ലോകകപ്പ് ഫുട്ബോൾ ആരംഭിച്ചതോടെ പ്രധാനപ്പെട്ട മത്സരങ്ങളുടെ വിലയിരുത്തലുകളുമായി അർജൻ്റിനോസ് ജൂനിയേഴ്‌സ് മുഖ്യ പരിശീലകൻ അലെജാൻഡ്രോ ലിനോ ഇനി ഇടിവി ഭാരതിനൊപ്പം ഉണ്ടാകും. മെക്സിക്കോ ദക്ഷിണാഫ്രിക്ക ഉദ്ഘാടന മത്സരത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
ആദ്യ മത്സരം വിജയിച്ചെങ്കിലും ആതിഥേയരായ മെക്സിക്കോ ഇനിയും ഒരുപാട് ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. എ ഗ്രൂപ്പ് വിജയികളായി മുന്നോട്ടുപോകാൻ ഈ പ്രകടനം പോര എന്നാണ് പൊതുവെയുള്ള അഭിപ്രായം. 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളിലൊന്നായ മെക്സിക്കോയ്ക്ക് സ്വന്തം കാണികൾക്ക് മുന്നിൽ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഒൻപത് പേരെ വച്ച് ദുർബലമായി കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള അവരുടെ മത്സരത്തിൽ നിന്ന് അതാണ് വ്യക്തമാകുന്നത്.
ആക്രമണത്തോടെ തുടക്കം
മെക്സിക്കോ അവരുടെ ലോകകപ്പ് കുതിപ്പ് ആരംഭിച്ചത് 4-3-3 എന്ന ശൈലിയിലാണ്. ആക്രമണാത്മകമായ പ്രകടനത്തോടെയാണ് അവർ തുടങ്ങിയത്. പ്രതിരോധത്തിനും മധ്യനിരയ്ക്കും ഇടയിൽ പന്ത് നഷ്ടപ്പെടുമ്പോഴെല്ലാം അവരെ സഹായിച്ചത് എറിക് ലിറയായിരുന്നു. അതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ഇടതു വലത് വിങ്ങിലൂടെ ശക്തമായ മുന്നേറ്റം നടത്തി അവർ ദക്ഷിണാഫ്രിക്കയെ തുടക്കത്തിൽ തന്നെ നിരന്തരം ഞെട്ടിച്ചു. ദക്ഷിണാഫ്രിക്കൻ താരങ്ങളെ പൂർണമായും പ്രതിരോധത്തിലാക്കാൻ അവർക്ക് കഴിഞ്ഞു. ഇതിനിടയിൽ നിരന്തരമുള്ള ആക്രമണങ്ങൾക്കൊടുവിൽ ജൂലിയൻ ക്വിയോൺസ് മെക്സിക്കോയ്ക്കായി വല കുലുക്കി.
ദക്ഷിണാഫ്രിക്കയുടെ പ്രതിരോധ നിരയിലെ ഒരു വലിയ പിഴവ് അദ്ദേഹം മുതലെടുക്കുകയായിരുന്നു. പെനാൽറ്റി ബോക്സിൻ്റെ അരികിൽ നിന്ന് തന്നെ മനോഹരമായ ഒരു ഫിനിഷിങ്ങിലൂടെയാണ് ഗോൾ നേടിയത്. ഇതോടെ സ്കോർ 1-0 ആയി മാറി. തികച്ചും അർഹതപ്പെട്ട ഗോൾ തന്നെയായിരുന്നു അത്. എന്നാൽ ഗോളിന് തൊട്ടുപിന്നാലെ മെക്സിക്കോ വലിയ പിഴവുകൾ വരുത്തിവച്ചു. അപകടമില്ലാത്തവിധം പന്ത് സ്വന്തം പകുതിയിൽ വച്ചപ്പോൾ കളിയുടെ വേഗത കുറഞ്ഞു. ലക്ഷ്യം കാണാത്ത ചില മുന്നേറ്റങ്ങൾ അവർ നടത്തിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ അഞ്ച് പേർ അടങ്ങുന്ന പ്രതിരോധ നിര അതെല്ലാം തകർത്തു.
