കോഴിക്കോട്: ഓപ്പറേഷൻ തൂഫാനിൽ ലഹരി മാഫിയകളെ തൂക്കിയെടുക്കാൻ തുടങ്ങിയതോടെ ഗ്രാമ നഗരവ്യത്യാസമില്ലാതെ ലഹരി സംഘങ്ങൾ പിടിയിലാവാൻ തുടങ്ങി. ഇന്ന് പുലർച്ചെമാത്രം പത്ത് ലക്ഷം രൂപയുടെ ലഹരി ഉൽപ്പന്നങ്ങളാണ് കോഴിക്കോട് ഡാൻസാഫിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ഡാൻസാഫിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന (ETV Bharat)
കോഴിക്കോട് പന്തീരാങ്കാവ് സമീപം ദേശീയപാതയിലെ ടോൾ പ്ലാസയിൽ ഇന്നു പുലർച്ചെ ഡാൻസാഫ് നടത്തിയ വാഹന പരിശോധനയിൽ കാറിൽ കൊണ്ടുവരികയായിരുന്ന ഹാൻസ് കൂൾ എന്നിവയാണ് പിടികൂടിയത്. കാറിൽ ഉണ്ടായിരുന്ന മംഗലാപുരം സ്വദേശി അബ്‌ദുസക്കീറിനെ കസ്‌റ്റഡിയിൽ എടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ മൈസൂരുവിൽ നിന്നുംവാങ്ങിച്ചശേഷം കോഴിക്കോട് വഴി എറണാകുളത്തേക്ക് കൊണ്ടുപോകുന്നതാണ് പിടിച്ചെടുത്ത ഹാൻസ് എന്നാണ് ഇയാൾ അറിയിച്ചത്.
മാസത്തിൽ ഏകദേശം എട്ട് തവണയോളം ഇത്തരത്തിൽ ലഹരികൊണ്ടു പോകാറുണ്ടെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. എറണാകുളത്തെ വിവിധ ഇടങ്ങളിൽ എത്തിച്ചശേഷം കച്ചവടക്കാർക്കും കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർക്കും കൈമാറുന്നതാണ് ഇയാളുടെ രീതി. ആർക്കൊക്കെയാണ് ഹാൻസ് കൈമാറുന്നതെന്ന വിവരംപ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ പോലീസിന് വ്യക്തമായിട്ടുണ്ട്.
പുലർച്ചെ ഇയാൾ സഞ്ചരിച്ച കാർ ഡാൻസാഫിൻ്റെ നേതൃത്വത്തിൽ തടഞ്ഞു നിർത്തിയ ശേഷം കാറിനകത്ത് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ചാക്കുകളിൽ ആക്കികാറിൻ്റെ ഡിക്കിയിലും സീറ്റിനടിയിലും വെച്ച നിലയിലായിൽ ഹാൻസ് പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു. പ്രതിയെ പന്തീരാങ്കാവ് പോലീസിന് കൈമാറി. കൂടാതെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
വരുംദിവസങ്ങളിലും രാപ്പകൽ വ്യത്യാസം ഇല്ലാതെ ലഹരിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഡാൻസാഫ് എസ് ഐ മനോജ് എടയേടത്ത് അറിയിച്ചു. കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരിമാഫിയയുടെ ആധിപത്യം തടയുന്നതിനുവേണ്ടി കേരള പൊലീസ് നടപ്പിലാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ.
കേരളത്തിൽ ഇതിനോടകം പല സ്ഥലങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് വിലവരുന്ന ലഹരി വസ്‌തുക്കൾ പൊലീസ് പിടിക്കൂടിയിട്ടുണ്ട്. വിവിധ ജില്ലകളിൽ പ്രത്യേകം സംഘം തിരിഞ്ഞ് നടത്തുന്ന പരിശോധനയിൽ സ്‌കൂൾ വിദ്യാർഥികൾ അടക്കം നിരവധി ആളുകളെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തുട്ടുണ്ട്. ഇനിയും അന്വേഷണം ശക്തമാക്കുമെന്നും ലഹരിക്കെതിരെ വലിയ പോരട്ടം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ, പത്തനംതിട്ട, പലക്കാട് തുടങ്ങിയ ജില്ലകളിൽ നിന്നും പൊലീസ് സമനമായ രീതിയിൽ ലഹരി വസ്‌തുക്കൾ പിടിക്കുടിയിരുന്നു. മങ്കരയിൽ പൊലീസ് നടത്തിയ ലഹരി വേട്ടയിൽ പിടികൂടിയത് ചാക്കുകണക്കിന് പാന്‍ മസാലയായിരുന്നു. മങ്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മാങ്കുറിശ്ശിയിലാണ് ലോറിയുടെ പിറക് വശം നിറയെ പാന്‍ മസാലകയും ഹാന്‍സും കണ്ടെത്തിയത്.







