെ തിരക്കും കുറയ്ക്കാനാകും. ഇതിനായി സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ചുള്ള സംവിധാനം സർക്കാർ ആലോചിക്കുന്നുണ്ട്.

പദ്ധതിക്കെതിരെയുള്ള മെൻസ് അസോസിയേഷൻ്റെ പ്രതിഷേധം രസകരമാണെന്നും താൻ പുരുഷ വിരോധിയല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ കൈയിൽ ബാക്കിവരുന്ന പണം വീട്ടിലെത്തുമ്പോൾ പുരുഷന്മാരുടെ കൈയിലെത്തിയാൽ അത് സർക്കാരിലേക്ക് തന്നെ മടങ്ങിയെത്തുമെന്നും കുടുംബത്തിന് നല്ലത് സ്ത്രീകളുടെ കൈയിൽ പണമെത്തുന്നതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സ്ത്രീ, ട്രാൻസ്‌ജെൻഡർ പ്രതിനിധികൾക്ക് ടിക്കറ്റ് നൽകിയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്.

കെഎസ്ആർടിസിയെ കൂടുതൽ ജനകീയവത്കരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി സി പി ജോൺ പറഞ്ഞു. നിലവിൽ 5700ഓളം ബസുകൾ സംസ്ഥാനത്തുണ്ട്. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ പദ്ധതികൾ നടപ്പാക്കും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസുകൾ സ്പോൺസർ ചെയ്യാൻ അവസരമുണ്ടാകും.

സംസ്ഥാനത്തെ 93 ബസ് ഡിപ്പോകളിലും വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ അടങ്ങിയ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രി കെ എ തുളസി, എംഎൽഎമാരായ എം വിൻസൻ്റ്, എൻ ശക്തൻ, ചീഫ് സെക്രട്ടറി എ ജയതിലക്, ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമ തുടങ്ങിയവർ പങ്കെടുത്തു.

തമ്പാനൂർ ബസ് സ്റ്റാൻഡിൽനിന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാൾ വരെയായിരുന്നു പദ്ധതിയുടെ ആദ്യ യാത്ര. കെഎസ്ആർടിസിയിലെ ആദ്യ വനിത ഡ്രൈവറായ വി പി ഷീലയാണ് ഈ ചരിത്ര യാത്രയ്ക്ക് ചുക്കാൻ പിടിച്ചത്. പിഎസ്‌സി വഴി നിയമിതയായി 13 വർഷം മുൻപ് ജോലിയിൽ പ്രവേശിച്ച ഷീല നിലവിൽ പെരുമ്പാവൂർ ഡിപ്പോയിലാണ് പ്രവർത്തിക്കുന്നത്.

ജയകുമാരിയായിരുന്നു കണ്ടക്ടർ. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിൻ്റ് ടു പോയിൻ്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് എൽഎസ്, ടൗൺ ടു ടൗൺ എന്നീ വിഭാഗങ്ങളിലാണ് സൗജന്യ യാത്ര ലഭിക്കുക. ഈ ബസുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. ഡ്രൈവറുടെ കാഴ്ച മറയ്ക്കാത്ത രീതിയിൽ ബസിൻ്റെ മുൻവശത്തെ ചില്ലിലും രണ്ട് വാതിലുകളുടെയും വശങ്ങളിലുമായാണ് സ്റ്റിക്കറുകൾ പതിപ്പിച്ചിരിക്കുന്നത്.

ടിക്കറ്റ് മെഷീൻ വഴി സീറോ ടിക്കറ്റ്
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരൻ്റികളുടെ ഭാഗമായ പദ്ധതി ജൂൺ 15 മുതൽ സംസ്ഥാനത്തുടനീളം ലഭ്യമാകും. വരുമാനം, സാമൂഹിക നില തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിക്കാതെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രയ്ക്ക് അർഹതയുണ്ട്. ഇതിനായി പ്രത്യേകം കാർഡുകളോ സർട്ടിഫിക്കറ്റുകളോ രജിസ്ട്രേഷനോ ആവശ്യമില്ല. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വഴി കണ്ടക്ടർമാരിൽനിന്ന് സീറോ ടിക്കറ്റാണ് ലഭിക്കുക. ടിക്കറ്റിങ് സംവിധാനം ഓരോ യാത്രയിലും ഡിജിറ്റലായി രേഖപ്പെടുത്തും.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകുന്ന മുഴുവൻ സാമ്പത്തിക ബാധ്യതയും സംസ്ഥാന സർക്കാർ വഹിക്കും. കെഎസ്ആർടിസിയുടെ കരാർ ബാധ്യതകളെയും ദൈനംദിന പ്രവർത്തന ചെലവുകളെയും ബാധിക്കാതിരിക്കാൻ കൃത്യമായ സാമ്പത്തിക മാനേജ്മെൻ്റ് സംവിധാനം നടപ്പിലാക്കും. ശമ്പളത്തിനും പെൻഷനുമായി പ്രതിവർഷം 1500 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നുണ്ടെന്നും പദ്ധതിക്കുള്ള അധിക വിഹിതം അതിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയ ശേഷം ഭാവിയിൽ പദ്ധതി വിപുലീകരിക്കാനാണ് സർക്കാരിൻ്റെ തീരുമാനം.

പ്രതിഷേധവുമായി പ്രതിപക്ഷം
പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും രംഗത്തെത്തി. തെരഞ്ഞെടുപ്പ് വേളയിൽ എല്ലാ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു യുഡിഎഫിൻ്റെ വാഗ്ദാനമെന്നും എന്നാൽ ഇപ്പോൾ ഓർഡിനറി ബസുകളിൽ മാത്രമായി ഇത് ചുരുക്കിയെന്നുമാണ് പ്രധാന ആരോപണം.

സംസ്ഥാനത്ത് ആകെയുള്ള ബസുകളിൽ ആയിരത്തിൽ താഴെ മാത്രമാണ് ഓർഡിനറി ബസുകളുള്ളതെന്നും അതിനാൽ ഈ പദ്ധതി ജനങ്ങളെ കബളിപ്പിക്കാനാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ഇടതുപക്ഷം ഉദ്ഘാടന ചടങ്ങ് പൂർണമായും ബഹിഷ്കരിച്ചു. സ്ത്രീകൾക്ക് സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുന്നത് തടയാൻ നിരവധി ഓർഡിനറി ബസുകളുടെ ബോർഡുകൾ മാറ്റി സിറ്റി ഫാസ്റ്റ് എന്നാക്കിയതായി ബിജെപിയും ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലേക്കും ബിജെപി മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here