വിരസമായ രണ്ടാം പകുതി
ജെയ്‌ഡൻ ആഡംസും ഖുലിസോ മുഡാവുവും ദക്ഷിണാഫ്രിക്കൻ ടീമിനെ മധ്യനിരയിൽ നിന്ന് ശക്തിപ്പെടുത്താൻ പരമാവധി ശ്രമിച്ചു. എന്നാൽ ഫിനിഷിങ്ങിൽ അവരുടെ സ്‌ട്രൈക്കർ ലൈൽ ഫോസ്റ്റർ പൂർണമായും പരാജയപ്പെട്ടു. സത്യത്തിൽ മെക്സിക്കോ സുരക്ഷിതമായ കളി പുറത്തെടുത്തപ്പോഴും അത് ഏത് സമയവും അപകടകരമായ ഒരു കളിയായി മാറുമായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് അതിനുള്ള കരുത്ത് ഉണ്ടായിരുന്നില്ല. രണ്ടാം പകുതി സത്യസന്ധമായി പറഞ്ഞാൽ അതിൻ്റെ 90 ശതമാനവും വിരസമായിരുന്നു.
മെക്സിക്കോ കാര്യമായ നീക്കങ്ങൾ ഒന്നും സൃഷ്ടിക്കാതെ പന്ത് കൈവശം വയ്ക്കാൻ ശ്രമിച്ചു. അതേസമയം ദക്ഷിണാഫ്രിക്ക ആക്രമണം നടത്തിക്കൊണ്ടിരുന്നു. അതിനിടയിൽ വരുത്തിവച്ച ഫൗളുകളിലൂടെ അവരുടെ രണ്ട് കളിക്കാർക്ക് പുറത്തുപോകേണ്ടി വന്നു. ദക്ഷിണാഫ്രിക്ക പൂർണമായും ക്രമരഹിതമായി ഒൻപത് പേരായി ചുരുങ്ങിയപ്പോൾ മെക്സിക്കോ അവിശ്വസനീയമാം വിധം അലസമായ പ്രതിരോധത്തിൻ്റെ ആനുകൂല്യം മുതലെടുത്തു. മെക്സിക്കോയുടെ സെൻ്റർ ഫോർവേഡ് പൂർണമായും മാർക്ക് ചെയ്യപ്പെടാതെയായി.
ഒരു ക്രോസിൽ നിന്നും ഒൻപതാം നമ്പർ കളിക്കാരൻ അത് കൃത്യമായി ഉപയോഗപ്പെടുത്തി. ഒരു സാധാരണ പരിശീലന സെഷൻ പോലെ തോന്നിക്കുന്ന ഒരു ഗോളായിരുന്നു അത്. ഇതോടെ സ്കോർ 2-0 ആയി ഉയർന്നു. അതോടെ തിരിച്ചുവരാമെന്ന പ്രതീക്ഷ ദക്ഷിണാഫ്രിക്ക പൂർണമായും കൈവിട്ട അവസ്ഥയിലായി. അവിടെയും എല്ലാം നിയന്ത്രണത്തിൽ ആയിരുന്നിട്ടും അവസാന മിനിറ്റുകളിൽ മെക്സിക്കോയ്ക്ക് അബധം പിണഞ്ഞു. വലത് വിങ്ങിലൂടെ ഒറ്റയ്ക്ക് കയറിവന്ന ദക്ഷിണാഫ്രിക്കൻ താരത്തെ മെക്സിക്കൻ ക്യാപ്റ്റൻ കാലുവച്ച് വീഴ്ത്തി.
ഇതിന് പിന്നാലെ ചുവപ്പുകാർഡ് കണ്ട് അദ്ദേഹത്തിന് പുറത്തേക്ക് പോകേണ്ടി വന്നു. ലോകകപ്പ് ഫുട്ബോളിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാവാം ഉദ്ഘാടന മത്സരത്തിൽ മൂന്ന് ചുവപ്പുകാർഡ് ലഭിക്കുന്നത്. ആ ഒരു നിരാശയോടെ ആതിഥേയർ മൂന്ന് പോയിൻ്റ് നേടിയെങ്കിലും മെക്സിക്കോയ്ക്ക് ഈ ഗ്രൂപ്പിൽ ഒന്നാമതെത്താനും ടൂർണമെൻ്റിൽ കൂടുതൽ ദൂരം പോകാനും ആഗ്രഹമുണ്ടെങ്കിൽ അവർ ഇനിയും ഒരുപാട് ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. അടുത്ത മത്സരങ്ങളിൽ ഫുട്ബോൾ പ്രേമികൾ കാണാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രകടനങ്ങൾ പുറത്തുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.





