വെനസ്വേലയിൽ ഫീൽഡ് ആശുപത്രി സജ്ജമാക്കി ഇന്ത്യ;

0
2

കരാക്കസ്: വെനസ്വേലയിൽ വൻ നാശം വിതച്ച ഇരട്ട ഭൂചലനത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ (Operation Amistad). ജൂൺ 24നുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1,719 ആയി ഉയർന്ന സാഹചര്യത്തിൽ ഇന്ത്യ വെനസ്വേലയ്ക്കുള്ള മാനുഷിക സഹായം ഊർജിതമാക്കി. തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്.

വെനസ്വേലൻ അധികൃതർ തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം അയ്യായിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പന്ത്രണ്ടായിരത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കാണാതായവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കെട്ടിടങ്ങൾ തകർന്നുവീണും മറ്റും വൻ നാശനഷ്ടമാണ് രാജ്യത്തുണ്ടായത്. ദുരന്തബാധിതർക്ക് ആശ്വാസമേകാൻ ഇന്ത്യയുടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയതായി വെനസ്വേലയിലെ ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു.

സഹായവുമായി വ്യോമസേന
ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിലാണ് വെനസ്വേലയിലേക്ക് സഹായം എത്തിച്ചത്. 41 അംഗ രക്ഷാപ്രവർത്തക സംഘം, ഇന്ത്യൻ കരസേനയുടെ ഫീൽഡ് ആശുപത്രി, 30 ടൺ ദുരിതാശ്വാസ സാമഗ്രികൾ, ആറ് ടൺ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ അത്യാധുനിക സൗകര്യങ്ങളുള്ള രണ്ട് ഭീഷ്മ (BHISHM) ക്യൂബ് പോർട്ടബിൾ ആശുപത്രികളും രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്. ദുരന്തമുഖത്ത് അതിവേഗം സജ്ജമാക്കാൻ കഴിയുന്നവയാണ് ഭീഷ്മ ക്യൂബ് ആശുപത്രികൾ. വെനസ്വേലൻ അധികൃതരുമായി ചേർന്ന് ഇന്ത്യൻ മെഡിക്കൽ സംഘം അടിയന്തര വൈദ്യസഹായം നൽകുകയും തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കുചേരുകയും ചെയ്യുന്നുണ്ട്.

കരാക്കസിൽ ഫീൽഡ് ആശുപത്രി
തലസ്ഥാനമായ കരാക്കസിലാണ് ഇന്ത്യ സമഗ്രമായ ഫീൽഡ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. ട്രോമ കെയർ, ശസ്ത്രക്രിയ, ദന്തചികിത്സ, ട്രയാജ്, ലബോറട്ടറി, എക്സ്-റേ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ക്യാപിറ്റൽ ഡിസ്ട്രിക്ട് ഗവൺമെൻ്റ് മേധാവി നഹും ഫെർണാണ്ടസ്, ഇന്ത്യൻ അംബാസഡർ പി കെ അശോക് ബാബു എന്നിവർ ചേർന്നാണ് ആശുപത്രിയുടെ പ്രവർത്തനം വിലയിരുത്തിയത്. 41 ആരോഗ്യ പ്രവർത്തകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ഏഷ്യ, മിഡിൽ ഈസ്റ്റ്, ഓഷ്യാനിയ എന്നിവയുടെ ചുമതലയുള്ള ഡെപ്യൂട്ടി മന്ത്രി ആൻഡ്രിയ കൊറാവോ ഫാരിയ ഇന്ത്യൻ കരസേനയുടെ മെഡിക്കൽ ക്യാമ്പ് സന്ദർശിക്കുകയും ഇന്ത്യയുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വസ്തനായ ആദ്യ പ്രതികരണക്കാരനായി ഇന്ത്യ തുടരുകയാണെന്ന് പനാമ, നിക്കരാഗ്വ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികൾ വ്യക്തമാക്കി. ‘വസുധൈവ കുടുംബകം’ എന്ന ആശയത്തിലൂന്നി വെനസ്വേലൻ ജനതയോടൊപ്പം തോളോടുതോൾ ചേർന്ന് നിൽക്കുമെന്നും സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ഇന്ത്യ ഉറപ്പുനൽകി. ഇന്ത്യയുടെ ഈ മാനുഷിക ഇടപെടൽ അന്താരാഷ്ട്ര തലത്തിലുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കരുത്തേകുമെന്നും, തങ്ങളുടെ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും വെനസ്വേലൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here